കുട്ടികളുമായി വാഹന യാത്ര: നിയമലംഘനത്തിന് ഇരട്ടി പിഴ
text_fieldsRepresentational image
ന്യൂഡൽഹി: വാഹനത്തിൽ കുട്ടികളുമായി യാത്ര ചെയ്യുമ്പോഴുണ്ടാകുന്ന ഗതാഗത നിയമ ലംഘനങ്ങൾക്ക് ഇരട്ടി പിഴ ഈടാക്കാനുള്ള ശിപാർശയുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. പിഴ ഇരട്ടിയാക്കുന്നത് സുരക്ഷയും ഉത്തരവാദിത്തവും ഉറപ്പാക്കുമെന്ന് ചൂണ്ടിക്കാട്ടി മോട്ടോർ വാഹന നിയമ ഭേദഗതിക്കൊരുങ്ങുകയാണ് മന്ത്രാലയം.
കുട്ടികളുമായി വാഹനമോടിക്കുന്ന മാതാപിതാക്കളും കുടുംബാംഗങ്ങളും, വിദ്യാർഥികളെ കൊണ്ടുപോകുന്നതിനായി സ്കൂളുകളുടെ ഉടമസ്ഥതയിലുള്ളതോ വാടകക്കെടുത്തതോ ആയ ബസുകൾ എന്നിവ ട്രാഫിക് മാനദണ്ഡങ്ങൾ പാലിക്കാത്തത് വ്യാപക പരാതി ഉയർന്നതിനെ തുടർന്നാണ് ഗതാഗത നിയമ ലംഘനത്തിനുള്ള പിഴ ഇരട്ടിയാക്കാനുള്ള നിർദേശം മുന്നോട്ടുവെച്ചതെന്ന് വൃത്തങ്ങൾ അറിയിച്ചു.
ഭേദഗതി സംബന്ധിച്ച അനുബന്ധ മന്ത്രാലയങ്ങളിൽ നിന്നും അഭിപ്രായ ശേഖരണത്തിനായി കരട് വിതരണം ചെയ്തിട്ടുണ്ട്. ഗതാഗത നിയമങ്ങൾ പാലിക്കുന്നതും ലംഘിക്കുന്നതും അടിസ്ഥാനമാക്കി എല്ലാ ഡ്രൈവർമാർക്ക് പോസിറ്റിവ്-നെഗറ്റിവ് പോയന്റ് നൽകാനും കേന്ദ്രം നിർദേശം മുന്നോട്ടുവെച്ചിട്ടുണ്ട്. ഡ്രൈവർമാർക്ക് ലഭിക്കുന്ന നെഗറ്റിവ് പോയന്റുകൾക്ക് സർക്കാർ പരിധി നിശ്ചയിക്കും.