കെ.എസ്.ആർ.ടി.സിക്ക് പ്രിയം തെക്കൻ ജില്ലകളോട്
text_fieldsകെ.എസ്.ആർ.ടി.സി ബസുകൾ
മലപ്പുറം: മലബാറിനോട് കെ.എസ്.ആർ.ടി.സി കാണിക്കുന്ന ക്രൂരമായ അവഗണനയുടെ നേർച്ചിത്രമാണ് വടക്കൻ ജില്ലകളിലേക്ക് അനുവദിച്ച ട്രാൻസ്പോർട്ട് ബസുകളുടെ എണ്ണം. കെ.എസ്.ആർ.ടി.സി (സ്വിഫ്റ്റ് ഉൾപ്പെടെ) സംസ്ഥാനത്ത് സർവിസ് നടത്തുന്ന 5565 ബസുകളിൽ തൃശൂർ മുതൽ കാസർകോട് വരെയുള്ള ഏഴു ജില്ലകളിൽ ഓടുന്നത് 1674 ബസുകൾ മാത്രം. ബാക്കി 3891 ബസുകളും സർവിസ് നടത്തുന്നത് എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള ഏഴു തെക്കൻ ജില്ലകളിൽ. മലബാർ ജില്ലകളിൽ ഓടുന്നതിന്റെ ഇരട്ടിയിലേറെ ബസുകൾ തെക്കൻ ജില്ലകളിൽ സർവിസ് നടത്തുന്നു.
ജനസംഖ്യയിലും ജനസാന്ദ്രതയിലും സംസ്ഥാനത്ത് ഒന്നാമതുള്ള മലപ്പുറം ജില്ലയിൽ കെ.എസ്.ആർ.ടി.സി ഓപറേറ്റ് ചെയ്യുന്നത് 172 ബസുകൾ മാത്രം. തലസ്ഥാന ജില്ലയിൽ 1466 ബസുകൾ ഓടിക്കുമ്പോഴാണിത്. തിരുവനന്തപുരം ജില്ലയിൽ ഉൾപ്രദേശങ്ങളിലടക്കം ഏതാണ്ടെല്ലാ റൂട്ടുകളും ദേശസാത്കരിച്ച് ട്രാൻസ്പോർട്ട് ബസുകൾ ഓടിക്കുമ്പോൾ മലപ്പുറം ജില്ലയിൽ ദേശസാത്കൃത റൂട്ടുകൾ വിരലിലെണ്ണാവുന്നവ മാത്രം. മലപ്പുറം ജില്ലയിലേതിനേക്കാൾ മൂന്നിരട്ടി ബസുകളാണ് കൊല്ലം ജില്ലയിൽ ഓടുന്നത്. ഇരട്ടി ബസുകൾ ആലപ്പുഴയിലും കോട്ടയത്തും സർവിസ് നടത്തുന്നുണ്ട്. ഏറ്റവും ചെറിയ ജില്ലകളായ പത്തനംതിട്ടയിലും വയനാട്ടിലുംവരെ മലപ്പുറത്തേതിനേക്കാൾ കൂടുതൽ ട്രാൻസ്പോർട്ട് ബസുകളുണ്ട്.
യാത്രക്കാർ ഏറെയുള്ള മലപ്പുറം ജില്ലയിൽ ജനങ്ങൾ ഏറെ അഭിലഷിച്ചിട്ടും കാൽനൂറ്റാണ്ടായി പുതിയ ഓപറേറ്റിങ് സെന്റർ ആരംഭിക്കാൻ സർക്കാർ തയാറായിട്ടില്ല. ഏറ്റവും ഒടുവിൽ ജില്ലയിൽ ഓപറേറ്റിങ് സെന്റർ സ്ഥാപിച്ചത് 2001ൽ നിലമ്പൂരിലാണ്. എറണാകുളത്തിനും തിരുവനന്തപുരത്തിനും കിട്ടുന്ന പരിഗണന അതിവേഗം വളരുന്ന കോഴിക്കോട് നഗരത്തിനും കെ.എസ്.ആർ.ടി.സി നൽകുന്നില്ലെന്ന് കണക്കുകൾ പറയുന്നു.
യാത്രക്കാരോട് കൊടുംചതി
മലപ്പുറം ജില്ലയിൽ മുമ്പുണ്ടായിരുന്ന സർവിസുകളും അവസാനിപ്പിച്ച് യാത്രക്കാരോട് കടുത്ത വഞ്ചനയാണ് കെ.എസ്.ആർ.ടി.സി ചെയ്തത്. പെരിന്തൽമണ്ണ-കോട്ടക്കൽ, പെരിന്തൽമണ്ണ-വളാഞ്ചേരി ചെയിൻ സർവിസുകൾ നിർത്തി. യാത്രക്കാർ ഏറെയുള്ള തിരൂർ-മഞ്ചേരി റൂട്ടിൽ നേരത്തേ 17 സർവിസുകൾ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ മൂന്നു ബസുകൾ മാത്രം. കോഴിക്കോട്-വഴിക്കടവ് ടൗൺ ടു ടൗൺ സർവിസുകൾ നാമമാത്രമായി. മലപ്പുറത്തുനിന്ന് നെടുമ്പാശ്ശേരിയിലേക്കുള്ള നാല് ലോ ഫ്ലോർ ബസുകളും സർവിസ് അവസാനിപ്പിച്ചു.
ബസുകളുടെ ജില്ല തിരിച്ചുള്ള കണക്ക്
- തിരുവനന്തപുരം - 1466
- കൊല്ലം - 623
- എറണാകുളം - 531
- കോട്ടയം - 399
- ആലപ്പുഴ - 367
- കോഴിക്കോട് - 301
- തൃശൂർ - 298
- പത്തനംതിട്ട - 273
- കണ്ണൂർ - 256
- വയനാട് - 250
- ഇടുക്കി - 232
- പാലക്കാട് - 232
- മലപ്പുറം - 172
- കാസർകോട് - 165
- ആകെ - 5565


