25 കിലോമീറ്റർ ഇടവിട്ട് ഫാസ്റ്റ് ചാർജിങ് സ്റ്റേഷൻ; ഇ.വി വികസനത്തിൽ വിപ്ലവം തീർക്കാൻ കേരളം
text_fieldsഇന്ത്യയിൽ ഏറ്റവും വേഗത്തിൽ വളരുന്ന ഇ.വി വിപണിയാണ് കേരളം. ഇ.വി ഉടമകൾ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം ചാർജിങ് സൗകര്യങ്ങളുടെ അപര്യാപ്തതയും. ഇത് പരിഹരിക്കാൻ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ. സംസ്ഥാനത്തുടനീളം ഹൈവേകളിൽ 25 കിലോമീറ്റർ ഇടവിറ്റ് ചാർജിങ് സ്റ്റേഷനുകൾ ഒരുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
25 കിലോമീറ്ററിനുള്ളിൽ ഒന്ന്
ദേശീയ, സംസ്ഥാന പാതകളിൾ 25 കിലോമീറ്റര്‍ ദൂരത്തിനുളളിൽ ഇ.വികൾക്ക് വേണ്ടി ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷനുകള്‍ ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. കൂടാതെ ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ചാര്‍ജിങ് സൗകര്യമൊരുക്കുന്നതിന് 10 ലക്ഷം രൂപയോളം സബ്സിഡി നല്‍കാനും തീരുമാനമായിട്ടുണ്ട്. ഇക്കാര്യം മന്ത്രി കെ. കൃഷ്ണന്‍കുട്ടിയാണ് നിയമസഭയിൽ അറിയിച്ചത്.
എന്‍ഫോഴ്സ്മെന്റ് ആര്‍.ടി. ഓഫീസുകളിലും ചാര്‍ജിങ് സൗകര്യം സജ്ജീകരിക്കും. നിലവില്‍ 63 ഫാസ്റ്റ് ചാര്‍ജിങ് സെന്ററുകള്‍ സംസ്ഥാനത്ത് കെ.എസ്.ഇ.ബി. ഒരുക്കിയിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിങ്ങ് സംവിധാനം വ്യാപിപ്പിക്കുന്നതിനായി മുന്‍ വര്‍ഷങ്ങളില്‍ തന്നെ കെ.എസ്.ഇ.ബി. വൈദ്യുതി തൂണുകളില്‍ ചാര്‍ജിങ്ങ് സംവിധാനം ഒരുക്കിയിരുന്നു. 1140 ചാര്‍ജിങ് സംവിധാനങ്ങളാണ് ഇത്തരത്തില്‍ സ്ഥാപിച്ചിട്ടുള്ളതെന്നായിരുന്നു റിപ്പോര്‍ട്ട്.
വൈദ്യുതിത്തൂണുകളില്‍നിന്ന് വാഹനം ചാര്‍ജ് ചെയ്യാന്‍ ഒരു യൂനിറ്റിന് ജി.എസ്.ടി. അടക്കം 9.30 രൂപയാണ് വേണ്ടത്. ഒരു ബൈക്ക് പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ രണ്ട്-നാല് യൂനിറ്റ് വൈദ്യുതി വേണം. ഓട്ടോറിക്ഷയ്ക്ക് നാല്-ഏഴ് യൂനിറ്റും. പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 120 കിലോമീറ്റര്‍ ഓടുമെന്നാണ് പറയുന്നത്.
റോഡരികിലും പാര്‍ക്കിങ് ഏരിയയിലും പൊതുസ്ഥലങ്ങളിലുമാണ് ഇത്തരം പോള്‍ മൗണ്ട് സ്റ്റേഷനുകള്‍ സ്ഥാപിക്കുക എന്നതിനാല്‍ ഇലക്ട്രിക് ഓട്ടോ/സ്‌കൂട്ടര്‍ എന്നിവയ്ക്ക് സൗകര്യപ്രദമായി ചാര്‍ജ് ചെയ്യാനും കഴിയും. ചാര്‍ജിങ് തുക മൊബൈല്‍ ആപ്പ് വഴി വഴി ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പ്രീപെയ്ഡ് സംവിധാനം വഴി വളരെ ലളിതമായി അടയ്ക്കാനാകും.
അതിവേഗം ഇലക്ട്രിക്
2030-ഓടെ രാജ്യത്തെ പൊതുഗതാഗത സംവിധാനം നൂറുശതമാനവും 40 ശതമാനം വ്യക്തിഗത വാഹനങ്ങളും ഇലക്ട്രിക്കാക്കി മാറ്റുക എന്ന ലക്ഷ്യം നേടാനുള്ള ശ്രമത്തിലാണ് ഇന്ത്യ. 2030 ആകുമ്പോഴേക്കും ഫോസില്‍ ഇന്ധനങ്ങളില്‍ ഓടുന്ന വാഹനങ്ങളെ നിരത്തില്‍ നിന്ന് വന്‍തോതില്‍ പിന്‍വലിക്കാനുള്ള കഠിനശ്രമത്തിലാണ്.
നിലവില്‍ 12 ലക്ഷം ഇലക്ട്രിക് വാഹനങ്ങളാണ് രാജ്യത്തുള്ളത്. ഈ വര്‍ഷം അവസാനത്തോടെ അത് 40 ലക്ഷമാകുമെന്നാണ് കണക്കുകൂട്ടുന്നത്. അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ അത് മൂന്നുകോടി കടക്കുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രസര്‍ക്കാര്‍.
ലിഥിയം അയോണ്‍ ബാറ്ററികൾ സൃഷ്ടിച്ച വിപ്ലവം
കുറഞ്ഞ ഭാരവും കൂടുതല്‍ സംഭരണശേഷിയുമുള്ള സുരക്ഷിതമായ ബാറ്ററിയാണ് വൈദ്യുതി വാഹനത്തിന്റെ ഹൃദയം. ലിഥിയം അയോണ്‍ ബാറ്ററികള്‍ നമ്മുടെ വ്യക്തിജീവിതത്തില്‍ വരുത്തിയ മാറ്റങ്ങളുടെ പുതിയ പതിപ്പാണ് ഇലക്ടിക് വാഹനങ്ങളില്‍ നമ്മള്‍ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. കനം കുറഞ്ഞതും എന്നാല്‍ കൂടുതല്‍ സംഭരണ ശേഷിയുമുള്ള ലിഥിയം അയേണ്‍ ബാറ്ററികള്‍ മൊബൈല്‍ ഫോണില്‍ എന്തു വിപ്ലവം സൃഷ്ടിച്ചോ, അതുപോലൊരു വിപ്ലവമാണ് വാഹനലോകത്തും ആവര്‍ത്തിക്കുന്നത്.
നാട്ടില്‍ കാര്‍ വാങ്ങാന്‍ ആലോചിക്കുന്നവരില്‍ നാല്‍പ്പത് ശതമാനവും ഇലക്ട്രിക് കാറുകളെക്കുറിച്ച് ചിന്തിക്കുന്നുവെന്നാണ് അടുത്തിടെ വന്ന പഠനം പറയുന്നത്. 56 ശതമാനം ആളുകൾ പരിസ്ഥിതിക്ക് ഗുണമുളളത് കൊണ്ട് ഒരു EV വാങ്ങാൻ ആഗ്രഹിക്കുന്നുവെന്നാണ് അഭിപ്രായപ്പെട്ടത്. സർവേയിൽ പങ്കെടുത്തവരിൽ ഭൂരിഭാഗവും അതായത് 60 ശതമാനവും, ഇന്ത്യയുടെ നിലവിലെ പൊതുഅടിസ്ഥാന സൗകര്യങ്ങൾ വൈദ്യുത വാഹനങ്ങളെ പിന്തുണയ്ക്കാൻ സജ്ജമല്ലെന്നും ഗണ്യമായ പുരോഗതിയുടെ ആവശ്യകത വേണമെന്നും വിശ്വസിക്കുന്നവരാണ്.
സർവേയിൽ പങ്കെടുത്തവരിൽ 89 ശതമാനം പേരും 2030-ഓടെ ഇന്ത്യ ഇലക്‌ട്രോണിക് വാഹനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയും ഇലക്ട്രിക് വാഹനങ്ങൾ വിപണിയിൽ ഒന്നാമതാകുമെന്ന് വിശ്വസിക്കുന്നവരുമാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിദഗ്ധരും വിശകലന വിദഗ്ധരും ഇന്ത്യയിൽ മോശം ഇൻഫ്രാസ്ട്രക്ചറാണ് EV-കളുടെ വികസനത്തിന്‍റെ തടസമായി ചൂണ്ടിക്കാണിച്ചിരുന്നത്. സർവേയിലെ 62 ശതമാനം പേർ ഇന്ധന വിലക്കയറ്റത്തെക്കുറിച്ച് ആശങ്കാകുലരാണ്, അവരിൽ 57 ശതമാനം പേരും അത്യാധുനിക സാങ്കേതികവിദ്യയിൽ താൽപ്പര്യമുള്ളവരുമാണ്.