ഇ.വി വാങ്ങാൻ പ്ലാനുണ്ടോ? കൺഫ്യൂഷൻ വേണ്ട!
text_fieldsപെട്രോൾ പമ്പിൽ കയറി 500 രൂപയ്ക്ക് ഇന്ധനം അടിച്ചിട്ട് മീറ്ററിൽ നോക്കുമ്പോൾ സൂചി കാര്യമായി അനങ്ങാത്ത അവസ്ഥയുണ്ടോ? അങ്ങനെയെങ്കിൽ ഒരു ഇലക്ട്രിക് കാറിനെക്കുറിച്ച് ആലോചിച്ചുതുടങ്ങാം. ഇന്ധനച്ചെലവ് കുറയ്ക്കാമെന്നതാണ് പ്രധാന ആകർഷണം. പക്ഷേ അത്യാവശ്യം ഓട്ടമുള്ള ആളാണെങ്കിലേ ഇ.വിയിലേക്ക് സ്വിച്ച് ചെയ്യാവൂ എന്ന കാര്യം ഓർമയിലുണ്ടായിരിക്കണം. പെട്രോൾ കാർ ഉപേക്ഷിച്ച് ഇലക്ട്രിക് വാഹനത്തിലേക്ക് മാറാൻ തീരുമാനിക്കുമ്പോൾ മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ വരും.ഒറ്റ ചാർജിൽ എത്ര ദൂരം ഓടും? എ.സി ഇട്ടാൽ ബാറ്ററി പെട്ടെന്ന് തീരില്ലേ? വീട്ടിൽ ചാർജ് ചെയ്യാൻ സൗകര്യമില്ലെങ്കിൽ എന്തുചെയ്യും? കുടുംബത്തോടൊപ്പം യാത്ര പോകുമ്പോൾ വഴിയിൽ ചാർജ് തീർന്നാൽ അടുത്ത ചാർജിങ് സ്റ്റേഷൻ വരെ തള്ളിക്കൊണ്ടുപോകേണ്ടിവരുമോ?
പെട്രോൾ കാറിൽ ഇന്ധനം തീർന്നാൽ അടുത്ത പമ്പ് തേടാം. ഇലക്ട്രിക് കാറിൽ അങ്ങനെയല്ല, യാത്ര തുടങ്ങുന്നതിനുമുമ്പ് കുറച്ച് കണക്കുകൂട്ടൽ കൂടി വേണം.എന്നാൽ 15 ലക്ഷം രൂപയിൽ താഴെയുള്ള വിലവിഭാഗത്തിൽ ഇപ്പോൾ നിരവധി ഇലക്ട്രിക് കാറുകളുണ്ട്. നഗരത്തിൽ ഓടിക്കാൻ ചെറിയ കാറുകൾ മുതൽ കുടുംബവുമായി യാത്ര ചെയ്യാൻ കഴിയുന്ന എസ്.യു.വികൾ വരെ. നമ്മൾ ഒരു ഇ.വി ഏത് ബ്രാൻഡെന്ന് തീരുമാനിച്ചുകഴിഞ്ഞാൽ അതേ വാഹനം നിലവിൽ ഉപയോഗിക്കുന്ന ഒന്നിലധികം പേരോട് അഭിപ്രായം ചോദിക്കുന്നത് ഗുണകരമാകും. കമ്പനികളുടെ പരസ്യത്തിലെ റേഞ്ച് മാത്രം കണ്ട് തീരുമാനിക്കാതെ യഥാർഥ ഉപയോഗത്തിലെ മികവും പോരായ്മകളും പരിശോധിക്കാം.
ഇലക്ട്രിക് കാറിലേക്ക് മാറുമ്പോൾ എന്തൊക്കെയാണ് ‘മാറുന്നത്’?
പുതിയ കാർ വാങ്ങുമ്പോൾ നിറവും രൂപവും ഫീച്ചറുകളും നോക്കുന്നതിന് മുമ്പ് ഒരു കാര്യം മനസ്സിലാക്കണം. ഇലക്ട്രിക് കാർ ഉപയോഗിക്കുന്ന രീതി പെട്രോൾ കാറിൽനിന്ന് അൽപ്പം വ്യത്യസ്തമാണ്.
റേഞ്ച് എന്ന പേടി!
പെട്രോൾ കാറിൽ ഇന്ധനം കുറയുമ്പോൾ അടുത്ത പമ്പിൽ കയറിയാൽ മതി. എന്നാൽ ഇലക്ട്രിക് കാറിൽ ബാറ്ററിയിൽ എത്ര ചാർജുണ്ട്, ഇനി എത്ര ദൂരം പോകാനാകും, വഴിയിൽ ചാർജിങ് സൗകര്യമുണ്ടോ തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കണം. പ്രത്യേകിച്ച് ദീർഘദൂര യാത്രകളിൽ ഇത് പ്രധാനമാണ്.
എ.സി ഇട്ടാൽ ചാർജ് തീർന്നുപോകുമോ?
എ.സി ഉപയോഗിക്കുമ്പോൾ ബാറ്ററിയിൽനിന്ന് കൂടുതൽ വൈദ്യുതി ചെലവാകും. അതിനാൽ റേഞ്ചിൽ കുറവുണ്ടാകാം. എന്നാൽ എ.സി ഇട്ടാൽ പകുതി ദൂരം പോലും ഓടാനാകില്ലെന്നൊന്നും കരുതേണ്ടതില്ല. വാഹന മോഡൽ, പുറത്തെ ചൂട്, വേഗത, യാത്രക്കാരുടെ എണ്ണം എന്നിവയെല്ലാം റേഞ്ചിനെ ബാധിക്കും. കേരളത്തിലെ ചൂടിൽ എ.സി ഓഫ് ചെയ്ത് വിയർത്തൊലിച്ച് യാത്ര ചെയ്യേണ്ട കാര്യമില്ല!
വീട്ടിൽ ചാർജ് ചെയ്യാമോ?
ഇലക്ട്രിക് കാറിന്റെ ഏറ്റവും വലിയ സൗകര്യങ്ങളിലൊന്ന് വീട്ടിൽ ചാർജ് ചെയ്യാമെന്നതാണ്. കമ്പനി നൽകുന്ന ചാർജർ ഉപയോഗിച്ച് വീട്ടിലെ പാർക്കിങ് സ്ഥലത്ത് തന്നെ ചാർജിങ് സൗകര്യം ഒരുക്കാം. എന്നാൽ ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് പാർക്കിങ് സ്ഥലത്തെ വൈദ്യുതി കണക്ഷൻ, അനുമതി തുടങ്ങിയ കാര്യങ്ങൾ മുൻകൂട്ടി പരിശോധിക്കണം.
ബാറ്ററി മാറ്റാൻ വലിയ തുക വേണ്ടിവരുമോ?
ഇലക്ട്രിക് കാർ വാങ്ങാൻ മടിക്കുന്നവരുടെ പ്രധാന ആശങ്കയാണിത്. ബാറ്ററിക്ക് നിശ്ചിത വർഷത്തേക്കോ കിലോമീറ്റർ പരിധിവരെയോ വാറന്റിയുണ്ടാകും. ഉപയോഗത്തിനനുസരിച്ച് കാലക്രമേണ ബാറ്ററിയുടെ ശേഷി കുറയാം. അതിനാൽ വാറന്റിയുടെ കാലാവധിയും അതിലെ നിബന്ധനകളും വാങ്ങുന്നതിന് മുമ്പ് പരിശോധിക്കണം. നിലവിലെ കണക്കുകൾ പ്രകാരം ഒരു ഇലക്ട്രിക് കാറിന്റെ ആകെ വിലയുടെ 30% മുതൽ 40% വരെ വരുന്നത് അതിന്റെ ബാറ്ററി പായ്ക്കിനാണ്. ഉദാഹരണത്തിന്, 10-14 ലക്ഷം രൂപ വിലവരുന്ന ബജറ്റ് ഇലക്ട്രിക് കാറുകളുടെ ബാറ്ററി പൂർണ്ണമായും മാറ്റണമെങ്കിൽ ഏകദേശം 3.5 ലക്ഷം മുതൽ 7 ലക്ഷം രൂപ വരെ (നികുതിയും ലേബർ ചാർജും ഉൾപ്പെടെ) ചെലവ് വരാം. ബാറ്ററി പായ്ക്കിലെ ഏതെങ്കിലും ഒരു സെല്ലിനോ മൊഡ്യൂളിനോ ആണ് തകരാർ സംഭവിക്കുന്നതെങ്കിൽ, മുഴുവൻ ബാറ്ററിയും മാറ്റുന്നതിന് പകരം ആ ഭാഗം മാത്രം മാറ്റിയാൽ മതിയാകും. ഇതിന് പുതിയ ബാറ്ററിയുടെ 30-40% ചെലവ് മാത്രമേ വരികയുള്ളൂ.എന്നാൽപ്പോലും പ്രാക്ടിക്കലായി ചിന്തിക്കുന്ന, ശുഭാപ്തി വിശ്വാസിയാണ് നിങ്ങളെങ്കിൽ ബാറ്ററി വില 40% ആണെങ്കിലും, 8 വർഷത്തിനുള്ളിൽ ലക്ഷക്കണക്കിന് കിലോമീറ്റർ ഓടുമ്പോൾ പെട്രോൾ ഇനത്തിൽ ലാഭിക്കുന്ന തുക വെച്ച് നോക്കുമ്പോൾ ബാറ്ററി മാറ്റുന്ന കാര്യമോർത്ത് ആശങ്കപ്പെടേണ്ടതില്ല!.
ദൂരയാത്രകൾ പറ്റുമോ?
തീർച്ചയായും പോകാം. എന്നാൽ പെട്രോൾ കാറിലെപ്പോലെ എവിടെനിന്നും ഇന്ധനം നിറയ്ക്കാമെന്ന സൗകര്യം ഇപ്പോഴും എല്ലായിടത്തുമില്ല. യാത്രാമാർഗത്തിലെ ചാർജിങ് സ്റ്റേഷനുകൾ മുൻകൂട്ടി കണ്ടെത്തുന്നത് നല്ലതാണ്. ചാർജ് ചെയ്യാൻ എടുക്കുന്ന സമയവും യാത്രയുടെ ഭാഗമാക്കേണ്ടിവരും.
15 ലക്ഷത്തിൽ താഴെ പരിഗണിക്കാവുന്ന 5 ഇലക്ട്രിക് കാറുകൾ
1. എം.ജി കോമറ്റ് ഇ.വി- നഗരത്തിലെ തിരക്കുകൾക്ക് കുഞ്ഞൻ കൂട്ടുകാരൻ
നഗരത്തിലെ ഇടുങ്ങിയ വഴികളിലൂടെ വലിയ കാർ ഓടിച്ച് പാർക്ക് ചെയ്യാൻ സ്ഥലം തേടി വട്ടംകറങ്ങുന്നവർക്കുള്ള ഉത്തരമാണ് എം.ജി കോമറ്റ്. വലുപ്പം കുറവാണെങ്കിലും നഗരയാത്രകളിൽ നൽകുന്ന സൗകര്യം ശ്രദ്ധേയമാണ്.
- വില: ഏകദേശം 7.9 ലക്ഷം മുതൽ 10.17 ലക്ഷം രൂപ വരെ (എക്സ്-ഷോറൂം).
- ബാറ്ററി: 17.3 കിലോവാട്ട് അവർ.
- കമ്പനി പറയുന്ന റേഞ്ച്: 230 കിലോമീറ്റർ.
- യഥാർഥ റേഞ്ച്: ഏകദേശം 180–190 കിലോമീറ്റർ
പ്രത്യേകതകൾ:
- രണ്ട് 10.25 ഇഞ്ച് സ്ക്രീനുകൾ.
- ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ സൗകര്യങ്ങൾ.
- ചെറിയ വലുപ്പം കാരണം എളുപ്പത്തിൽ പാർക്ക് ചെയ്യാം.
- നഗരത്തിലെ ദൈനംദിന യാത്രകൾക്ക് അനുയോജ്യം.
പോരായ്മകൾ:
- നാല് പേർക്ക് മാത്രമാണ് യാത്ര ചെയ്യാൻ കഴിയുക.
- ലഗേജ് വെക്കാനുള്ള സ്ഥലം വളരെ കുറവാണ്.
- ഡി.സി ഫാസ്റ്റ് ചാർജിങ് സൗകര്യമില്ല.
- മോശം റോഡുകളിൽ ചെറിയ ടയറുകൾ കാരണം യാത്രാസുഖം കുറയാം.
ആർക്കാണ് അനുയോജ്യം?
ഓഫിസിലേക്കും കടകളിലേക്കും നഗരത്തിനുള്ളിലുമായി ദിവസവും യാത്ര ചെയ്യുന്നവർക്ക്. വീട്ടിലെ രണ്ടാമത്തെ കാറായും പരിഗണിക്കാം. എന്നാൽ അഞ്ച് പേരെയും കൂട്ടി മൂന്നാറിലേക്ക് പോകാൻ ഇതുമായി ഇറങ്ങുന്നതിന് മുമ്പ് ലഗേജ് എവിടെ വെക്കുമെന്നുകൂടി ആലോചിക്കണം!
2. ടാറ്റ ടിയാഗോ ഇ.വി -കുറഞ്ഞ ബജറ്റിൽ കുടുംബത്തിനൊരു കൂട്ടുകാരൻ
പെട്രോൾ ഹാച്ച്ബാക്കിൽനിന്ന് ഇലക്ട്രിക് വാഹനത്തിലേക്ക് മാറാൻ ആഗ്രഹിക്കുന്നവർക്ക് പരിചിതമായ രൂപവും ഉപയോഗസൗകര്യവും നൽകുന്ന മോഡലാണ് ടിയാഗോ ഇ.വി.
- വില: ഏകദേശം 6.99 ലക്ഷം മുതൽ 9.99 ലക്ഷം രൂപ വരെ (എക്സ്-ഷോറൂം).
- ബാറ്ററി: 19.2, 24 കിലോവാട്ട് അവർ.
- കമ്പനി പറയുന്ന റേഞ്ച്: 285 കിലോമീറ്റർ വരെ.
- യഥാർഥ റേഞ്ച്: ഏകദേശം 180–215 കിലോമീറ്റർ.
പ്രത്യേകതകൾ:
- അഞ്ച് പേർക്ക് യാത്ര ചെയ്യാം.
- ഡിസി ഫാസ്റ്റ് ചാർജിങ് സൗകര്യം.
- റീജനറേറ്റീവ് ബ്രേക്കിങ്.
- നഗരയാത്രകൾക്കും ചെറിയ ദൂരത്തിലുള്ള ഹൈവേ യാത്രകൾക്കും അനുയോജ്യം.
പോരായ്മകൾ:
- പിൻസീറ്റിൽ മൂന്ന് മുതിർന്നവർക്ക് ഇരിക്കുമ്പോൾ സ്ഥലപരിമിതി അനുഭവപ്പെടാം.
- ലഗേജ് സൂക്ഷിക്കാനുള്ള സ്ഥലം പരിമിതമാണ്.
- ഉയർന്ന വേഗതയിൽ തുടർച്ചയായി ഓടിക്കുമ്പോൾ റേഞ്ച് കുറയാം.
ആർക്കാണ് അനുയോജ്യം?
10 ലക്ഷം രൂപയിൽ താഴെ ബജറ്റുള്ള ചെറിയ കുടുംബങ്ങൾക്ക്. ദിവസേനയുള്ള യാത്രകൾക്കൊപ്പം ഇടയ്ക്കിടെ അടുത്തുള്ള സ്ഥലങ്ങളിലേക്ക് പോകാനും ഉപയോഗിക്കാം.
3. ടാറ്റ പഞ്ച് ഇ.വി – 15 ലക്ഷത്തിന് താഴെയുള്ള മികച്ച ഓൾറൗണ്ടർ
വീണ്ടും ടാറ്റയുടെ വാഹനമാണല്ലോ എന്ന് നെറ്റി ചുളിക്കേണ്ടതില്ല. ചെറിയ കാറിന്റെ വിലയിൽ എസ്.യു.വിയുടെ രൂപവും കൂടുതൽ യാത്രാസൗകര്യവും ആഗ്രഹിക്കുന്നവർക്ക് പരിഗണിക്കാവുന്ന മോഡലാണ് ടാറ്റ പഞ്ച് ഇ.വി. ഉയർന്ന ഡ്രൈവിങ് പൊസിഷനും മികച്ച ബാറ്ററി ശേഷിയും ഇതിന്റെ ആകർഷണങ്ങളാണ്.
വില: ഏകദേശം 9.69 ലക്ഷം മുതൽ 12.59 ലക്ഷം രൂപ വരെ (എക്സ്-ഷോറൂം).
ബാറ്ററി: 30, 40 കിലോവാട്ട് അവർ.
കമ്പനി പറയുന്ന റേഞ്ച്: 365–468 കിലോമീറ്റർ വരെ.
യഥാർഥ റേഞ്ച്: 40 കിലോവാട്ട് അവർ പതിപ്പിൽ നടത്തിയ ഒരു റോഡ് പരിശോധനയിൽ ഏകദേശം 304 കിലോമീറ്റർ.
പ്രത്യേകതകൾ:
- വലിയ ബാറ്ററി ഓപ്ഷൻ.
- ഡിസി ഫാസ്റ്റ് ചാർജിങ്.
- ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്.
- 360 ഡിഗ്രി ക്യാമറ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉയർന്ന പതിപ്പുകളിൽ.
- അഞ്ച് പേർക്ക് യാത്ര ചെയ്യാം.
പോരായ്മകൾ:
- ഉയർന്ന പതിപ്പുകൾ വാങ്ങുമ്പോൾ വില കൂടും.
- പിൻസീറ്റിലെ യാത്രാസുഖം കുടുംബാംഗങ്ങൾക്കൊപ്പം പരിശോധിക്കണം.
- സർവീസ് അനുഭവവും സോഫ്റ്റ്‌വെയർ സംവിധാനങ്ങളും ടെസ്റ്റ് ഡ്രൈവിനൊപ്പം വിലയിരുത്തണം. നിരവധി പരാതികൾ, റേഞ്ച് ഡ്രോപ്പുൾപ്പടെ കസ്റ്റർമർ ഫീഡ്ബാക്ക് പരാതികൾ സോഷ്യൽ മീഡിയകളിലുൾപ്പടെ ഈ വാഹനത്തിന്‍റെ വന്നതായി കാണാം.
ആർക്കാണ് അനുയോജ്യം?
ദിവസേന ഓഫിസിലേക്കും ഇടയ്ക്കിടെ കുടുംബത്തോടൊപ്പം ദൂരയാത്രകൾക്കും കാർ ഉപയോഗിക്കുന്നവർക്ക്. ഈ പട്ടികയിൽ റേഞ്ചും സൗകര്യങ്ങളും തമ്മിൽ മികച്ച സന്തുലിതാവസ്ഥ നൽകുന്ന മോഡലുകളിലൊന്നാണിത്.
4. സിട്രോൺ ഇ.സി3 -യാത്രാസുഖത്തിന് പ്രാധാന്യം നൽകുന്നവർക്ക്
വാഹനം ഓടിക്കുമ്പോൾ റോഡിലെ ഓരോ കുഴിയും ശരീരത്തിൽ അനുഭവപ്പെടരുതെന്ന് ആഗ്രഹിക്കുന്നവരുണ്ടല്ലോ. അത്തരക്കാർക്ക് പരിഗണിക്കാവുന്ന മോഡലാണ് സിട്രോൺ ഇ.സി3. സുഖകരമായ സസ്പെൻഷനും വിശാലമായ അകത്തളവുമാണ് ഇതിന്റെ പ്രധാന ആകർഷണം.
- വില: ഏകദേശം 12.09 ലക്ഷം മുതൽ 13.36 ലക്ഷം രൂപ വരെ (എക്സ്-ഷോറൂം).
- ബാറ്ററി: 29.2 കിലോവാട്ട് അവർ.
- കമ്പനി പറയുന്ന റേഞ്ച്: 320 കിലോമീറ്ററിന് മുകളിൽ.
- യഥാർഥ റേഞ്ച്: ഏകദേശം 200–230 കിലോമീറ്റർ.
പ്രത്യേകതകൾ:
- വിശാലമായ ക്യാബിൻ.
- സുഖകരമായ സസ്പെൻഷൻ.
- 315 ലിറ്റർ ബൂട്ട് സ്പേസ്.
- 10.25 ഇഞ്ച് ടച്ച് സ്ക്രീൻ.
- 180 മില്ലിമീറ്റർ ഗ്രൗണ്ട് ക്ലിയറൻസ്.
പോരായ്മകൾ:
- ഡിസി ഫാസ്റ്റ് ചാർജിങ് സൗകര്യമില്ല.
- ബാറ്ററിക്ക് ലിക്വിഡ് കൂളിങ് സംവിധാനമില്ല.
- മറ്റ് പ്രമുഖ ബ്രാൻഡുകളെ അപേക്ഷിച്ച് സർവീസ് ശൃംഖല പരിമിതമാണ്. റീസെയിൽ മാർക്കറ്റിൽ കാര്യമായ ഡിമാൻഡുണ്ടാകണമെന്നില്ല. വിൽക്കാനല്ലല്ലോ, ഓടിക്കാനല്ലേ കാർ വാങ്ങുന്നത് എന്ന ചിന്താഗതിക്കാർക്ക് തീർച്ചയായും പരിഗണിക്കാം.
ആർക്കാണ് അനുയോജ്യം?
കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നവർക്കും അകത്തളത്തിലെ സ്ഥലസൗകര്യത്തിനും യാത്രാസുഖത്തിനും പ്രാധാന്യം നൽകുന്നവർക്കും.
5. മഹീന്ദ്ര എക്‌സ്.യു.വി 3XO ഇ.വി – കരുത്തും എസ്.യു.വി അനുഭവവും
ടാറ്റയുടെ കാറുകൾക്ക് പുറമെ മറ്റൊരു ഇന്ത്യൻ ബ്രാൻഡിന്റെ ഇലക്ട്രിക് എസ്.യു.വി പരിഗണിക്കുന്നവർക്ക് മഹീന്ദ്ര എക്‌സ്.യു.വി 3XO ഇ.വി നോക്കാം. മികച്ച പെർഫോമൻസും ആധുനിക സാങ്കേതിക സൗകര്യങ്ങളുമാണ് ഇതിന്റെ ആകർഷണം.
വില: ഏകദേശം 13.89 ലക്ഷം മുതൽ 14.96 ലക്ഷം രൂപ വരെ (എക്സ്-ഷോറൂം).
ബാറ്ററി: 39.4 കിലോവാട്ട് അവർ.
കമ്പനി പറയുന്ന യഥാർഥ റേഞ്ച്: 285 കിലോമീറ്റർ വരെ.
പ്രത്യേകതകൾ:
- 110 കിലോവാട്ട് ഇലക്ട്രിക് മോട്ടോർ.
- 310 എൻ.എം ടോർക്ക്.
- ഉയർന്ന പതിപ്പിൽ ലെവൽ 2 എ.ഡി.എ.എസ് സൗകര്യങ്ങൾ.
- 360 ഡിഗ്രി ക്യാമറ.
- ഹർമൻ കാർഡൺ ശബ്ദ സംവിധാനം.
- കണക്റ്റഡ് കാർ സാങ്കേതികവിദ്യ.
പോരായ്മകൾ:
- ഓൺ-റോഡ് വില 15 ലക്ഷം രൂപ കടക്കാൻ സാധ്യതയുണ്ട്.
- വേരിയന്റുകളുടെ എണ്ണം പരിമിതമാണ്.
- ദൂരയാത്രകൾക്ക് മുമ്പ് ചാർജിങ് സൗകര്യങ്ങൾ പരിശോധിക്കണം.
ആർക്കാണ് അനുയോജ്യം?
എസ്.യു.വിയുടെ രൂപവും മികച്ച പെർഫോമൻസും ആധുനിക സൗകര്യങ്ങളും ആഗ്രഹിക്കുന്നവർക്ക്. ബജറ്റ് അല്പം നീട്ടാൻ കഴിയുന്നവർക്ക് പരിഗണിക്കാവുന്ന മോഡൽ.
മാരുതി ഇ-വിറ്റാരയെ പട്ടികയിൽ ഉൾപ്പെടുത്താത്തത് എന്തുകൊണ്ട്?
പുതിയ ഇലക്ട്രിക് എസ്.യു.വിയായ മാരുതി സുസുക്കി ഇ-വിറ്റാര ഈ പട്ടികയിൽ ഇടംപിടിക്കാത്തത് എന്തുകൊണ്ടാണെന്ന് സംശയം തോന്നാം. മികച്ച റേഞ്ചും ആധുനിക സൗകര്യങ്ങളുമുള്ള വാഹനമാണിത്. എന്നാൽ ഇതിന്റെ സാധാരണ എക്സ്-ഷോറൂം വില 16.19 ലക്ഷം രൂപ മുതലാണ്. അതായത് 15 ലക്ഷം രൂപയിൽ താഴെയുള്ള ബജറ്റിന് പുറത്താണ്. ബാറ്ററി വാടകയ്ക്ക് നൽകുന്ന പ്രത്യേക പദ്ധതിയുണ്ടെങ്കിലും അതിന് ഓരോ കിലോമീറ്ററിനും അധിക തുക നൽകണം. അതുകൊണ്ടാണ് 15 ലക്ഷത്തിൽ താഴെയുള്ള അഞ്ച് കാറുകളുടെ താരതമ്യത്തിൽ ഇ-വിറ്റാരയെ ഉൾപ്പെടുത്താത്തത്.
ഒറ്റനോട്ടത്തിൽ അഞ്ച് കാറുകൾ (ഏകദേശ എക്സ്-ഷോറൂം വില | റേഞ്ച്):
- എം.ജി കോമറ്റ് ഇ.വി | 7.9–10.17 ലക്ഷം | 180–190 കി.മീ.
- ടാറ്റ ടിയാഗോ ഇ.വി | 6.99–9.99 ലക്ഷം | 180–215 കി.മീ.
- ടാറ്റ പഞ്ച് ഇ.വി | 9.69–12.59 ലക്ഷം | 304 കി.മീ. വരെ പരീക്ഷണഫലം
- സിട്രോൺ ഇ.സി3 | 12.09–13.36 ലക്ഷം | 200–230 കി.മീ.
- മഹീന്ദ്ര എക്‌സ്.യു.വി 3XO ഇ.വി | 13.89–14.96 ലക്ഷം | 285 കി.മീ. വരെ കമ്പനി അവകാശവാദം
വിലകളും റേഞ്ചും ഏകദേശ കണക്കുകളാണ്. വേരിയന്റും വാഹനത്തിന്റെ മോഡൽ വർഷവും ഉപയോഗരീതിയും അനുസരിച്ച് മാറ്റമുണ്ടാകാം.ഇലക്ട്രിക് കാർ വാങ്ങിയാൽ പെട്രോൾ ചെലവ് ഗണ്യമായി കുറയ്ക്കാം. എന്നാൽ അതുകൊണ്ട് വാഹനം ഉപയോഗിക്കുന്നതിനുള്ള എല്ലാ ചെലവുകളും ഇല്ലാതാകില്ല. വൈദ്യുതി നിരക്ക്, ചാർജിങ് രീതി, ടയർ മാറ്റം, ഇൻഷുറൻസ്, അറ്റകുറ്റപ്പണികൾ എന്നിവയും കണക്കിലെടുക്കണം.വീട്ടിൽ ചാർജ് ചെയ്യാൻ സൗകര്യമുണ്ടെങ്കിൽ ചെലവ് കുറയ്ക്കാൻ കൂടുതൽ എളുപ്പമാണ്. പൊതുചാർജിങ് കേന്ദ്രങ്ങളെ മാത്രം ആശ്രയിക്കുന്നവർ അവിടത്തെ നിരക്കുകളും ലഭ്യതയും പരിശോധിക്കണം.ബാറ്ററിയുടെ വാറന്റി എല്ലാ മോഡലുകളിലും ഒരുപോലെയല്ല. വർഷങ്ങളുടെ പരിധി, കിലോമീറ്റർ പരിധി, ബാറ്ററി ശേഷി കുറഞ്ഞാൽ ലഭിക്കുന്ന പരിരക്ഷ എന്നിവ പ്രത്യേകം ചോദിച്ചറിയണം.ഏറ്റവും പ്രധാനമായി, വാങ്ങാൻ ഉദ്ദേശിക്കുന്ന കാറിൽ കുടുംബത്തോടൊപ്പം ഒരു ടെസ്റ്റ് ഡ്രൈവ് നടത്തണം. പരസ്യത്തിലെ റേഞ്ച് കേട്ട് സന്തോഷിച്ച് കാർ വാങ്ങിയിട്ട് പിന്നീട് പിൻസീറ്റിൽ ഇരിക്കുന്നവർക്ക് യാത്ര ഇഷ്ടപ്പെട്ടില്ലെങ്കിൽ അതും പ്രശ്നമാണ്! ദിവസവും 40–50 കിലോമീറ്റർ മാത്രം യാത്ര ചെയ്യുന്നവർക്ക് വലിയ ബാറ്ററിയുള്ള കാർ നിർബന്ധമില്ല. എന്നാൽ ഇടയ്ക്കിടെ ദീർഘദൂര യാത്രകൾ നടത്തുന്നവർക്ക് കൂടുതൽ ശേഷിയുള്ള ബാറ്ററിയും ഫാസ്റ്റ് ചാർജിങ് സൗകര്യവും പ്രധാനമാണ്. യാത്ര തീരെ കുറവുള്ളവർക്ക് ഇ.വി റെക്കമന്‍റബിൾ വാഹനമല്ല എന്നതും മനസ്സിലുണ്ടായിരിക്കണം.നിങ്ങളുടെ യാത്രാശീലത്തിനും കുടുംബത്തിന്റെ ആവശ്യങ്ങൾക്കും അനുയോജ്യമായ മോഡലാണോ എന്ന് ഉറപ്പാക്കിയ ശേഷം മാത്രം തീരുമാനിക്കുക. അങ്ങനെ വാങ്ങിയാൽ പെട്രോൾ വില കാണുമ്പോഴുള്ള നെഞ്ചിടിപ്പ് കുറയ്ക്കാൻ ഇലക്ട്രിക് കാർ സഹായിച്ചേക്കും!



