ഗിയറിടുമ്പോ ക്ലച്ച് കുഴിച്ചിടണം, അപ്പോ ബ്രേക്കോ?
text_fields‘നിർത്തിയിട്ട വാഹനം ഉരുണ്ടു നീങ്ങി അപകടം’, ‘ബ്രേക്കിന് പകരം കാൽ ആക്സിലേറ്ററിൽ, കാർ കുതിച്ചു പാഞ്ഞ് ഇടിച്ചു കയറി’.
അടുത്തയിടെ പത്രങ്ങളിൽ വന്ന ചില വാർത്തകളുടെ തലക്കെട്ടാണ് മുകളിൽ വായിച്ചത്. ഇത്തരം അപകടങ്ങൾ മണ്ടത്തരം കൊണ്ട് സംഭവിക്കുന്നുവെന്നല്ല പറഞ്ഞുവന്നത്, ചിലതെല്ലാം അൽപം ശ്രദ്ധിച്ചാൽ ഒഴിവാക്കാവുന്നവയും മറ്റു ചിലത് പരിഭ്രാന്തി കാരണം സംഭവിക്കുന്നവയുമാണ്. ഉദാഹരണത്തിന് ‘വാഹനം ഓടുന്നതിനിടെ തീപിടിച്ച് നശിച്ചു’ എന്ന വാർത്ത. സ്പീക്കറോ വാട്സ് കൂടിയ ലൈറ്റോ മറ്റോ ആഫ്റ്റർ മാർക്കറ്റായി ഫിറ്റ് ചെയ്യുമ്പോൾ വാഹനനിർമാതാക്കൾ വിവിധഘട്ട പരിശോധനകളിലൂടെ സജ്ജമാക്കിയിരിക്കുന്ന വയറിങ്ങുകളും മറ്റും നിസ്സാരമായും സുരക്ഷിതമല്ലാതെയും കട്ട് ചെയ്യുന്ന രീതികൊണ്ട് പോലും ഒരു വാഹനത്തിൽ ഷോർട്ട് സർക്യൂട്ട് മൂലം തീ പിടിക്കാൻ സാധ്യതയുണ്ട്.
കയറ്റത്തിൽ നിർത്തുമ്പോൾ
വാഹനം വെറുതെ ഓടിച്ചാൽ പോരാ, അബദ്ധങ്ങളും അശ്രദ്ധയും ഉണ്ടാകാതെ ഓടിക്കുന്നതിലും പരിപാലിക്കുന്നതിലുമാണ് കാര്യം. ഒരു വാഹനം കയറ്റത്തിലും ഇറക്കത്തിലും നിർത്തിയിടുമ്പോൾ ഒരേ രീതിയിലല്ല ഉപയോഗിക്കേണ്ടതെന്ന് എത്രപേർക്ക് അറിയാം. കയറ്റത്തിലേക്കാണ് നിർത്തുന്നതെങ്കിൽ ടയർ പൊസിഷൻ ഇടത്തേക്ക് തിരിച്ചുവെച്ച ശേഷം ഹാൻഡ് ബ്രേക്ക് ലോഡായെന്ന് ഉറപ്പാക്കിയ ശേഷം ഫസ്റ്റ്ഗിയർ കൂടി ഇടുക. നേരെ മറിച്ച് ആദ്യം ഫസ്റ്റ് ഗിയറിട്ട ശേഷം രണ്ടാമത് ഹാൻഡ് ബ്രേക്കിടുന്ന ശീലക്കാരാണ് നിങ്ങളെങ്കിൽ ഗിയർ ബോക്സിന് അമിതഭാരം വരുത്തുന്നവരാണ് നിങ്ങളെന്നും കാലക്രമേണ വാഹനത്തിന് പണി കിട്ടുമെന്നും ഈ ശീലം മാറ്റണമെന്നും മനസ്സിലാക്കുക.
ഇറക്കത്തിൽ ഇങ്ങനെ
ഇറക്കത്തിലാണ് വാഹനം നിർത്തുന്നതെങ്കിൽ ടയർ പൊസിഷൻ വലത്തേക്ക് തിരിച്ചു വെച്ച ശേഷം ഹാൻഡ് ബ്രേക്കിടുക. തുടർന്ന് റിവേഴ്സ് ഗിയർ ഇടുക. ഓട്ടോമാറ്റിക് വാഹനങ്ങളാണെങ്കിൽ ഹാൻഡ് ബ്രേക്കിട്ട ശേഷം പാർക്ക് മോഡ് സ്വിച്ച് ഓപ്ഷൻ ഓൺ ആക്കിയിട്ട ശേഷം നിർത്തിയിടുക.