ഇലക്ട്രികിലെ വിയറ്റ്നാമീസ് വിപ്ലവം; ഇന്ത്യയിൽ ആദ്യ ഷോറൂം പ്രവർത്തനമാരംഭിച്ച് വിൻഫാസ്റ്റ്
text_fieldsസൂറത്ത്: വിയറ്റ്നാമീസ് ഇലക്ട്രിക് വാഹനനിർമാതാക്കളായ വിൻഫാസ്റ്റ് മോട്ടോഴ്സിന്റെ ആദ്യ ഷോറൂം ഗുജറാത്തിലെ സൂറത്തിൽ പ്രവർത്തനം ആരംഭിച്ചു. 3000 ചതുരശ്ര അടിയിൽ സൂറത്തിലെ പിപ്‌ലോഡിലാണ് വിൻഫാസ്റ്റിന്റെ ആദ്യ ഷോറൂം. ഉത്ഘാടനത്തോടനുബന്ധിച്ച് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ പോകുന്ന വി.എഫ് 6, വി.എഫ് 7 മോഡലുകളുടെ പ്രദർശനവും കമ്പനി സൂറത്തിലെ ഷോറൂമിൽ സംഘടിപ്പിച്ചു.
21,000 രൂപ ടോക്കൺ അഡ്വാൻസ് നൽകി ജൂലൈ 15 മുതൽ വാഹനങ്ങളുടെ ബുക്കിങ് വിൻഫാസ്റ്റ് ആരംഭിച്ചിരുന്നു. രാജ്യത്തെ 27 നഗരങ്ങളിലായി 35 ഡീലർഷിപ് ഔട്ലെറ്റുകളാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുന്നത്. തമിഴ്നാട്ടിലെ തൂത്തുകുടിയിലാണ് കമ്പനിയുടെ ആദ്യ നിർമാണ പ്ലാന്റ് ആരംഭിക്കുന്നത്. ബുക്കിങ് പൂർത്തീകരിച്ചവർക്ക് ആദ്യം നൽകുന്നത് ഇറക്കുമതി ചെയ്ത മോഡലുകളായിരിക്കുമെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു.
വിൻഫാസ്റ്റ് വി.എഫ് 7
4,545 എം.എം നീളത്തിൽ സ്വീപ്പി, ക്രോസ്ഓവർ മോഡലായാണ് വിൻഫാസ്റ്റ് വി.എഫ് 7 ഇന്ത്യയിലെത്തുന്നത്. കമ്പനിയുടെ ആദ്യ അക്ഷരമായ വി ആകൃതിയിൽ മുൻവശത്ത് ഒരു ഡി.ആർ.എൽ ലൈറ്റിങ് സജ്ജീകരിച്ചിട്ടുണ്ട്. അതോടൊപ്പം എൽ.ഇ.ഡി ഹെഡ് ലൈറ്റും മുൻവശത്തുണ്ട്. 12.9- ഇഞ്ച് ടച്ച്സ്ക്രീൻ, ഹെഡ്-അപ് ഡിസ്പ്ലേ, വയർലെസ്സ് ഫോൺ ചാർജർ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റ്, റിക്ലൈനബിൾ റിയർ സീറ്റ്, ലെവൽ 2 ADAS (അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം), ഏഴ് എയർബാഗുകൾ എന്നിവ ഉൾവശത്തെ പ്രത്യേകതകളാണ്. 19 ഇഞ്ചിന്റെ അലോയ് വീലുകൾ, 190 എം.എം ഗ്രൗണ്ട് ക്ലിയറൻസ്, 537 ലീറ്റർ ബൂട്ട് സ്പേസ് എന്നിവയും വി.എഫ് 7ന് ലഭിക്കുന്നു.
70.8kWh ബാറ്ററി പാക്ക് ഓപ്ഷനിൽ ഫ്രണ്ട്-വീൽ ഡ്രൈവ്, ഓൾ-വീൽ ഡ്രൈവ് എന്നീ രണ്ട് പവർട്രെയിൻ വിൻഫാസ്റ്റ് അവതരിപ്പിക്കുന്നുണ്ട്. ഫ്രണ്ട്-വീൽ ഡ്രൈവ് 204 എച്ച്.പി കരുത്തും 310 എൻ.എം ടോർക്കും ഉത്പാദിപ്പിക്കുമ്പോൾ ഓൾ-വീൽ ഡ്രൈവ് 350 എച്ച്.പി കരുത്തും 500 എൻ.എം ടോർക്കും ഉത്പാതിപ്പിക്കും. ഫ്രണ്ട്-വീൽ ഡ്രൈവിന് 450 കിലോമീറ്റർ റേഞ്ചും ഓൾ-വീൽ ഡ്രൈവിന് 431 കിലോമീറ്റർ റേഞ്ചും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.
വിൻഫാസ്റ്റ് വി.എഫ് 6
വി.എഫ് 7 അപേക്ഷിച്ച് നീളം കുറഞ്ഞ ഒരു മിഡ്-സൈസ് എസ്.യു.വി ഇലക്ട്രിക് വാഹനമാണ് വി.എഫ് 6. ഇന്ത്യയിൽ വി.എഫ് 6ന്റെ പ്ലസ് വകഭേദമാകും കമ്പനി അവതരിപ്പിക്കുന്നത്. ഏകദേശം വി.എഫ് 7ന്റെ ഒട്ടുമിക്ക ഫീച്ചറുകളും വി.എഫ് 6ലും ലഭിക്കും. എന്നാൽ 18 ഇഞ്ചിന്റെ അലോയ്-വീൽ ടയറുകളും 190 എം.എം ഗ്രൗണ്ട് ക്ലിയറൻസും 423 ലീറ്റർ ബൂട്ട് സ്പേസുമാകും വി.എഫ് 6നു ലഭിക്കുന്നത്. 59.6kWh ബാറ്ററി പാക്കായിരിക്കും വി.എഫ് 6ന്റെ കരുത്ത്. ഇത് ഒറ്റ ചാർജിൽ 480 കിലോമീറ്റർ വരെ റേഞ്ച് ലഭിക്കും.