ഒരു എൽ ബോർഡ് വാഹനം കണ്ടാൽ ചെയ്യേണ്ടത് ഇതാണ്, വൈറലായി കുറിപ്പ്
text_fieldsRepresentative image
റോഡ് നിയമങ്ങൾ പാലിക്കുന്നതിൽ പൊതുവേ വിമുഖതയുള്ളവരാണ് ഇന്ത്യക്കാരെന്ന് പറയാറുണ്ട്. ഒരു ഹൈവേയിലൂടെ വാഹനം ഓടിക്കുമ്പോൾ പാലിക്കേണ്ട മിനിമം നിയമങ്ങൾ അറിയാതെ പതിറ്റാണ്ടുകളായി വാഹനം ഓടിക്കുന്നവരും നമ്മുടെ ഇടയിലുണ്ട്. നിരത്തിൽ കൂടുതൽ സ്മാർട്ട് ആകാനാണ് ഇന്ത്യൻ ഡ്രൈവർമാക്കിഷ്ടം. ഇങ്ങിനെയുള്ള നമ്മുടെ മുന്നിൽ ഒരു എൽ ബോർഡ് വാഹനം വന്നാൽ എന്താകും സ്ഥിതി. അതിനെ എത്രയും പെട്ടെന്ന് മറികടക്കാനാവും നാം നോക്കുക.
എൽ ബോർഡ് വാഹനം റോഡിൽ കണ്ടാൽ എന്ത് ചെയ്യണമെന്ന് വിവരിക്കുന്ന എം.വി.ഡിയുടെ കുറിപ്പ് വൈറലാകുന്നു. സമൂഹമാധ്യമത്തിലാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. കുറിപ്പിന്‍റെ പൂർണരൂപം താഴെ.
ഒരിക്കൽ നാമും ലേണേഴ്സ് ഡ്രൈവിംഗ് ലൈസൻസിന് ഉടമയായിരുന്നു....
ലേണേഴ്സ് ചിഹ്നമായ L സ്റ്റിക്കറുള്ള ഒരു വാഹനം റോഡിൽ കാണുമ്പോൾ
അപ്രതീക്ഷിതമായി റോഡ് നിയമങ്ങൾക്ക് വിരുദ്ധമായിട്ടുള്ള ചലനങ്ങൾ പ്രതീക്ഷിച്ചു കൊണ്ട്, ആ വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്തേക്കാം എന്ന് കരുതിക്കൊണ്ട്,
മറ്റുള്ളവർക്ക് ബുദ്ധിമുട്ട് തോന്നിക്കുന്ന കുറഞ്ഞ വേഗതയിൽ ആയിരിക്കുന്നതിൽ അസ്വസ്ഥത പ്രകടിപ്പിക്കാതെ, ഇൻഡിക്കേറ്ററും സിഗ്നലും കാണിക്കാൻ ചിലപ്പോൾ മറന്നുപോയേക്കാം എന്ന് മുൻകൂട്ടി കണ്ടു കൊണ്ട് ,
നമ്മളാണ് കരുതൽ പാലിക്കേണ്ടത് ....
അവരിൽ നിന്നും അകലം പാലിച്ചും, ഹോൺ മുഴക്കി അവരെ പരിഭ്രാന്തരാക്കാതെയും കളിയാക്കലുകളും ആക്രോശങ്ങളും ഒഴിവാക്കിക്കൊണ്ടും അനുതാപത്തോടെ അവരെക്കൂടി ഉൾക്കൊണ്ടുകൊണ്ടും നമുക്കും മഹത്തായ മാതൃകകൾ സൃഷ്ടിക്കാം ....
*കാരണം നാമും ഒരിക്കൽ അവരായിരുന്നു* ....