ഇന്ത്യൻ വിപണിയിൽ നിന്നും ടൊയോട്ട മോട്ടോർസ് മൂന്ന് മോഡലുകളെ തിരിച്ചുവിളിക്കുന്നു; നിങ്ങളുടെ വാഹനം ഉൾപ്പെട്ടിട്ടുണ്ടോ?
text_fieldsപ്രതീകാത്മക ചിത്രം
ടൊയോട്ട കിർലോസ്കർ മോട്ടോർ, ഇന്ത്യൻ വിപണികളിൽ വിൽപ്പന നടത്തിയ ആഡംബര വാഹനങ്ങൾ തിരിച്ചുവിളിക്കാൻ ഒരുങ്ങുന്നതായി റിപോർട്ടുകൾ. വിപണിയിൽ എത്തിച്ച കാമ്രി, വെൽഫയർ, ലാൻഡ് ക്രൂയിസർ എന്നീ മോഡലുകളാണ് കമ്പനി തിരിച്ചുവിളിക്കുന്നത്. പാർക്കിങ് അസിസ്റ്റൻസിൽ ഉൾപ്പെടുന്ന ഇലക്ട്രോണിക് കണ്ട്രോൾ യൂനിറ്റിലെ തകരാറുകൾ മുകളിൽ സൂചിപ്പിച്ച മൂന്ന് മോഡലുകളിൽ കമ്പനി തിരിച്ചറിഞ്ഞതിനെ തുടർന്നാണ് വാഹനങ്ങൾ അപ്ഡേഷന് വേണ്ടി തിരിച്ചുവിളിക്കുന്നത്. പ്രധാനമായും പാർക്കിങ് അസിസ്റ്റിലെ പനോരാമിക് വ്യൂ മോണിറ്റർ സിസ്റ്റത്തിന്റെ (360 ഡിഗ്രി കാമറ) റിയർ-വ്യൂ ചിത്രത്തിലുള്ള പ്രകടമാകുന്ന തകരാറുകളാണ്.
ഇന്ത്യൻ വിപണികളിൽ നിന്നായി 4,863 യൂനിറ്റ് വാഹനങ്ങളാണ് ടൊയോട്ട തിരിച്ചു വിളിക്കുന്നത്. 2024 ജൂലൈ 18നും 2025 സെപ്റ്റംബർ 23നും ഇടയിൽ വിപണിയിൽ എത്തിയ സെഡാൻ വകഭേദത്തിലെ 2,257 യൂനിറ്റ് 'കാമ്രി', 2023 ജൂലൈ 19നും 2025 മേയ് 12നും ഇടയിലുള്ള 1,862 യൂനിറ്റ് 'വെൽഫയർ', 2023 മേയ് 31നും 2025 ജൂലൈ 28നും ഇടയിൽ നിരത്തുകളിൽ എത്തിയ 744 യൂനിറ്റ് 'ലാൻഡ് ക്രൂയിസർ' മോഡലുമാണ് ടൊയോട്ട മോട്ടോർ തിരിച്ചുവിളിക്കുന്നത്.
വാഹനം മികച്ചപ്രകടനം നിലനിർത്താൻ സോഫ്റ്റ്‌വെയറുകളുടെ റീപ്രോഗ്രാമിങ് ആവിശ്യമാണ്. എന്നാൽ മുകളിൽ സൂചിപ്പിച്ച തകരാർ ഇന്ത്യൻ വിപണിയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും വാഹനനിർമാതാക്കളായ ടൊയോട്ട കിർലോസ്‌കി മോട്ടോർസ് വ്യക്തമാക്കി. ഇലക്ട്രോണിക് കണ്ട്രോൾ യൂനിറ്റിലെ സോഫ്‌റ്റ്‌വെയർ തകരാറുകൾ ഇനിപറയുന്ന കരണങ്ങൾക്കിടയാക്കാം. 'ഇഗ്നിഷൻ ഓൺ ചെയ്ത ശേഷം ഒരു നിശ്ചിത സമയത്തിനുള്ളിൽ വാഹനം റിവേഴ്‌സ് തെരഞ്ഞെടുത്താൽ റിയർ-വ്യൂ ഇമേജ് കുറഞ്ഞസമയത്തേക്ക് മരവിപ്പിക്കപ്പെടാം, അല്ലെങ്കിൽ ഒരു നിശ്ചിത സമയത്തിനുള്ളിൽ ഇഗ്നിഷൻ ഓൺ ചെയ്യുകയോ ഓഫ് ചെയ്യുകയോ ചെയ്താൽ ഒരു പക്ഷെ റിയർ-വ്യൂ ഇമേജ് സ്‌ക്രീനിൽ പ്രദർശിപ്പിക്കാതിരിക്കാം'. ഇതാണ് തിരിച്ചുവിളിയുടെ ഔദ്യോഗിക കാരണങ്ങളായി ടൊയോട്ട പറയുന്നത്.
നിലവിൽ ലിസ്റ്റ് ചെയ്തിട്ടുള്ള വാഹനങ്ങളിൽ സോഫ്‌റ്റ്‌വെയർ അപ്ഡേറ്റ് നടത്താൻ അംഗീകൃത ഡീലർഷിപ്പുകളിൽ നിന്നും ഉദ്യോഗസ്ഥർ ഉപഭോക്താക്കളെ സമീപിക്കും. അപ്ഡേറ്റ് നടത്തുന്ന വാഹന ഉടമകൾ സർവീസ് തുകയായി ഒരു രൂപപോലും ഡീലർഷിപ്പുകളിൽ അടക്കേണ്ടി വരില്ലെന്നും ടൊയോട്ട മോട്ടോർസ് വ്യക്തമാക്കി.
സെഡാൻ സെഗ്‌മെന്റിൽ ഇന്ത്യൻ നിരത്തുകളിൽ എത്തുന്ന ടൊയോട്ട കാമ്രിയുടെ എക്സ് ഷോറൂം വില 47.48 ലക്ഷം രൂപയാണ്. അതേസമയം ആഡംബര വകഭേദങ്ങളിൽ എത്തുന്ന വെൽഫയറിന് 1.19 കോടിയും ലാൻഡ് ക്രൂയിസറിന് 2.15 കോടി രൂപയുമാണ് എക്സ് ഷോറൂം വില.


