വണ്ടി നമ്പർ റിസർവ് ചെയ്യാം
text_fieldsമോട്ടോര്‍ വാഹന വകുപ്പിന്റെ പുതിയ സോഫ്റ്റ്വെയര് അവതരിപ്പിച്ചതിനുശേഷം ഫാന്‍സി നമ്പറുകള്‍ ഓൺലൈനായി റിസര്‍വ് ചെയ്യാനാകും. സൈറ്റില്‍ യൂസര്‍ ഐഡിയും പാസ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് ആര്.ടി ഓഫിസ് തിരഞ്ഞെടുക്കുമ്പോള്‍ റിസര്‍വ് ചെയ്യാന്‍ സാധിക്കുന്ന ഫാന്‍സി നമ്പറിന്റെ ലിസ്റ്റ് കാണാന്‍ കഴിയുന്ന തരത്തിലാണ് സംവിധാനം.
നമുക്ക് ആരെയും ആശ്രയിക്കാതെ തന്നെ ഇഷ്ടപ്പെട്ടവ സെർച് ബൈ നമ്പർ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ടൈപ് ചെയ്ത് നൽകി കാണാവുന്നതാണ്. ലേലത്തില്‍ പങ്കെടുക്കാന്‍ ഓഫിസിലേക്ക് പോകേണ്ടതില്ല, ഫാന്‍സിനമ്പര്‍ ബുക്ക്ചെയ്തിട്ടുള്ളവര്‍ക്ക് വിദേശത്തുനിന്നുവേണമെങ്കിലും ഓണ്‍ലൈനില്‍ ലേലത്തില്‍ പങ്കെടുക്കാനാകും എന്നതും സവിശേഷതയാണ്. കേന്ദ്ര സർക്കാറിന്റെ മിനിസ്ട്രി ഓഫ് റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേസ് വകുപ്പിന്റെ പരിവാഹൻ എന്ന ഇ-വാഹൻ വെബ്സൈറ്റിലെ ഉപ വിഭാഗമായ https://fancy.parivahan.gov.in/fancy/faces/public/login.xhtml വഴി നമ്പറുകൾ പരിശോധിക്കാവുന്നതാണ്.
ഇഷ്ടപ്പെട്ട നമ്പര്‍ തിരഞ്ഞെടുത്ത ശേഷം ക്ലിക്ക് ചെയ്യുക. അപ്പോള്‍ ആപ്ലിക്കേഷന്‍ നമ്പര്‍ ചോദിക്കും.
വാഹനത്തിന്റെ ടാക്സ് അടച്ച താൽക്കാലിക രജിസ്ട്രേഷന് നമ്പറിന് ലഭിച്ച ആപ്ലിക്കേഷന്‍ നമ്പറാണ് ചോദിക്കുന്നത്. വാഹനത്തിന്റെ ടാക്സ് അടക്കുന്ന സമയത്ത് വാഹന്‍ വെബ്സൈറ്റില്‍നിന്ന് അപേക്ഷയിൽ നൽകിയ മൊബൈൽ നമ്പറിലേക്ക് ഈ ആപ്ലിക്കേഷൻ നമ്പർ വന്നിട്ടുണ്ടാകും. കിട്ടിയില്ലെങ്കില്‍ വാഹനം വാങ്ങിയ ഷോറൂം/ഡീലര്‍മാരെ ബന്ധപ്പെട്ട് ഈ ആപ്ലിക്കേഷന്‍ നമ്പര്‍ വാങ്ങി സൈറ്റിൽ എന്റർ ചെയ്താൽ പണം അടക്കാനാവും. ഒരാഴ്ചക്കുള്ളില്‍ മറ്റാരും ഇതേ നമ്പറിന് അപേക്ഷ നല്‍കിയിട്ടില്ല എങ്കിൽ അടിസ്ഥാന വിലയില്‍തന്നെ നിങ്ങൾക്ക് ആ നമ്പര്‍ ലഭിക്കും.
1 മുതൽ 86 വരെ
കേരളത്തിൽ ജില്ല അടിസ്ഥാനത്തിൽ അക്കവും അക്ഷരവും ചേർന്ന് വാഹന രജിസ്ട്രേഷൻ കോഡ് (KL-01) നിലവിൽ വരുന്നത് 1989ലാണ്. 2002ൽ ആറ്റിങ്ങൽ (KL-16), മൂവാറ്റുപുഴ (KL-17), വടകര (KL-18) എന്നീ മൂന്ന് പുതിയ റീജനൽ ട്രാൻസ്പോർട്ട് ഓഫിസുകളും നിലവിൽവന്നു. 2006ൽ സബ് ആർ.ടിഓഫിസുകൾ തിരിച്ചുള്ള രജിസ്ട്രേഷൻ കോഡുകളും നിലവിൽ വന്നു. സംസ്ഥാന രൂപവത്കരണത്തിന് മുമ്പ് TRV, CS, CAS, TCR എന്നീ കോഡുകളായിരുന്നു ഉപയോഗിച്ചിരുന്നത്.
1956നു ശേഷം ഇറങ്ങിയ ആദ്യ കാല സിനിമകൾ ശ്രദ്ധിച്ചാൽ അതിലുപയോഗിച്ചിരിക്കുന്ന വാഹനങ്ങളുടെ നമ്പർ പ്ലേറ്റിൽ ഇങ്ങനെയാവും ഉണ്ടാവുക: KLT -തിരുവനന്തപുരം, KLQ -കൊല്ലം, KLK -കോട്ടയം, KLR -തൃശൂർ. തുടർവർഷങ്ങളിൽ KLA -ആലപ്പുഴ, KLP -പാലക്കാട്, KLD -കോഴിക്കോട്, KLC -കണ്ണൂർ തുടങ്ങിയവയും പിന്നീട് KLE -എറണാകുളം, KLM -മലപ്പുറവും നിലവിൽ വന്നതായി കാണാൻ കഴിയും. 1 മുതൽ 86 വരെ വിവിധ ജില്ലകൾ, സബ് ആർ.ടി ഓഫിസ് പരിധിയിലുള്ള രജിസ്ട്രേഷൻ കോഡുകൾ നിലവിലുണ്ട്. KL 86 -പയ്യന്നൂരാണ് പട്ടികയിലെ അവസാന കോഡ്.
വാൽക്കഷണം:
എ.ഐ കാമറയിൽ കുടുങ്ങാതിരിക്കാൻ നമ്പർ പ്ലേറ്റ് മറച്ചു വെച്ച് പായുന്നവരെ പൂട്ടുമെന്ന് പൊലീസും മോട്ടോർ വാഹന വകുപ്പും. ലവൻ മാരെ പൂട്ടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ചില വമ്പൻ ലോറികളുടെ പുറകിലെ നമ്പർ പ്ലേറ്റ് നൈസായി ചെളി വാരിത്തേച്ചും തോരണങ്ങൾകൊണ്ട് വിദഗ്ധമായി അലങ്കരിച്ചും നിരത്തിൽ പായുന്നത് പിടിക്കാൻ ഇവിടെ ആരുമില്ലേ? ഇവരൊക്കെ ആരെയെങ്കിലും ഇടിച്ചു തെറിപ്പിച്ചാൽ എങ്ങനെ കണ്ടുപിടിക്കാനാണ്?