Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഇത് വെറുമൊരു ബൈക്കല്ല,...

ഇത് വെറുമൊരു ബൈക്കല്ല, ഒരു തലമുറയുടെ വികാരമായിരുന്നു..!

text_fields
bookmark_border
ഇത് വെറുമൊരു ബൈക്കല്ല, ഒരു തലമുറയുടെ വികാരമായിരുന്നു..!
cancel

1990കളിൽ ജനിച്ചവർക്കൊരു പ്രത്യേകതയുണ്ട്. റേഡിയോയും കാസറ്റിടുന്ന ടേപ്പ് റെക്കോഡറും വി.സി.ഡിയും ഡി.വി.ഡിയും പെൻഡ്രൈവും മെമ്മറി കാർഡും എ.ഐയും അതിലപ്പുറവും വരെയെത്തി നിൽക്കുന്ന സാങ്കേതിക വിദ്യകളുടെ ഘട്ടം ഘട്ടമായുള്ള മാറ്റം കൃത്യമായി മനസ്സിലാക്കി, അറിഞ്ഞ്, അതിനൊപ്പം ജീവിക്കുന്നു എന്നതാണത്.

ജെൻ സി 2 k കിഡ്സിനൊന്നും വി.സി.ആറും ഡിഷ് ആന്‍റിനയും 14 രൂപയുടെ ബി.എസ്.എൻ.എൽ റീചാർജ് കൂപ്പണുമൊന്നും പരിചയമുണ്ടാകില്ല, എന്തിന് ദൂരദർശനിലെ ഞായറാഴ്ച വൈകീട്ടത്തെ സിനിമയും വെള്ളിയാഴ്ചത്തെ ചിത്രഗീതവും റേഡിയോവിലെ ചലച്ചിത്ര ശബ്ദരേഖയും കാത്തിരുന്ന് ആസ്വദിച്ച് ക്ഷമയോടെ ജീവിച്ചിരുന്ന പിള്ളേർക്കിടയിലേക്കാണ് യമഹ ഒരു കുഞ്ഞൻ ബൈക്കിനെ അവതരിപ്പിച്ചത്.

നരസിംഹം സിനിമയിലെ ഡയലോഗ് പോലെ "ദാ കാണ്, അവതാരപ്പിറവികളുടെ മുഴുവന്‍ രൗദ്രഭാവവും ആവാഹിച്ച് യമഹ RX100 ഇന്ത്യയിൽ ആദ്യമായി പുറത്തിറക്കിയത് 1985ലാണ്. പിന്നെയൊരു അഴിഞ്ഞാട്ടമായിരുന്നു വിപണിയിൽ കണ്ടത്. ആ ലെജൻഡറി സ്ഥാനം ഇന്നും നിലനിർത്തിപ്പോരുന്ന ഒരപൂർവ ജനുസ്സ്. വാങ്ങിയ വിലയേക്കാൾ എത്രയോ അധികം തുകയാണ് rx100ന് ഇന്ന് വിപണി മൂല്യമെന്ന് യൂസ്ഡ് മാർക്കറ്റിൽ തിരക്കിയാൽ മതി. പ്രകടനവും ശബ്ദവും കൊണ്ട് ഈ കുഞ്ഞൻ ബൈക്ക് പ്രേമികൾക്ക് ഇന്നും പ്രിയപ്പെട്ടതായി നിലനിൽക്കുന്നു.

കാര്യം 90 കിഡ്സിന്റെ ആവേശമെന്നൊക്കെ പറയുമെങ്കിലും RX100 കൊണ്ട് അർമാദിച്ചത് ശരിക്കും 80 കിഡും 70 കിഡ്സുമായിരിക്കും, 90 കിഡുകൾ ഓടിക്കാൻ പ്രായമായി വന്നപ്പോഴേക്കും RX100 അതിന്റെ പ്രൊഡക്ഷൻ അവസാനിപ്പിച്ചിരുന്നു.

എ.ആർ. റഹ്മാന്‍റെ മ്യൂസിക് കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആസ്വാദകരുള്ള ശബ്ദം rx 100ന്‍റെയാണെന്ന് പറയപ്പെടാറുണ്ട്. Rx 100ന്‍റെ 2-സ്ട്രോക്ക് എൻജിന്‍റെ ശബ്ദം (The signature 2-stroke engine sound) ലോകോത്തര സംഗീതം പോലെ വാഹനപ്രേമികൾ ഇഷ്ടപ്പെടുന്ന ഒന്നാണ്. എ.ആർ. റഹ്മാന്‍റെ സംഗീതത്തിന് വലിയ ഫാൻ ക്ലബുകളുള്ളതുപോലെ, RX 100 ബൈക്ക് റൈഡർമാർക്ക് രാജ്യമെമ്പാടും അനേകം റൈഡിങ് ക്ലബുകളും കമ്യൂണിറ്റികളുമുണ്ട്. ഈ ബൈക്കിന്‍റെ ശബ്ദം ഒരു ‘സിഗ്നേച്ചർ ട്യൂൺ’ പോലെ ആസ്വദിക്കുന്ന അനേകരാണുള്ളത് എന്ന കാര്യം അതിശയോക്തിയല്ല.


നിരത്തുകളിലെ നൊസ്റ്റാൾജിക് താരം

ഇന്ത്യൻ മോട്ടോർസൈക്കിൾ ചരിത്രത്തിലെ ഒരു വികാരമാണ് യമഹ RX 100. 1985 മുതൽ 1996 വരെ ഇന്ത്യൻ നിരത്തുകളിൽ തരംഗം സൃഷ്ടിച്ച ഈ ടു-സ്ട്രോക്ക് ബൈക്ക് ഇന്നും ബൈക്ക് പ്രേമികളുടെ മനസ്സിൽ ഒരു നൊസ്റ്റാൾജിയയായി നിലനിൽക്കുന്നു.

RX 100-ന്റെ ഏറ്റവും വലിയ ആകർഷണം അതിന്റെ പ്രകടനമായിരുന്നു. ബുള്ളറ്റിന്‍റെ കുടു കുടു ശബ്ദത്തിന് ശേഷം ചെവി തുളച്ചു കയറുന്ന വളരെ പ്രത്യേകതയുള്ള, എത്ര ദൂരെ നിന്ന് കേട്ടാലും വരുന്നത് rx 100 ആണെന്ന് മനസ്സിലാക്കാൻ കഴിയുന്ന ഐഡന്‍റിറ്റി സൃഷ്ടിച്ചെടുക്കാൻ കഴിയുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. വെറും 98 സി.സി എൻജിനായിരുന്നെങ്കിലും, 11 ബി.എച്ച്.പി (BHP) പവറും, കുറഞ്ഞ ഭാരവും (ഏകദേശം 103 കി.ഗ്രാം) കാരണം, മികച്ച പവർ-ടു-വെയ്റ്റ് അനുപാതം rx 100നുണ്ടായിരുന്നു. എയർ-കൂൾഡ്, ടു-സ്ട്രോക്ക് എൻജിനായിരുന്നു ഹൃദയം. ഓയിൽ നേരിട്ട് പെട്രോൾ ടാങ്കിലേക്ക് ഒഴിക്കുന്ന ബൈക്കായിരുന്നു RX എന്ന് ഇപ്പോ പറഞ്ഞാ കൗതുകമായിട്ടാണോ മണ്ടത്തരമായിട്ടാണോ പുതുതലമുറയിലെ പിള്ളേര് കണക്കാക്കുക എന്നറിയില്ല. 200 രൂപക്ക് പെട്രോളടിച്ചാൽ ഒരു 20 രൂപയുടെ ഓയിൽ കൂടി പമ്പിലെ ചേട്ടൻ കമഴ്ത്തിയങ്ങ് തരും. പിന്നെ ഒരു പുകമയമായിരിക്കും, ഒപ്പം ആ സൗണ്ടും കൂടലയാകുമ്പോ വരുന്നത് RX ആണെന്ന് കോളജിലെ പ്രിൻസിപ്പലിന് വരെ അറിയാൻ കഴിയുമായിരുന്നു.

പ്രധാന പ്രത്യേകത: കിക്ക് സ്റ്റാർട്ട് ചെയ്യുമ്പോൾ ലഭിക്കുന്ന അതിന്റെ വേഗത്തിലുള്ള ആക്സിലറേഷൻ അന്നത്തെ മറ്റ് ബൈക്കുകൾക്ക് ഒരു വെല്ലുവിളിയായിരുന്നു. "പോക്കറ്റ് റോക്കറ്റ്" (Pocket Rocket) എന്ന വിളിപ്പേര് ഈ ബൈക്കിന് ലഭിച്ചതും അതുകൊണ്ടാണ്.

ഒരു രക്ഷയുമില്ലാത്ത എക്സ്ഹോസ്റ്റ് നോട്ട്

RX 100-ന്റെ വ്യതിരിക്തമായ എക്സ്ഹോസ്റ്റ് ശബ്ദം ഇന്നും പഴയ ഓർമകളുണർത്തുന്ന സംഗീതം പോലെ ബൈക്ക് പ്രേമികൾ കൊണ്ടാടുന്നു എന്നൊക്കെ പറഞ്ഞാൽ ‘അതിച്ചിരി തള്ളല്ലേ’ എന്നൊക്കെ അസൂയാലുക്കൾ പറഞ്ഞേക്കും, കാര്യമാക്കണ്ട. ടോപ് ഗിയറിൽ 10 കി.മീ/സ്പീഡിൽ പോയാലും ഗിയറിടിക്കാതെ പോകാവുന്നത്ര സ്മൂത്ത്നെസ് ഈ മുതലിന്‍റെ സവിശേഷതകളിലൊന്നായിരുന്നു.

ആധുനിക ബൈക്കുകളുടെ സങ്കീർണ്ണതകളില്ലാത്ത ലളിത രൂപകൽപ്പനയാണ് RX 100-ന്റെ മറ്റൊരു ആകർഷണം.

ഡിസൈൻ: റൗണ്ട് ഹെഡ്‌ലാമ്പ്, ടിയർഡ്രോപ്പ് ആകൃതിയിലുള്ള ഫ്യുവൽ ടാങ്ക്, ക്രോം പൂശിയ മഡ്ഗാർഡുകൾ, ലളിതമായ അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയെല്ലാം ഇതിന്റെ വിന്റേജ് ലുക്കിന് മാറ്റേകി.

ഈടുനിൽപ്പ്: ലളിതമായ മെക്കാനിസം കാരണം ഈ ബൈക്ക് വിശ്വസ്ഥവും, അറ്റകുറ്റപ്പണികൾ ചെയ്യാൻ എളുപ്പമുള്ളതുമായിരുന്നു. ബുള്ളറ്റ് മെക്കാനിക്കുകളെപ്പോലെ RX മെക്കുകളും പ്രത്യേക ബ്രാൻഡ് വാല്യു നേടുകയും പണിയറിയുന്നവരെത്തേടി വാഹന ഉടമകളേറെയെത്തുകയും ചെയ്തിരുന്നു എന്നത് നിറം പിടിപ്പിക്കാത്ത മറ്റൊരു സത്യകഥ.


കേവലമൊരു ബൈക്കായിരുന്നില്ല

RX 100 കേവലമൊരു ബൈക്കായിരുന്നില്ല, മറിച്ച് 80-കളിലും 90-കളിലും അത് യുവത്വത്തിന്റെ സ്റ്റൈലിന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രതീകമായിരുന്നു. സിനിമാതാരങ്ങൾ മുതൽ സാധാരണക്കാർ വരെ ഈ ബൈക്കിനെ നെഞ്ചോടുചേർത്തു. റേസിങ്ങ് ട്രാക്കുകളിൽ, സിനിമാസീനുകളിൽ ഈ ബൈക്ക് അതിവേഗം ഇടം പിടിച്ചു.

ഇന്ന്, കർശനമായ മലിനീകരണ നിയന്ത്രണങ്ങൾ കാരണം ടു-സ്ട്രോക്ക് എൻജിനുകൾ നിർത്തലാക്കിയെങ്കിലും, പഴയ RX 100 ബൈക്കുകൾ വലിയ വില കൊടുത്ത് വാങ്ങി പുനരുദ്ധാരണം (Restoration) ചെയ്ത് ഉപയോഗിക്കുന്ന വലിയ ആരാധകവൃന്ദം ഇന്ത്യയിലുണ്ട്.

യമഹ RX 100-നെ പുതിയ നാല്-സ്ട്രോക്ക് (4-Stroke) എൻജിനോടെയും, ആധുനിക ഫീച്ചറുകളോടെയും ഇന്ത്യൻ വിപണിയിലേക്ക് തിരികെ കൊണ്ടുവരാൻ പദ്ധതിയുള്ളതായി സ്ഥിരീകരിക്കപ്പെടാത്ത അനേകം ഗോസിപ്പ് റിപ്പോർട്ടുകൾ ഓൺലൈനിലും സാമൂഹിക മാധ്യമങ്ങളിലും കാണാനാകും എന്നത് തന്നെ ഇതിന്‍റെ ജനപ്രീതി എത്രത്തോളമെന്നതിന്‍റെ തെളിവാണ്.

ലഭ്യമായ വിവരങ്ങൾ അനുസരിച്ച്: Yamaha RX 100 (1985-1996 മോഡലിന്റെ) എക്സ്-ഷോറൂം വില ഏകദേശം ₹40,000 വരെയായിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത് (കൃത്യമായ വർഷത്തെ അടിസ്ഥാനമാക്കി പ്രാദേശിക വ്യത്യാസങ്ങൾക്കനുസരിച്ച് വിലയിൽ മാറ്റങ്ങൾ ഉണ്ടായിരിക്കും).

Royal Enfield Bullet 350ccക്ക് 1990-ൽ ഏകദേശം ₹23,324 ആയിരുന്നു വില, 1996-ഓടെ ഇതിന്റെ എക്സ്-ഷോറൂം വില ₹72,240 വരെയായി ഉയർന്നു

. Bullet വലിയ എൻജിനും ക്രൂയിസറും ആയതിനാൽ പ്രീമിയം വിഭാഗത്തിലാണ് ഉൾപ്പെട്ടിരുന്നത്. സർവിസ് ചാർജുൾപ്പടെ സാധാരണക്കാർക്ക് താങ്ങാനാകാത്ത കാറ്റഗറിയിലായിരുന്നു അക്കാലത്ത് ബുള്ളറ്റ് ബൈക്കുകൾ. അതേസമയം RX 100 ഒരു പെർഫോമൻസ്-ഓറിയന്റഡ് കമ്യൂട്ടർ ബൈക്കായാണ് ബജറ്റ് ഫ്രെണ്ട്ലി വിലയും താങ്ങാവുന്ന സർവിസ് കോസ്റ്റുമായി വിപണിയിൽ അവതരിക്കപ്പെട്ടത്.

പോക്കറ്റ് റോക്കറ്റ്

അതിശയകരമായ ആക്സിലറേഷൻ (0-60 kmph കുറച്ച് സെക്കൻഡുകൾക്കുള്ളിൽ) ഈ കുഞ്ഞൻ ബൈക്കിന് സ്വന്തമായിരുന്നു. 98cc ടു സ്ട്രോക്ക് എൻജിനായിരുന്നെങ്കിലും അന്നത്തെ പല 135 സി.സി ബൈക്കുകളേക്കാൾ വേഗമാർജിക്കാൻ കഴിഞ്ഞിരുന്നതിനാൽ വിന്റേജ് ബൈക്ക് പ്രേമികൾക്കിടയിൽ വലിയ ഡിമാൻഡോടെയാണ് rx 100 വിരാജിച്ചിരുന്നത്. 1985–1996 കാലയളവിൽ, RX100 ഇന്ത്യൻ ബൈക്ക് വിപണിയിൽ വലിയ വിപ്ലവം സൃഷ്ടിച്ചു. 10 ലിറ്റർ ഇന്ധന ടാങ്ക് ഉണ്ട് ഈ കുഞ്ഞൻ ബൈക്കിൽ.

പരസ്യങ്ങളിലെ ക്യാച്ച് വേഡ്:

"A love affair that never ends:
."Because some lead, others follow"
"Ahead of the 100's":
"Because Some Lead, Others Follow"
"The Yamaha Generation"
Born to Lead"
തുടങ്ങിയ കാപ്ഷനുകൾ ശ്രദ്ധേയമായിരുന്നു

യമഹ RX100 ബൈക്ക് 1985 മുതൽ 1996 വരെ ഇന്ത്യയിൽ വിപണിയിൽ ഉണ്ടായിരുന്നു. ഈ കാലയളവിൽ പരാമർശിക്കാവുന്ന വലിയ മാറ്റങ്ങൾ അല്ലെങ്കിലും, ചെറിയ ഫീച്ചർ അപ്ഗ്രേഡുകളും റിഫൈന്മെന്റുകളും ഘട്ടം ഘട്ടമായി വരുന്നതായി കാണാം. Rx മോഡൽസിൽ ആദ്യം വരുന്നത് RD 350 ആയിരുന്നു, പിന്നെ Rx100 ഇറങ്ങി. തുടർന്ന് Rxg, Rxz, Rx135 4 speed, Rx Tiger, Rx135 5 speed, RxZ 5 speed പിന്നെ 2003 - 2005 വരെ ലാസ്റ്റ് മോഡൽ RX 135 4 speed.

യമഹ RX100-ന് 4-സ്പീഡ് മാനുവൽ ഗിയർബോക്‌സാണ്. നല്ല കണ്ടീഷനുള്ള RX100 ബൈക്ക് ഇന്ന് ₹1.2 ലക്ഷം മുതൽ ₹2.5 ലക്ഷം വരെ മതിപ്പ് വിലയുണ്ട്. പ്രത്യേകിച്ച് ഒറിജിനൽ പാർട്സ്, ശബ്ദം, നിറം എന്നിവ ഉണ്ടെങ്കിൽ. മോഡിഫൈ ചെയ്ത അല്ലെങ്കിൽ റീസ്റ്റോർ ചെയ്ത പതിപ്പുകൾക്കും വിപണിയിൽ നോട്ടക്കാരേയാണ്.




  • 1985 – ആദ്യം ഇറങ്ങിയ മോഡൽ (JAPAN MAKE – CKD)
    100% ജപ്പാനിൽ നിർമിച്ച പാർട്സുകൾ (CKD – Completely Knocked Down units)
    മികച്ച ബിൽഡ് ക്വാളിറ്റി
    മെറ്റൽ ഫിനിഷ് ഫ്യൂവൽ ടാങ്ക്, സീറ്റ്, സൈഡ് കവർ എന്നിവ
    ക്രോം മഡ്‌ഗാർഡ് (ഫ്രണ്ട് & റിയർ)
    ഷാർപ്പ് എക്സ്ഹോസ്റ്റ് നോട്ട് (Original “Raap” sound)
    ചുവപ്പ്, കറുപ്പ്, നീല കളറുകളിലാണ് rx 100 വിപണിയിൽ ഉണ്ടായിരുന്നത്.
  • 1987–1989 – ഇന്ത്യൻ അസംബ്ലി പതിപ്പ്
    ഇന്ത്യയിൽ ആദ്യമായ് നിർമിച്ചത് (എന്നാൽ പാർട്സ് ജപ്പാനിൽ നിന്ന്)
    ചെറിയ മാറ്റങ്ങൾ: സീറ്റ് ക്വാളിറ്റി, ഗ്രാബ് റെയിൽ ഡിസൈൻ
    “Yamaha” ലോഗോ സൈഡ് കവറുകളിൽ വലുതായി വന്നതും ചില ഗ്രാഫിക്സ് മാറ്റങ്ങളും.
  • 1990–1993
    പുതിയ പെയിന്റ് സ്കീമുകൾ
    കുറച്ച് മെറ്റീരിയൽ മാറ്റങ്ങൾ (weight കുറയാൻ)
    ഇലക്ട്രിക്കൽ വയറിങ്ങ് മെച്ചപ്പെടുത്തി
    ഇന്ധനക്ഷമത കൂടി (30-35-40 കി.മീ/ലിറ്റർ)
  • 1994–1996 – ഉൽപാദനം അവസാന ഘട്ടം
    കുറച്ച് പാർട്ടുകൾ ഇന്ത്യൻ നിർമിതിയിലേക്ക് മാറ്റിയതിന്റെ ഫലമായി ബിൽഡ് ക്വാളിറ്റി കുറഞ്ഞു
    ഫ്യുവൽ ടാങ്കിൽ പുതിയ സ്റ്റിക്കറുകൾ (striped pattern)
    noise level കുറച്ച് “refined” exhaust note വന്നു
    ഏതാനും ബാച്ചുകൾക്ക് “Rx100” ലോഗോ gold-lettered ആയി
  • ഒറ്റവാക്കിൽ
    > Yamaha RX100 = Power + Style + Sound + Simplicity = യുവാക്കളുടെ ഹരം!
    അതെ, Yamaha RX100 പല ഇന്ത്യൻ സിനിമകളിലും പ്രത്യേകിച്ച് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതിന്റെ "rebel look", "powerful sound", "vintage charm" എന്നിവ കൊണ്ട് ഫിലിം മേക്കർമാർക്ക് ഏറെ ഇഷ്ടപ്പെട്ടതായിരുന്നു ഈ ബൈക്ക്.
  • ചില പ്രധാന എതിരാളികൾ
    Hero Honda CD100
    Suzuki Shogun

യമഹയുടെ ബ്രാൻഡ് അംബാസഡറേഴ്സ്

മോട്ടോർസൈക്കിൾ ഇതിഹാസം വലന്‍റീനോ റോസിയാണ് യമഹയുടെ ആഗോള ബ്രാൻഡ് അംബാസഡർ. യമഹയോടൊപ്പം നാല് മോട്ടോ ജി.പി ലോക ചാമ്പ്യൻഷിപ്പ് കിരീടങ്ങൾ നേടിയയാളാണ് റോസി. ഇന്ത്യയിലെ ബ്രാൻഡ് അംബാസഡറായി ബോളിവുഡ് നടൻ ജോൺ എബ്രഹാം ഏറെ നാൾ അവതരിക്കപ്പെട്ടിരുന്നു. യമഹയുടെ സ്കൂട്ടർ വിഭാഗം ബ്രാൻഡ് അംബാസഡറായി ദീപിക പദുക്കോണുണ്ടായിരുന്നു.

Yamaha RX100 ഒരു bike അല്ല, it’s an EMOTION!... ---പകരക്കാരനില്ലാത്ത പ്രകടനം

90-കളുടെ തുടക്കത്തിൽ ഇന്ത്യൻ വിപണിയിൽ ബജാജ് ചേതക് പോലുള്ള സ്കൂട്ടറുകളും, താരതമ്യേന കുറഞ്ഞ പവറുള്ള സാധാരണ ബൈക്കുകളുമായിരുന്നു കൂടുതലുണ്ടായിരുന്നത്. ഈ സമയത്താണ്, വെറും 98 സി.സി. ആയിരുന്നിട്ടും, മിന്നൽ വേഗത്തിൽ കുതിക്കാൻ കഴിവുള്ള RX 100 വരുന്നത്.

ടു-സ്ട്രോക്ക് എൻജിൻ നൽകിയ പെട്ടെന്നുള്ള ആക്സിലറേഷൻ, മറ്റ് ബൈക്കുകൾക്ക് ലഭിക്കാത്ത ഒരു ത്രില്ലായിരുന്നു. ബൈക്കോട്ടമത്സരങ്ങളിലും, റോഡുകളിലും ഇത് ഒരു ‘പോക്കറ്റ് റോക്കറ്റ്’ ആയി അറിയപ്പെട്ടു.

4-സ്ട്രോക്ക് ബൈക്കുകളുടെ വരവ്: 90-കളുടെ അവസാനത്തോടെയാണ് കൂടുതൽ 4-സ്ട്രോക്ക് ബൈക്കുകൾ (ഉദാഹരണത്തിന് ഹീറോ ഹോണ്ട സ്െപ്ലൻഡർ) വരുന്നത്. RX 100 ആയിരുന്നു ആക്ഷനും, സ്പീഡും ഇഷ്ടപ്പെട്ട 90-കളിലെ യുവാക്കളുടെ "അൺഡിസ്പ്യൂട്ടഡ് കിങ്".

2018ൽ തെലുങ്കിൽ റിലീസ് ചെയ്ത നിരവധി ഡബ്ബ്ഡ് ഭാഷളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട RX 100 എന്ന പേരിൽത്തന്നെ സിനിമയുണ്ട്. പഴയ മലയാളം സിനിമകളിൽ ഒട്ടുമിക്കതിലും RX മുഖം കാണിച്ചിട്ടുണ്ട്. നായകനൊപ്പം റൊമാന്‍റിക്കായും വില്ലനൊപ്പം രൗദ്രഭാവത്തിലും നിറഞ്ഞാടിയവൻ. അടുത്തയിടെ ഇറങ്ങിയ തമിഴ് സിനിമയായ മാരീസനിൽ യമഹ RX 100 പ്രാധാന്യത്തോടെ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്, സിനിമയുടെ കഥപറച്ചിലിന്റെ അവിഭാജ്യ ഘടകമാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഫഹദ് ഫാസിലിനൊപ്പം മുഴുനീള വേഷത്തിലുള്ള RX ബൈക്കും എന്നത് സിനിമ കണ്ടവർക്കറിയാം.


ഇനിയൊരങ്കത്തിന് ബാല്യമുണ്ടോ?

പുതിയ യമഹ RX 100 (പുറത്തിറങ്ങാൻ സാധ്യതയുള്ളത് വെച്ചുള്ള വിവരങ്ങൾ):

കാലത്തിനനുസരിച്ചുള്ള കോലം മാറലുണ്ടാകുമെന്നത് സുനിശ്ചിതമാണെങ്കിലും 98 സി.സി എൻജിൻ സ്പെക്കിൽ പുറത്തിറങ്ങുമോ എന്നതിൽ യാതൊരു സ്ഥിരീകരണവുമില്ല. 2 സ്ട്രോക്ക് എൻജിന് പകരം 4 സ്ട്രോക്ക് ആയിരിക്കുമെന്നതിൽ മാത്രം സംശയമില്ല.

ഡിസ്ക് ബ്രേക്ക്, സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്‍റ് ക്ലസ്റ്റർ, യു.എസ്.ബി ചാർജിങ് പോർട്ട്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, എൽ.ഇ.ഡി ലൈറ്റിങ് സംവിധാനങ്ങൾ പുതുതായി ഇടം പിടിച്ചേക്കാം. കൂടാതെ ഡിസ്ക് ബ്രേക്കുകളും എ.ബി.എസ് സംവിധാനവും ഈ ജാപ്പനീസ് ബൈക്കിൽ ഉണ്ടായേക്കും. r15 പ്ലാറ്റ്ഫോമിൽ 155 സി.സി കരുത്തുള്ള മോഡലാകും വരുമെന്നതുൾപ്പടെ RX100നെ കുറിച്ചുള്ള നിറം പിടിപ്പിച്ച കഥകൾ അനേകമാണ്. 2025ൽ പുറത്തിറങ്ങുമെന്ന് പറഞ്ഞത് വർഷം തീരാറായ സാഹചര്യത്തിൽ ഇനി നടപടിയുണ്ടാകില്ലെന്ന് തന്നെ കരുതാം, 2026ലോ 2027 ആദ്യമോ അവതാരപ്പിറവിയുടെ രൗദ്രഭാവം ലോഞ്ച് ചെയ്യുമെന്നും വില ഏകദേശം 1,40,000 - ₹ 1,50,000 റേഞ്ചിലായിരിക്കുമെന്നും മറ്റൊരു അഭ്യൂഹം.

എന്തുതന്നെയായാലും ആത്മാവ് നഷ്ടപ്പെട്ട പുതിയ മോഡൽ എത്രത്തോളം ക്ലിക്കാകുമെന്നതൊക്കെ കാത്തിരുന്ന് കാണേണ്ട കാഴ്ചയാണ്. കാരണം അന്നത്തെ കാലത്തെ അപേക്ഷിച്ച് നിരത്തിൽ അനേകം ബൈക്കുകൾ ഇന്ന് ലഭ്യമാണ്. അതിനിടയിൽ ഭൂതകാലക്കുളിര് കൊണ്ടുമാത്രം വിപണിയെ പിടിച്ചുകുലുക്കാൻ ചില്ലറ കളിയൊന്നും പോരാ താനും. മാത്രവുമല്ല നൊക്ലാൾജിയ അടിച്ചുകയറി പഴയ യമഹ RX മോഡലൊക്കെ എടുക്കുമ്പോ കറകളഞ്ഞ RX പ്രേമിയായിരിക്കണം നിങ്ങൾ. കാരണം ഇതിന്‍റെ ഒറിജിനൽ സ്പെയർ പാർട്സ്, പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇവയൊക്കെ കിട്ടാൻ അൽപം പ്രയാസമായിരിക്കും.

മെയിന്‍റൻസ് കോസ്റ്റ് ഉൾപ്പടെയുള്ള പരിപാലന ചെലവുകൾ പുറമേ. ‘മണി കാന്‍റ് ബൈ ഹാപ്പിനെസ്’ എന്നാര് പറഞ്ഞു എന്ന ചോദ്യത്തിനുത്തരമായി നിങ്ങളുടെ മുഖത്തൊരു പുഞ്ചിരി രൂപപ്പെട്ടെങ്കിൽ, യേസ്, RX നിങ്ങൾക്കുള്ളതാണ്. വഴിയിലൂടെ ഒരു RX 100 പോകുമ്പോൾ മതിമറന്ന് നോക്കിനിൽക്കാൻ ഒരു ചെലവുമില്ല, ആർക്കും പണവും കൊടുക്കേണ്ടതില്ല. ഏതുതരത്തിലുള്ളവർക്കും ഏത് അഭിരുചിക്കാർക്കും RX ഒരു ജിന്നായി മാറുന്നത് അങ്ങനെയാണ്. ആ എക്സ്ഹോസ്റ്റ് നോട്ട് പോലെ പ്രിയങ്കരമായ അനേകം കാര്യങ്ങൾ അക്കാലത്ത് അധികമില്ലായിരുന്നു. ഏറ്റവും പ്രിയപ്പെട്ട ചിലതിന് വലിയ വില കൊടുക്കണ്ടിവരും. വാഹനമാകുമ്പോൾ പ്രത്യേകിച്ചും.






Show Full Article
TAGS:yamaha RX 100 two wheeler RX 100 Auto News 
News Summary - yamaha rx 100
Next Story