ജി.എസ്.ടി മാറ്റം: കാർ വായ്പ അപേക്ഷകർ വ്യാപകമായി പിൻവാങ്ങുന്നു
text_fieldsപ്രതീകാത്മക ചിത്രം
കൊച്ചി: ബാങ്കുകളിൽ കാർ വായ്പക്ക് അപേക്ഷിച്ചവർ കൂട്ടത്തോടെ പിൻവാങ്ങുന്നു. ജി.എസ്.ടി പരിഷ്കാരം നടപ്പിൽവരുന്നതോടെ വില കുറയുന്നത് മുന്നിൽകണ്ടാണ് വായ്പാനുമതി ലഭിച്ചവർ അപേക്ഷ റദ്ദാക്കുന്നത്. പരിഷ്കരിച്ച ജി.എസ്.ടി നടപ്പിൽവരുന്ന സെപ്റ്റംബർ 22നുശേഷം പുതിയ വായ്പക്ക് അപേക്ഷിക്കാനാണ് ഈ പിന്മാറ്റം.
അനുവദിച്ച അപേക്ഷ റദ്ദാക്കാൻ ബാങ്കുകൾ നിരക്ക് ഈടാക്കും. എന്നാൽ, പരിഷ്കരിച്ച ജി.എസ്.ടിയിൽ കുറയുന്ന വില കണക്കാക്കുമ്പോൾ ഈ നിരക്ക് കൊടുത്ത് അപേക്ഷ പിൻവലിക്കുന്നതാണ് മെച്ചം. അതേസമയം, കാർ ഡീലർമാർ ഇൻവോയ്സ് അയച്ച ഇടപാടുകളിൽ ഇത് സാധ്യമല്ല. അവർ പഴയ ജി.എസ്.ടി നിരക്കിൽതന്നെ കാർ വാങ്ങണം.
1200 സി.സി കാറിന് ജി.എസ്.ടി 28ൽനിന്ന് 18 ശതമാനമായാണ് കുറയുന്നത്. ഇത് വിലയിൽ നല്ലരീതിയിൽ പ്രതിഫലിക്കും. മഴക്കാല ആനുകൂല്യമായി വാഹന, ഭവന വായ്പ പ്രോസസിങ് നിരക്ക് വിവിധ ബാങ്കുകൾ ഒഴിവാക്കിയിരുന്നു. അത് ഇപ്പോഴും ലഭ്യമാണ്. പ്രോസസിങ് ഫീസ് ഇല്ലാതെയും ജി.എസ്.ടി മാറ്റംവഴിയുള്ള ഇളവ് വഴിയും മുമ്പ് പ്രതീക്ഷിച്ച ബജറ്റിനേക്കാൾ കുറഞ്ഞ വിലക്ക് കാർ വാങ്ങാനുള്ള അവസരം വായ്പ അപേക്ഷകർ പരമാവധി ഉപയോഗിക്കാൻ ഒരുങ്ങുന്ന പ്രവണത പ്രകടമാണെന്ന് വിവിധ ബാങ്ക് വൃത്തങ്ങൾ പറയുന്നു. മുമ്പ് 1200 സി.സി കാർ ബുക്ക് ചെയ്തവർ ഉയർന്ന സി.സി കാർ അന്വേഷിക്കുന്നുണ്ട്. ജി.എസ്.ടി കുറവ് ഇങ്ങനെ ഉപയോഗിക്കാമെന്ന് കരുതുന്നവർ ഏറെയാണ്.