ഓട്ടോമാറ്റിക് വാഹനങ്ങളിലെ ഗിയർ ചലിപ്പിക്കാൻ സാധിക്കുന്നില്ലേ? പരിഹാരമുണ്ട്
text_fieldsഓട്ടോമാറ്റിക് വാഹനങ്ങളിൽ മാത്രം സജ്ജീകരിച്ചിട്ടുള്ള ഒരു സുരക്ഷാ സംവിധാനമാണ് ഷിഫ്റ്റ്-ലോക്ക്. അപകടങ്ങളെ പ്രതിരോധിക്കാനുള്ള ഏറ്റവും അഡ്വാൻസ്ഡ് ഫീച്ചറാണിത്. മാനുവൽ ഡ്രൈവുള്ള വാഹനങ്ങൾ ഓടിക്കുന്നവർ പെട്ടെന്ന് ഓട്ടോമാറ്റിക് വാഹനം ഓടിക്കുമ്പോൾ തുടക്കത്തിൽ ഒരു അങ്കലാപ്പ് ഉണ്ടാവാം. അപ്പോഴും, ഓട്ടോമാറ്റിക് വാഹനമോടിക്കുന്ന പലർക്കും ഈ സേഫ്റ്റി ബട്ടന്റെ ഉപയോഗം അറിയില്ലെന്നതാണ് അദ്ഭുതം.
ഓട്ടോമാറ്റിക് വാഹനങ്ങളുടെ ഗിയർ ഷിഫ്റ്റ് ബോക്സിന് അടുത്തായിട്ടാണ് ഷിഫ്റ്റ്-ലോക്ക് ബട്ടന്റെ സ്ഥാനം. ഓരോ വാഹനത്തിന്റെയും ബട്ടന്റെ രൂപകൽപന ആ വാഹനത്തെ ആശ്രയിച്ചിരിക്കും. ചിലവാഹനങ്ങളിൽ ഇത് ഷിഫ്റ്റ് ഗിയർ പാനലിനോട് തൊട്ടടുത്തായിരിക്കും. എന്നാൽ, മറ്റു ചില വാഹങ്ങളിൽ ഇതിന്റെ സ്ഥാനം ഗിയർ ബോക്സിൽ നിന്നും അൽപ്പം മാറിയായിരിക്കും. ചിലർക്ക് ഈ ബട്ടൺ എന്താണെന്ന് അറിയാം. പക്ഷെ യഥാർഥ സമയത്ത് ഇത് ഉപയോഗിക്കാൻ അറിയില്ല. ഷിഫ്റ്റ്-ലോക്ക് എങ്ങനെ ഉപയോഗിക്കണമെന്ന് നോക്കിയാലോ?
എങ്ങനെ ഷിഫ്റ്റ്-ലോക്ക് റിലീസ് ചെയ്യാം?
മാനുവൽ ട്രാൻസ്മിഷൻ വാഹനങ്ങൾ ഗിയർ മാറ്റുന്നതിന് മുമ്പ് ക്ലച്ചിൽ ചവിട്ടണം. അല്ലാത്തപക്ഷം വാഹനത്തിന്റെ ഗിയർ ചലിപ്പിക്കാൻ സാധിക്കില്ല. ഓട്ടോമാറ്റിക് വാഹനങ്ങളിലാണെങ്കിൽ ബ്രേക്ക് പാടിലാണ് ക്ലച്ചും സജ്ജീകരിച്ചിട്ടുള്ളത്. കൂടാതെ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വാഹനങ്ങളിൽ ഒരു ഷിഫ്റ്റ്-ലോക്കും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഓട്ടോമാറ്റിക് വാഹനങ്ങൾ അപകടകരമായ സാഹചര്യങ്ങളിലും ഓടിക്കൊണ്ടിരിക്കുമ്പോൾ വാഹനം തകരാറിലായാലും ഏത് ഗിയറിലാണോ അതിൽ തന്നെ ലോക്ക് ആകും. വാഹനം ഓഫ് ചെയ്താലും ഗിയറിന്റെ സ്ഥാനം മാറില്ല. അത്തരം സാഹചര്യത്തിൽ മാനുവലായി ഗിയർ അൺലോക്ക് ചെയ്യുന്ന ബട്ടനാണ് ഷിഫ്റ്റ്-ലോക്ക് എന്ന് അറിയപ്പെടുന്നത്. വാഹനത്തിന് പ്രതീക്ഷിക്കാത്ത രീതിയിൽ അപകടം സംഭവിക്കുകയോ, വാഹനത്തിന്റെ ആന്തരിക ഭാഗങ്ങളിൽ കേടുപാട് സംഭവിക്കുകയോ ചെയ്യുമ്പോഴാണ് ഓട്ടോമാറ്റിക് ആയിട്ട് ഗിയർ പ്രവർത്തനക്ഷമമാകുന്നത്. പിന്നീട് മാനുവലായി ഷിഫ്റ്റ്-ലോക്ക് ബട്ടൺ പ്രസ് ചെയ്താൽ മാത്രമേ പാർക്കിങ് ഗിയറിൽ നിന്നും റിവേഴ്‌സിലേക്കോ, ഡ്രൈവ് മോഡിലേക്കോ വാഹനത്തെ ചലിപ്പിക്കാൻ സാധിക്കൂ. അടിയന്തര സാഹചര്യങ്ങളിൽ മാത്രമേ ഇത് ഉപയോഗപ്പെടുത്താവൂ.
എപ്പോഴാണ് ഉപയോഗിക്കേണ്ടത്?
ഷിഫ്റ്റ്-ലോക്ക് റിലീസ് ചെയ്യേണ്ട സാഹചര്യങ്ങളുമുണ്ട്. ഉദാഹരണത്തിന്, നിങ്ങളുടെ വാഹനത്തിന്റെ ബാറ്ററി തീർന്നാൽ നിങ്ങൾക്ക് വാഹനം ഓൺ ചെയ്യാൻ സാധിക്കില്ല. കൂടാതെ, ഓട്ടോമാറ്റിക് വാഹനമായതിനാൽ പാർക്കിങ് മോഡിൽ മാത്രമേ വാഹനം പാർക്ക് ചെയ്യാനും സാധിക്കൂ.
ഇത്തരം സാഹചര്യങ്ങളിൽ പാർക്ക് മോഡിൽ നിന്ന് ന്യൂട്രൽ മോഡിലേക്ക് ഗിയർ ചലിപ്പിക്കാൻ വേണ്ടി ഷിഫ്റ്റ് ലോക്ക് ഉപയോഗപ്പെടുത്താം. എങ്കിൽ മാത്രമേ വാഹനം സുരക്ഷിതമായി റിക്കവറി വാഹനത്തിൽ കയറ്റാൻ സാധിക്കൂ. ചില സമയങ്ങളിൽ ബ്രേക്ക് പാഡ് തകരാറിലായാലും ഗിയർ ചലിപ്പിക്കാൻ സാധിക്കില്ല. അത്തരം സാഹചര്യങ്ങളിലും ഷിഫ്റ്റ്-ലോക്ക് ഉപയോഗപ്പെടുത്താം.