ചെറുകാറുകൾക്ക് നല്ലകാലം; ബൈക്കും പഴയ വാഹനവും വാങ്ങാനുള്ള തീരുമാനം മാറ്റി പുത്തൻ ചെറുകാർ വാങ്ങുന്ന പ്രവണത കൂടുന്നു
text_fieldsഎൻട്രി ലെവൽ കാറുകൾ
ജി.എസ്.ടി ഇളവും ആഘോഷ സീസണും ഒരുമിച്ച് വന്നപ്പോൾ ചെറുകാർ വിപണിക്ക് നല്ലകാലം. സെക്കൻഡ് ഹാൻഡ് കാറുകളേക്കാൾ സാധാരണക്കാർക്ക് വില കുറഞ്ഞ പുതിയ ചെറുകാറുകളോട് പ്രിയമേറുന്നു. ഇരുചക്ര വാഹനത്തിന് പകരം പുത്തൻ ചെറുകാർ വാങ്ങുന്നതാണ് രാജ്യവ്യാപക പ്രവണത.
മൂന്നര ലക്ഷം രൂപയുണ്ടെങ്കിൽ ചെറുകാർ സ്വന്തമാക്കാം. ഒന്നേകാൽ മുതൽ ഒന്നര ലക്ഷം രൂപ നൽകി ബൈക്ക് വാങ്ങുന്നതിന് പകരം കുറച്ചുകൂടി മുടക്കിയാൽ കാറുടമയാകും. ബൈക്കിന് കരുതിയ തുക ഡൗൺ പേയ്മെന്റ് നൽകി ബാക്കി അടവ് ഇടാമെന്നാണ് പലരും കരുതുന്നത്. പുതിയതാവുമ്പോൾ ഇടക്കിടെയുള്ള അറ്റകുറ്റപണികളും പൊല്ലാപ്പുകളും പൊതുവിൽ കുറയും.
70000 മുതൽ ഒരു ലക്ഷം രൂപയൊക്കെ ചെറുകാറുകൾക്ക് വില കുറഞ്ഞു. എസ്.യു.വികൾക്കും ആഢംബര കാറുകൾക്കും വില കുറഞ്ഞിട്ടുണ്ട്. അവയുടെ വിൽപനയിലും വർധനയുണ്ട്. കാറുകളും അനുബന്ധ ഉപകരണങ്ങളും നിർമിക്കുന്ന കമ്പനികളുടെ ഓഹരികളിലും കുതിപ്പുണ്ട്. ഇപ്പോൾ ദീപാവലിയോടനുബന്ധിച്ച് സീസണൽ വ്യാപാരം കൂടിയാണ് പൊടിപൊടിക്കുന്നത്. പുതുവർഷം വരെ ഈ ട്രെൻഡ് തുടർന്നേക്കും. അതിന് ശേഷവും തുടരുമോ എന്നാണ് കണ്ടറിയേണ്ടത്.


