ഒരാൾക്ക് ഒരായുസ്സിൽ എത്ര കാർ വേണം?
text_fieldsകനത്ത നഷ്ടം വരുമ്പോഴും മലയാളി ചിരിച്ചുകൊണ്ടുനിൽക്കുന്ന രണ്ടേരണ്ട് അവസരങ്ങളേ ഉണ്ടാകൂ. സ്വർണാഭരണം മാറ്റിവാങ്ങുമ്പോഴും കാർ വിറ്റു പുതിയത് വാങ്ങുമ്പോഴും. കേരളത്തിൽ തെക്കുവടക്കു സഞ്ചരിക്കുമ്പോൾ ബോധ്യമാകുന്ന ഒരു കാര്യമുണ്ട്. നമ്മുടെ നാട്ടിൽ പുതിയ വണ്ടികൾ വിൽക്കുന്നതിനെക്കാൾ കൂടുതൽ ഷോറൂമുകൾ ഉപയോഗിച്ച വാഹനങ്ങൾ വിൽക്കുന്നതിനുണ്ട്. ഇവയിൽ വിൽപനക്കു കിടക്കുന്ന വണ്ടികളിൽ മിക്കതിന്‍റെയും വിശേഷണം ‘ഷോറൂം കണ്ടീഷൻ’ എന്നായിരിക്കും. എന്തിനാണ് ഷോറൂം കണ്ടീഷനിലുള്ള വാഹനങ്ങൾ ആളുകൾ വിറ്റുകളയുന്നത്? വാങ്ങുമ്പോൾ തന്നെ 15 വർഷം നികുതിയടക്കുന്നവർ എത്രകാലം അതുപയോഗിക്കുന്നുണ്ടാവും? ഇതൊക്കെയറിയും മുമ്പ് കാറുകളുടെ ആയുസ്സ് എത്രയാണെന്ന് അന്വേഷിക്കുന്നത് നന്നായിരിക്കും.
രണ്ടാം ലോകമഹായുദ്ധകാലത്ത് ഉപയോഗിച്ച വില്ലീസ് ജീപ്പുകൾ ഓമനിച്ചു കൊണ്ടുനടക്കുന്നവരുടെ അഭിപ്രായത്തിൽ വാഹനങ്ങളുടെ ആയുസ് ആമയുടേതിനേക്കാൾ കൂടുതലാണ്. അതായത് നൂറ്റാണ്ടിനപ്പുറവും അവർ അത് കൊണ്ടുനടക്കും. പാറിപ്പറക്കുന്ന പുതുതലമുറ ഫ്രീക്കൻമാരോടു ചോദിച്ചാൽ കാറിനൊക്കെ ചിത്രശലഭത്തിനുള്ളതിനെക്കാൾ അൽപം കൂടി ആയുസ്സ് മതി. ഇതു രണ്ടും സ്വീകാര്യമാകാത്തവർക്ക് പുതിയ കാർ വിൽക്കുന്നവരോടും ഉപയോഗിച്ച കാർ വിൽക്കുന്നവരോടും അഭിപ്രായം തേടാം. ആവശ്യമില്ലാത്തവർക്ക് എങ്ങനെ വാഹനം വിൽക്കാം എന്നതാണ് പുതിയ വാഹനങ്ങൾ വിൽക്കുന്നവരുടെ എക്കാലത്തേയും ഗവേഷണ വിഷയം. കാർ ഇല്ലാത്തവരോട് കാറില്ലാതെ എങ്ങനെ ജീവിക്കുന്നു എന്ന് ചോദിക്കുന്ന എക്സികുട്ടന്മാർ കാറുള്ളരോട് ഇതിനിയും മാറ്റിവാങ്ങാറായില്ലേ എന്ന് അത്ഭുതപ്പെടും. പുത്തൻപോലുള്ള വണ്ടികൾ കിട്ടുമ്പോൾ എന്തിനു ലക്ഷങ്ങൾ പാഴാക്കി പുതിയ കാർ വാങ്ങണമെന്നതാണ് പഴയ കാർ വിൽക്കുന്നവരുടെ ചോദ്യം.
നിലവിലുള്ള വണ്ടി നൽകി പുതിയതെടുക്കാനുള്ള സൗകര്യം ഡീലർമാർ ഒരുക്കിത്തുടങ്ങിയതോടെയാണ് ഉടുപ്പുമാറുന്നപോലെ കാറുകൾ മാറിവാങ്ങുന്നവരുടെ എണ്ണവും കൂടിയത്. ഒരു കാറിന്‍റെ ഗുണങ്ങൾ അറിയാൻ ആ മോഡൽ വാങ്ങാൻ ഒരു ഷോറൂമിൽ ചെന്നാൽ മതി. ദോഷം അറിയണമെങ്കിൽ ആ കാർ എക്സ്ചേഞ്ച് ചെയ്യാൻ ശ്രമിച്ചാൽ മതി. സത്യത്തിൽ മനുഷ്യരെ പോലെ തന്നെയാണ് വാഹനങ്ങളുടെയും ആരോഗ്യവും. നന്നായി ശ്രദ്ധിച്ചാൽ ദീർഘായുസ് കിട്ടും. അശ്രദ്ധമൂലം ജന്മനാ മരിച്ചുപോകുന്നവരുമുണ്ട്.
അൽപം ഫ്ലാഷ് ബാക്
80 കളുടെ ഒടുക്കമെടുത്താൽ മാരുതിയും അമ്പാസിഡറും ഫിയറ്റും പേരിനൊരു മൊണ്ടാനയുമടങ്ങുന്നതായിരുന്നു ഇവിടുത്തെ കാർലോകം. മഹീന്ദ്രയുടെ സി.ജെയും ഹിന്ദുസ്ഥാൻ മോട്ടോഴ്സിന്റെ ട്രക്കറുമടങ്ങൂന്ന യൂട്ടിലിറ്റി വണ്ടികൾ. കോണ്ടസയിലും 118 എൻഇയിലുമൊതുങ്ങുന്ന ആഢംബരം. സ്റ്റാൻഡേർഡ് 2000 എന്ന ഒറ്റപ്പേരിലെ അത്യാഢംബരം. ഇവയും പട്ടാളത്തിൽ ചേർന്നതുകൊണ്ടുമാത്രം നാലുപേർ അറിയാൻ തുടങ്ങിയ ജോങ്ക, ജിപ്സി എന്നിങ്ങനെ അല്ലറചില്ല പാർട്ടികളും ചേർന്നതായിരുന്നു നമ്മുടെ നാട്. ഇതൊക്കെ വാങ്ങാൻ മുന്തിയ ശമ്പളം വാങ്ങുന്ന കുറച്ച് സർക്കാർ ജീവനക്കാർ, ഡോക്ടറും എൻജിനീയറും പോലുള്ള ചില പ്രാഫഷണലുകൾ, ബിസിനസുകാർ, സിനിമക്കാർ, എസ്റ്റേറ്റുടമകൾ എന്നിവർ മാത്രം. സൗകര്യമുണ്ടേൽ വണ്ടി വാങ്ങിയാൽ മതിയെന്നതായിരുന്നു കമ്പനികളുടെ നിലപാട്. അംബാസിഡർ പോലുള്ള വണ്ടികൾക്കൊപ്പം കുറെ സ്പെയർപാർട്സ് പെട്ടിയിലാക്കി കിട്ടും. വർക്ഷോപ്പിൽ കൊണ്ടുപോയി കൂട്ടിപ്പിടിപ്പിച്ചെടുത്താൽ വാങ്ങുന്നവനു കൊള്ളാം.
സ്റ്റാൻഡേർഡ് 2000
ഈ നൂറ്റാണ്ടിന്‍റെ തുടക്കം മുതൽ സ്ഥിതി മാറി. നിർത്തിപ്പോയതും കൂട്ടുകെട്ടുപിരിഞ്ഞതുമൊക്കെ ചേർത്താൽ 43 കമ്പനികളുടെ പേരിൽ നമ്മുടെ നാട്ടിൽ കാറുകൾ ഉണ്ടെന്നു കാണാം. ബി.എം.ഡബ്ല്യു, ബെൻസ്, പോർഷെ പോലുള്ളവ മാറ്റി നിർത്തി സാധാരണക്കാർക്ക് വാങ്ങാൻ പറ്റുന്ന വണ്ടികളുണ്ടാക്കുന്ന കമ്പനികളെ മാത്രം നോക്കിയാലും 15 എണ്ണം സജീവമാണ്. ഇവയെല്ലാംകൂടി വിൽപനക്കൊരുക്കുന്നത് 102 മോഡലുകളാണ്. ചിലതിനു പെട്രോളും ഡീസലും എന്നിങ്ങനെ തിരിവുമുണ്ട്. ഓരോ മോഡലിനും ശരാശരി നാലു വേരിയന്‍റ് പ്രകാരം കൂട്ടിയാൽ പോലും വിപണിയിലെത്തുന്നത് നാനൂറിലേറെ വകഭേദങ്ങളാണ്. ഒരു വണ്ടിയെടുത്ത് ഏതാനും വർഷം പിന്നിടുമ്പോഴേക്കും കൂടുതൽ സാങ്കേതിക വിദ്യ കൂട്ടിച്ചേർത്തുള്ള ഫേസ് ലിഫ്റ്റ് ഇറങ്ങുന്നതും ഇതോടൊപ്പം കണക്കുകൂട്ടണം. ഏതുവാങ്ങണമെന്നതു സംബന്ധിച്ച് വലിയൊരു തുണിക്കടയിൽ കയറുമ്പോഴത്തേക്കാൾ ആശയക്കുഴപ്പമുണ്ടാകുമെന്ന് ഉറപ്പ്.
എന്തുവാങ്ങും, എന്തിനുവാങ്ങും?
നാനൂറിൽപരം മോഡലുകൾ വിൽക്കാൻ നാലായിരത്തിലേറെ തന്ത്രങ്ങൾ കമ്പനികൾക്കുണ്ട്. കാർ ഷോറൂമുകളിലെ എക്സിക്യൂട്ടീവുമാരുടെ ഭാഷ കടമെടുത്താൽ ആഗ്രഹവും രണ്ടു ചെക് ലീഫുമുണ്ടെങ്കിൽ കേരളത്തിൽ ആർക്കും കാർ വാങ്ങാം. പ്രമുഖ കമ്പനികളെല്ലാം സർവീസ് ചെയ്യാൻ തങ്ങളുടെ വർക്ക്ഷോപ്പുകളിൽ എത്തുന്നവർക്ക് മുന്നിൽ പുതിയ കാർ മാറ്റി വാങ്ങാനുള്ള പ്രലോഭനം വെക്കാറുണ്ട്. നിലവിലെ മോഡൽ നിർത്താനാലോചിക്കുന്നുവെന്നും അതിലും നല്ല മോഡൽ വരുന്നുണ്ടെന്നുമുള്ള നിസ്സാരമായ കുശലം പറച്ചിലിലാണ് മനംമാറ്റത്തിനുള്ള പ്രേരണ തുടങ്ങുക. തൽപരരെന്നുതോന്നിയാൽ മാറ്റിവാങ്ങിയാൽ കിട്ടുന്ന അധിക ആനുകൂല്യങ്ങളുടെ കെട്ടഴിയും. ‘റോഡിൽ മുഴുവൻ സാറിന്‍റെ കൈയിലുള്ള കാറാണ് പുതിയതെടുത്താൽ മറ്റുള്ളവരെക്കാൾ ഗമയുണ്ടാകുമെന്ന ആണവായുധത്തിൽ ഒരുമാതിരിപ്പെട്ടവർ വീഴുകയാണ് പതിവ്. അഞ്ചാം വർഷം ഗാരന്‍റി തീരുംമുമ്പ് വിറ്റാൽ കൂടുതൽ വില വാങ്ങിത്തരാം എന്ന മോഹന വാഗ്ദാനം കൂടിയാകുമ്പോൾ ഉപഭോക്താവ് ഫ്ലാറ്റ്. ‘ഉണരൂ.. ഉപഭോക്താവേ ഉണരൂ..’ എന്നൊന്നും വിളിച്ചുകൂവിയിട്ട് ഇനി കാര്യവുമില്ല.
മയങ്ങിക്കിടക്കുന്ന കാറുടമക്കിട്ട് വെക്കുന്ന അടുത്ത മയക്കുവെടിയാണ് കാർവായ്പ എന്നത്. കഴിഞ്ഞ നൂറ്റാണ്ടിന്‍റെ ഒടുക്കത്തിൽ പ്രമുഖ ധനകാര്യ സ്ഥാപനങ്ങൾ അഞ്ചുവർഷമൊക്കെയായിരുന്നു വാഹനങ്ങൾക്കു അനുവദിച്ചിരുന്ന വായ്പ കാലാവധി. 12, 13 ശതമാനവും അതിൽ കൂടുതലുമൊക്കെയായിരുന്നു പലിശ നിരക്ക്. വണ്ടി വാങ്ങി വായ്പ തീർത്ത് പിന്നെയും നാലഞ്ചു വർഷം കഴിഞ്ഞാണ് ഉടമകൾ വണ്ടി വിറ്റിരുന്നത്. 2011 കടന്നപ്പോൾ ലോൺ കാലാവധി ഏഴുവർഷമൊക്കെയായി. പലിശ പത്തിലൊക്കെയെത്തി. ലോൺ അടച്ചുകഴിഞ്ഞാൽ വണ്ടി വിറ്റ് പുതിയതെടുക്കണം. നിലവിൽ 7.5, എട്ട് ശതമാനം പലിശക്ക് വാഹനവായ്പ കിട്ടുമെന്നായി. ഇതോടെ വാഹനം വാങ്ങൽ കുട്ടിക്കളിയായി. കൊറോണ കാലം കഴിഞ്ഞു വിപണി പച്ചപിടിച്ചു തുടങ്ങിയപ്പോൾ ഒരു കാർ വാങ്ങിയാൽ ശരാശരി നാലുവർഷം ഉപയോഗിച്ച് വിൽക്കുന്നതായി മലയാളിയുടെ രീതി. വാഹനം ഷോറൂമിൽ എത്തിച്ചു വിൽക്കുന്നു. വായ്പ അടച്ചശേഷം ബാക്കിയാവുന്ന തുക ഡൗൺപേയ്മെന്റായി നൽകുന്നു. പുതിയ വണ്ടിയുമായി പോകുന്നു എന്നതായി ശീലം. ഫിഷിങ് ഹാർബറിൽ കടൽക്കാക്കയെപ്പോലെയാണ് ഇവിടങ്ങളിൽ വാഹനബ്രോക്കർമാർ കറങ്ങുന്നത്.
എങ്ങനെ സംരക്ഷിക്കണം; എപ്പോൾ വിൽക്കണം?
തണുത്തുറഞ്ഞ യൂറോപ്പിൽ 12 മുതൽ 14 വർഷം വയെും ചുട്ടുപൊള്ളുന്ന ഗൾഫിൽ ആറുവർഷം വരെയുമൊക്കെ ഉപയോഗിച്ചിട്ടാണ് പല വാഹനങ്ങളും മാറണോയെന്ന് ശരാശരി വാഹനമുടമ തീരുമാനിക്കുന്നത്. ചൂടും തണുപ്പും പാകത്തിനുള്ള നമ്മുടെ നാട്ടിൽ ഗ്ലാമർ കുറയുന്നു എന്നുതോന്നുമ്പോഴേക്കും വണ്ടി മാറും. മോശം റോഡുകൾ, നിലവാരം കുറഞ്ഞ ഇന്ധനം... പഴയകാലത്ത് നമ്മുടെ വാഹനങ്ങളുടെ അന്തകരായിരുന്നത് ഇതൊക്കെയായിരുന്നു. ക്ഷയരോഗിയെപ്പോലെ അവശനായി പുക തുപ്പിയെത്തുന്ന വണ്ടികളുടെ എഞ്ചിൻ അഴിച്ച് സിലിണ്ടറിൽ സ്ലീവിട്ട് പുതിയ പിസ്റ്റണും ഘടിപ്പിച്ച് പടക്കുതിരയാക്കി വിടുന്ന വർക്ക്ഷോപ്പുകൾ അന്ന് നാടിന്‍റെ മുക്കിലും മൂലയിലും ഉണ്ടായിരുന്നു. കരിപുരണ്ട ജീവിതങ്ങൾ പോലുളള ആശാന്മാരും ശിഷ്യരും ആളെക്കൊല്ലുന്ന കൂലി വാങ്ങിയല്ല ഈ ജോലി ചെയ്തിരുന്നത്. വണ്ടിയുണ്ടാക്കിയ കമ്പനിയെയല്ല ഇത്തരം ആശാന്മാരിൽ വിശ്വാസമുറപ്പിച്ചാണ് നാട്ടുകാർ വണ്ടികൾ കൊണ്ടുനടന്നിരുന്നത്.
ഇപ്പോൾ സ്ഥിതി മാറി. അന്താരാഷ്ട്ര സാങ്കേതിക വിദ്യകൾ നമ്മുടെ നാട്ടിലെ വണ്ടികളിലുമെത്തി. നിലവാരമുള്ള ഇന്ധനവും, സൂപ്പർ റോഡുകളുമൊക്കെ ചേർന്നതോടെ വാഹനപരിപാലനം അത്ര ബുദ്ധിമുട്ടില്ലാത്ത കാര്യമായി. എങ്കിലും എൺപതിനായിരം കിലോമീറ്ററിൽ കൂടുതൽ ഓടിയ വണ്ടി എന്നത് നശിക്കാറായ വണ്ടിയാണെന്നാണ് പൊതുവെയുള്ള വിശ്വാസം. ഇവ വിറ്റൊഴിവാക്കുന്നതാണ് നല്ലതെന്ന അഭിപ്രായം ഷോറൂമിൽ നിന്നുതന്നെ വന്നേക്കാം. അതേസമയം, കമ്പനി നിർദേശിച്ചിരിക്കുന്ന രീതിയിൽ പരിപാലിച്ചാൽ ഭൂരിപക്ഷം വാഹനങ്ങളും ഒന്നര ലക്ഷം കിലോമീറ്റർ വരെ സുഖമായി ഉപയോഗിക്കാമെന്നാണ് മെക്കാനിക്കുകൾ പറയുന്നത്. ഓരോ പതിനായിരം കിലോമീറ്ററിനും എഞ്ചിനോയിൽ മാറിയുള്ള സർവീസും ഇരുപതിനായിരം കിലോമീറ്ററിൽ സ്വാഭാവികമായി തകരാറിലാകുന്ന ഭാഗങ്ങൾ മാറിയുള്ള സർവീസുമെന്ന രീതിയാണ് മിക്ക കമ്പനികളും പിന്തുടരുന്നത്. എൺപതിനായിരം കിലോമീറ്റർ കടക്കുമ്പോൾ പ്രത്യേകിച്ച് ഡീസൽ വാഹനങ്ങളിൽ ഇ.ജി.ആർ വൃത്തിയാക്കുന്ന ചടങ്ങും ലക്ഷം കിലോമീറ്ററിൽ എത്തുമ്പോൾ ടൈമിങ് ചെയിൻ മാറുകയെന്ന ചടങ്ങും കൃത്യമായി നടത്തിയിരിക്കണം. വാഹനത്തിനൊപ്പം കിട്ടുന്ന യൂസർ മാന്വൽ കൃത്യമായി വായിക്കുക എന്നത് പലതരം തെറ്റിദ്ധാരണകളും മാറ്റാൻ സഹായിക്കും.
അപകടത്തിൽ പെട്ടതല്ലയെങ്കിൽ യഥാസമയം യഥാവിധി നൽകുന്ന പരിചരണം കാറുകളെ 15 വർഷത്തിനപ്പുറം പോലും ഷോറൂം കണ്ടീഷനിൽ കൊണ്ടുനടക്കാൻ സഹായിക്കും. സർക്കാർ അനുവദിച്ചിരിക്കുന്ന കാലാവധി കഴിഞ്ഞ് വാഹനം പൊളിച്ചുവിറ്റ് പുതിയ വാഹനം വാങ്ങിയാൽ ഏറ്റവും ലാഭകരവും അതുതന്നെയായിരിക്കും. ഉദാഹരണത്തിന് 2019 നവംമ്പറിൽ വാങ്ങിയതും 95000 കിലോമീറ്റർ ഓടിയതുമായ ഡീസൽ ബ്രസ ഇസഡ്ഡിഐ ഓട്ടോമാറ്റിക് എക്സചേഞ്ച് ചെയ്താൽ കിട്ടുന്ന പരമാവധി വില 7.75 ലക്ഷമായിരിക്കും. പുറത്തുവിറ്റാൽ ലഭിക്കുക എട്ടു ലക്ഷവും. എതാണ്ട് ഇതേ സൗകര്യങ്ങളുള്ള പുതിയ ബ്രസ വാങ്ങാൻ ചിലവാകുക 15 ലക്ഷത്തിലധികമാണ്. അതായത് വിറ്റുകിട്ടുന്ന തുകയേക്കാൾ ഏഴു ലക്ഷം കൂടുതൽ. എന്നാൽ, കമ്പനി നിർദേശിക്കുന്ന സർവീസും ഇത്രയും കാലത്തെ ഉപയോഗശേഷം തകരാറിലായേക്കാമെന്ന് ഉടമക്ക് തോന്നുന്ന വീൽബെയറിങ് അടക്കമുള്ള ഘടകങ്ങളും ടയറുകളുമടക്കം മാറ്റിയിട്ട് പുതുപുത്തനാക്കിയിറക്കാൻ ഏകദേശം മുക്കാൽ ലക്ഷം രൂപയെ ചെലവഴിക്കേണ്ടൂ. ഇങ്ങനെ കിട്ടുന്ന വണ്ടി അടുത്ത ഒരു ലക്ഷം കിലോമീറ്റർ കൂടി പാട്ടും കേട്ട് ഓടിക്കാം. പുതിയ വണ്ടി വാങ്ങാൻ നീക്കിവെച്ച തുകയിൽ ബാക്കിവരുന്ന 6.25 ലക്ഷത്തിന്‍റെ പലിശ മതി ഒരുമാസത്തെ ഏകദേശ ഇന്ധന ചിലവിനെന്നതും ഓർമ വേണം.