ബാറ്ററി ഡൗണായോ? ജമ്പ് സ്റ്റാർട്ട് പരീക്ഷിക്കൂ
text_fieldsയാത്ര ചെയ്യുമ്പോൾ പലരും നേരിടുന്ന പ്രധാന പ്രശ്നമാണ് വാഹനത്തിന്റെ ബാറ്ററി ഡൗൺ ആവുന്നത്. ഇവ ചാർജ് ചെയ്ത് ഉപയോഗിക്കാമെങ്കിലും ചിലപ്പോൾ ബാറ്ററി പൂർണമായും മാറ്റേണ്ടിവരും. എന്നാൽ, ഇത്തരം സാഹചര്യങ്ങളിൽ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന തൽക്കാലിക പരിഹാരമാണ് ജമ്പ് സ്റ്റാർട്ടിങ്. ചില കാര്യങ്ങൾ ശ്രദ്ധിക്കാം.
ജമ്പ് സ്റ്റാർട്ട് ചെയ്യുന്ന വിധം
വാഹനത്തിന്റെ ബാറ്ററിയിൽ പ്രധാനമായും രണ്ടുതരം വയറുകളാണ് (ചുവപ്പ്, കറുപ്പ്) ഉണ്ടാവുക. ഇത് യഥാക്രമം പ്ലസ്, മൈനസ് എന്നിവയെ സൂചിപ്പിക്കുന്നു.
1. ചുവപ്പ് (+) കേബിൾ: ചാർജ് തീർന്ന വാഹനത്തിന്റെ (+) ടെർമിനലിൽ ഘടിപ്പിക്കുക.
2. ചുവപ്പ് കേബിളിന്റെ മറ്റേ അറ്റം ബാറ്ററി ചാർജ് ഉള്ള വാഹനത്തിന്റെ(+) ടെർമിനലിൽ ഘടിപ്പിക്കുക.
3. കറുപ്പ് (-) കേബിൾ: ബാറ്ററി ചാർജ് ഉള്ള വാഹനത്തിന്റെ (-) ടെർമിനലിൽ ഘടിപ്പിക്കുക.
4. കറുപ്പ് വയറിന്റെ മറ്റേ അറ്റം ചാർജ് തീർന്ന വാഹനത്തിന്റെ എൻജിനിലെ പെയിന്റ് ഇല്ലാത്ത ഒരു ലോഹഭാഗത്ത് ഘടിപ്പിക്കുക (ബാറ്ററിയിൽനിന്ന് അൽപം മാറി).
ഇത്തരത്തിൽ ഘടിപ്പിച്ചു കഴിഞ്ഞാൽ വാഹനം സ്റ്റാർട്ട് ചെയ്യാം. ആദ്യം സ്റ്റാർട്ട് ചെയ്യേണ്ടത് ബാറ്ററിയിൽ ചാർജുള്ള വാഹനമാണ്. പിന്നാലെ ചാർജ് തീർന്ന വാഹനവും സ്റ്റാർട്ട് ചെയ്യുക. വാഹനം ഓണായശേഷം അൽപ സമയം കഴിഞ്ഞ് കേബിളുകൾ നീക്കം ചെയ്യുക. ഘടിപ്പിച്ചതിന്റെ വിപരീത ക്രമത്തിൽ (4-3-2-1) കേബിളുകൾ ഓരോന്നായി നീക്കം ചെയ്യുന്നതാണ് ഉത്തമം.
സുരക്ഷ ഉറപ്പാക്കാൻ വേണ്ടി നെഗറ്റിവ് കേബിൾ ചാർജ് തീർന്ന വാഹനത്തിന്റെ ബാറ്ററിയിൽ നേരിട്ട് ഘടിപ്പിക്കാതെ എൻജിനിലെ ലോഹഭാഗത്ത് എവിടെയെങ്കിലും ഘടിപ്പിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
എന്നാൽ, ചില സമയങ്ങളിൽ ജമ്പ് സ്റ്റാർട്ട് വർക്ക് ചെയ്യണമെന്നില്ല. അത്തരം സാഹചര്യങ്ങളിൽ മെക്കാനിക്കുകൾ ചാർജുള്ള ബാറ്ററി കൊണ്ടുവന്ന് നേരിട്ട് വാഹനത്തിൽ ഘടിപ്പിച്ച് സ്റ്റാർട്ട് ചെയ്യാറുണ്ട്. ശേഷം അവരുടെ ബാറ്ററി അതിൽ നിന്നും മാറ്റി വാഹന ഉടമയുടെ ബാറ്ററി തിരികെ സ്ഥാപിക്കും.