അധികം കാത്തിരിക്കേണ്ടി വരില്ല, മാരുതി സുസുകി ഇ-വിറ്റാര ഡിസംബറിൽ!
text_fieldsമാരുതി സുസുകി ഇ-വിറ്റാര
ഇന്ത്യൻ വാഹനനിർമാതാക്കളായ മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് വാഹനമായ ഇ-വിറ്റാര ഡിസംബർ അവസാനത്തോടെ വിപണിയിൽ എത്താൻ സാധ്യതയുണ്ടെന്ന് കമ്പനി അറിയിച്ചു. 2025 ആഗസ്റ്റ് 26നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മാരുതി സുസുകി ഇ-വിറ്റാരയുടെ ആദ്യ യൂനിറ്റ് ഔദ്യോഗികമായി ഫ്ലാഗ് ഓഫ് ചെയ്തത്. ഹൈബ്രിഡ് ബാറ്ററി ഇലക്ട്രോഡുകൾ നിർമിക്കുന്നതിനായി മാരുതി വികസിപ്പിച്ചെടുത്ത ആദ്യത്തെ പ്ലാന്റിന്റെ ഉദ്ഘാടനവും ഇതിനോടൊപ്പം നടന്നു.
മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് വാഹനമായ (BEV) ഇ-വിറ്റാരയുടെ കയറ്റുമതി ആഗസ്റ്റിൽ ആരംഭിച്ചിരുന്നു. ഗുജറാത്തിലെ പിപാവാവ് തുറമുഖത്ത് നിന്ന് യു.കെ, ജർമ്മനി, നോർവേ, ഫ്രാൻസ്, ഡെൻമാർക്ക്, സ്വിറ്റ്സർലൻഡ്, നെതർലാൻഡ്‌സ്, സ്വീഡൻ, ഹംഗറി, ഐസ്‌ലാൻഡ്, ഓസ്ട്രിയ, ബെൽജിയം എന്നീ 12 യൂറോപ്യൻ രാജ്യങ്ങളിലേക്ക് 2,900ത്തിലധികം ഇ-വിറ്റാര കയറ്റുമതി ചെയ്തു. ഇന്ത്യയെ ഇ-വിറ്റാരയുടെ ആഗോള ഉൽപാദന കേന്ദ്രമായി സ്ഥാപിക്കുന്നതിനുള്ള പ്രധാന നാഴികക്കല്ലായിരുന്നു ഈ കയറ്റുമതികൾ.
മാരുതിയുടെ ഗുജറാത്തിലെ നിർമ്മാണ കേന്ദ്രത്തിൽ മാത്രമാണ് ഇ-വിറ്റാര കമ്പനി നിർമ്മിക്കുന്നത്. കഴിഞ്ഞ വർഷം അവസാനമാണ് യൂറോപ്പിൽ ഇ-വിറ്റാര ആദ്യമായി അവതരിപ്പിച്ചത്. അതിനുശേഷം ഇന്ത്യയിൽ 2025ൽ നടന്ന ഭാരത് മൊബിലിറ്റി എക്സ്പോയിലും വാഹനം പ്രദർശിപ്പിച്ചു. ടൊയോട്ടയുമായി സഹകരിച്ച് 40PL സമർപ്പിത ഇ.വി പ്ലാറ്റ്‌ഫോമിലാണ് വാഹനം നിർമിച്ചിരിക്കുന്നത്. അതിനാൽ തന്നെ ഭാവിയിൽ ടൊയോട്ടയുടെ അർബൻ ക്രൂയിസർ മോഡലിന്റെ ഇ.വി വകഭേദവും പ്രതീക്ഷിക്കാം.
യൂറോപ്പിൽ നടന്ന ക്രാഷ് ടെസ്റ്റിൽ (യൂറോ എൻ.സി.എ.പി) 4 സ്റ്റാർ സുരക്ഷ മാരുതി ഇ-വിറ്റാര സ്വന്തമാക്കിയിരുന്നു. മുതിർന്നവരുടെ സുരക്ഷയിൽ 77 ശതമാനം പോയിന്റും കുട്ടികളുടെ സുരക്ഷയിൽ 85 ശതമാനം പോയിന്റും ഇ-വിറ്റാര നേടി. 49kWh, 61kWh എന്നീ രണ്ട് ബാറ്ററി പാക്കുകളുമായാണ് ഇ-വിറ്റാര വിപണിയിൽ എത്തുന്നത്. വലിയ ബാറ്ററി പാക്കിൽ ഓൾ-വീൽ ഡ്രൈവ് ഡ്യൂവൽ മോട്ടോർ സജ്ജീകരണമുണ്ട്. വാഹനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അനാച്ഛാദന വേളയിൽ കമ്പനി പുറത്തുവിടും.