Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightഇലക്ട്രിക്...

ഇലക്ട്രിക് വാഹനങ്ങൾക്കും 'ലൈഫ് ടൈം ടാക്സ്'; മോട്ടോർ വെഹിക്കിൾ ടാക്സേഷൻ ഭേദഗതി ബിൽ പാസാക്കി സർക്കാർ

text_fields
bookmark_border
ഇലക്ട്രിക് വാഹനങ്ങൾക്കും ലൈഫ് ടൈം ടാക്സ്; മോട്ടോർ വെഹിക്കിൾ ടാക്സേഷൻ ഭേദഗതി ബിൽ പാസാക്കി സർക്കാർ
cancel
camera_alt

പ്രതീകാത്മക ചിത്രം

ബംഗളൂരു: ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാറുകൾ ഇതുവരെ നൽകിയിരുന്ന നികുതി ഇളവുകൾ പിൻവലിക്കാനൊരുങ്ങി കർണാടക സർക്കാർ. സംസ്ഥാനത്ത് വിൽക്കുന്ന ഇലക്ട്രിക് വാഹനങ്ങൾക്ക് (ഇവി) ഇനി മുതൽ 'ലൈഫ് ടൈം ടാക്സ്' (റോഡ് ടാക്സ്) ഏർപ്പെടുത്താനാണ് സർക്കാർ നീക്കം. ഇതുസംബന്ധിച്ച കർണാടക മോട്ടോർ വെഹിക്കിൾ ടാക്സേഷൻ ഭേദഗതി ബിൽ സർക്കാർ പാസാക്കി.

പുതിയ നിയമം നിലവിൽ വരുന്നതോടെ 25 ലക്ഷം രൂപയിൽ താഴെ വിലയുള്ള ഇലക്ട്രിക് വാഹനങ്ങൾക്കും ആദ്യമായി നികുതി ബാധകമാകും. നേരത്തെ 25 ലക്ഷത്തിന് മുകളിൽ വിലയുള്ള വാഹനങ്ങൾക്ക് മാത്രമായിരുന്നു സംസ്ഥാനത്ത് നികുതിയുണ്ടായിരുന്നത്. പുതിയ ഭേദഗതി പ്രകാരം വാഹനത്തിന്റെ എക്സ്-ഷോറൂം വിലയെ അടിസ്ഥാനമാക്കി രണ്ട് സ്ലാബുകളിലായാണ് നികുതി നിശ്ചയിച്ചിരിക്കുന്നത്.

10 ലക്ഷം രൂപയിൽ താഴെ വിലയുള്ള വാഹനങ്ങൾക്ക് 5 ശതമാനമാണ് ലൈഫ് ടൈം ടാക്സ് ഇനത്തിൽ സർക്കാർ ഈടാക്കാൻ തീരുമാനിച്ചിരിക്കുന്നത്. അതേസമയം 10 ലക്ഷം മുതൽ 25 ലക്ഷം വരെ വിലയുള്ള വാഹനങ്ങൾക്ക് 8 ശതമാനം ലൈഫ് ടൈം ടാക്സ് ഉപഭോക്താക്കൾ നൽകേണ്ടിവരും. എന്നാൽ 25 ലക്ഷത്തിന് മുകളിൽ വിലയുള്ള വാഹനങ്ങൾ നിലവിൽ നൽകിവരുന്ന 10 ശതമാനം നികുതി അതേപടി തുടരും. അതേസമയം, ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളെ ഈ പുതിയ നികുതി പരിധിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ സ്വകാര്യ, വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന മറ്റ് ഇലക്ട്രിക് വാഹനങ്ങൾക്ക് നികുതി ബാധകമായിരിക്കും.

2017ൽ ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി റോഡ് ടാക്സ് പൂർണ്ണമായും ഒഴിവാക്കിയ ആദ്യ സംസ്ഥാനങ്ങളിലൊന്നായിരുന്നു കർണാടക. എന്നാൽ 2024 മാർച്ചിൽ 25 ലക്ഷത്തിന് മുകളിലുള്ള വാഹനങ്ങൾക്ക് 10% നികുതി ഏർപ്പെടുത്തിക്കൊണ്ട് ഈ നയത്തിൽ മാറ്റം വരുത്തി. ഇപ്പോൾ 2026 മാർച്ചിലെ പുതിയ ഭേദഗതിയോടെ കുറഞ്ഞ വിലയിലുള്ള ഇലക്ട്രിക് കാറുകൾക്കും ടാക്സ് നൽകേണ്ടി വരുന്നത് സാധാരണക്കാരായ ഉപഭോക്താക്കൾക്ക് തിരിച്ചടിയാകും.

കർണാടക സർക്കാർ വരുമാനം വർധിപ്പിക്കുന്നതിനായി നികുതി ഏർപ്പെടുത്തുമ്പോൾ, അയൽ സംസ്ഥാനങ്ങളും മറ്റ് പ്രധാന നഗരങ്ങളും ഇളവുകൾ തുടരുകയാണ്. 30 ലക്ഷം രൂപയിൽ താഴെ വിലയുള്ള ഇലക്ട്രിക് വാഹനങ്ങൾക്ക് 2030 വരെ റോഡ് ടാക്സും രജിസ്ട്രേഷൻ ഫീസും പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട് ഡൽഹി സർക്കാർ. ഇതോടൊപ്പം സ്ട്രോങ്ങ് ഹൈബ്രിഡ് മോഡലുകൾക്ക് 50 ശതമാനം ഇളവും നൽകുന്നു.

2030ഓടെ പുതിയ വാഹന രജിസ്ട്രേഷനുകളുടെ 30 ശതമാനം ഇലക്ട്രിക് വാഹനങ്ങൾ ആക്കുക എന്ന ലക്ഷ്യത്തോടെ സബ്സിഡികളും ആനുകൂല്യങ്ങളും മഹാരാഷ്ട്ര സർക്കാർ തുടരുന്നു. രാജ്യവ്യാപകമായി ഏകീകൃത ഇ.വി നികുതി നയം ഇല്ലാത്തതിനാൽ ഓരോ സംസ്ഥാനത്തും വാഹനങ്ങളുടെ വിലയിൽ ഇനി വലിയ വ്യത്യാസങ്ങൾ പ്രകടമാകും. കർണാടകയിലെ പുതിയ നിയമം ഇലക്ട്രിക് വാഹന വിപണിയെ എങ്ങനെ ബാധിക്കുമെന്നാണ് വാഹന പ്രേമികൾ ഉറ്റുനോക്കുന്നത്.

Show Full Article
TAGS:Taxation Electric Vehicle Karnataka Motor Vehicles Taxation Government of Karnataka 
News Summary - 'Lifetime tax' for electric vehicles too; Karnataka government passes Motor Vehicle Taxation Amendment Bill
Next Story