Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightലോക്കൽ ഫാസ്ടാഗ് പാസ്...

ലോക്കൽ ഫാസ്ടാഗ് പാസ് കൂടുതൽ ടോൾ പ്ലാസകളിലേക്ക്; വെരിഫിക്കേഷനും ഡിജിറ്റലായി

text_fields
bookmark_border
Symbolic Image
cancel
camera_alt

പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ (എൻ.എച്ച്.എ.ഐ) രാജ്യത്തുടനീളമുള്ള 121 ടോൾ പ്ലാസകളിലേക്ക് ഡിജിറ്റൽ 'ലോക്കൽ പാസ്' സേവനം വ്യാപിപ്പിച്ചു. വാണിജ്യേതര (non-commercial) വാഹനങ്ങൾ ഉപയോഗിക്കുന്ന അർഹരായ താമസക്കാർക്ക് നിശ്ചിത നിരക്കിൽ പ്രതിമാസ പാസ് നേടാനും, തെരഞ്ഞെടുത്ത ടോൾ പ്ലാസകളിൽ തടസ്സമില്ലാതെ യാത്ര ചെയ്യാനും ഈ സൗകര്യം സഹായിക്കും. ടോൾ പ്ലാസകളുടെ 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് ഇനിമുതൽ 'രാജ്മാർഗ് യാത്രാ' (RajmargYatra) ആപ്പ് വഴി എളുപ്പത്തിൽ പ്രതിമാസ ലോക്കൽ പാസ് സ്വന്തമാക്കാൻ സാധിക്കും.

ആർക്കൊക്കെ അർഹതയുണ്ട്? ഡിജിറ്റൽ വെരിഫിക്കേഷൻ എങ്ങനെ?

ടോൾ പ്ലാസയുടെ 20 കിലോമീറ്റർ പരിധിക്കുള്ളിൽ താമസിക്കുന്ന വ്യക്തികൾക്കാണ് ഡിജിറ്റൽ ലോക്കൽ പാസിന് അർഹതയുള്ളത്. വാണിജ്യേതര വാഹനങ്ങൾക്ക് മാത്രമാണ് ഈ പാസ് ബാധകം. മുൻകാലങ്ങളിൽ ടോൾ പ്ലാസകളിൽ നേരിട്ടെത്തി ഫിസിക്കൽ രേഖകൾ സമർപ്പിക്കേണ്ടിയിരുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കിക്കൊണ്ട്, ഇപ്പോൾ പൂർണ്ണമായും ഓൺലൈനായാണ് വെരിഫിക്കേഷൻ നടക്കുന്നത്.

ഉപഭോക്താക്കൾ ഡിജിലോക്കർ ഉപയോഗിച്ച് താമസിക്കുന്ന വിലാസം സ്ഥിരീകരിക്കണം. ദേശീയ പാത അതോറിറ്റി വാഹന വിവരങ്ങൾ വാഹൻ (VAHAN) ഡാറ്റാബേസ് വഴി ശേഖരിക്കും. തുടർന്ന് ലോക്കൽ പാസിന് ഏർപ്പെടുത്തിയിട്ടുള്ള തുക ഫാസ്ടാഗ് (FASTag) ക്രെഡൻഷ്യലുകളുമായി ബന്ധിപ്പിക്കും. രാജ്മാർഗ് യാത്രാ ആപ്പ് വഴി മിനിറ്റുകൾക്കകം അപേക്ഷ പൂർത്തിയാക്കാൻ ഇതിലൂടെ സാധിക്കുമെന്നതാണ് പ്രത്യേകത.

പ്രതിമാസ ഫീസ് എത്ര?

ദേശീയപാത ഉപയോക്തൃ ഫീസ് നിയമപ്രകാരം, നോൺ-കമേഴ്‌സ്യൽ വാഹനങ്ങൾ ഉപയോഗിക്കുന്ന താമസക്കാർക്ക് പ്രതിമാസ ലോക്കൽ പാസിന്റെ നിരക്ക് 350 രൂപയാണ്. ടോൾ ഗേറ്റിൽ ഈ പാസ് കാണിക്കുന്നതിലൂടെ സുഗമമായ യാത്ര ഉറപ്പാക്കാം.

മൾട്ടി-ലെയ്ൻ ഫ്രീ ഫ്ലോ (MLFF) സംവിധാനവും പിഴകളും

ഇന്ത്യയെ മൾട്ടി-ലെയ്ൻ ഫ്രീ ഫ്ലോ (MLFF) സംവിധാനത്തിലേക്ക് നയിക്കുന്നതിന്റെ ഭാഗമായാണ് ഡിജിറ്റൽ ലോക്കൽ പാസ് അവതരിപ്പിച്ചിരിക്കുന്നത്. വാഹനങ്ങൾ ടോൾ ബൂത്തുകളിൽ നിർത്തി കാത്തുനിൽക്കേണ്ടി വരാത്ത ഈ സംവിധാനം ഡൽഹിയിലെ മുണ്ട്ക-ബക്കർവാല ടോൾ പ്ലാസയിലാണ് ആദ്യമായി ആരംഭിച്ചത്. നിലവിൽ ചോര്യാസി, മുണ്ട്ക, ദൗലത്പുര, ഘറൗണ്ട, മനോഹർപൂർ, ഷാജഹാൻപൂർ എന്നീ ആറ് ടോൾ പ്ലാസകളിൽ ഇത് പ്രവർത്തിക്കുന്നുണ്ട്.

പുതിയ ടോൾ പ്ലാസകൾ പട്ടികയിൽ

ഡിജിറ്റൽ ലോക്കൽ പാസ് ലഭ്യമായ പുതിയ ടോൾ പ്ലാസകളുടെ പട്ടിക രാജ്മാർഗ് യാത്രാ ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹരിയാനയിലെ ബാർത്താന, ഉത്തർപ്രദേശിലെ ഭരത്കുന്ദ്, ആന്ധ്രാപ്രദേശിലെ ഭ്രമണപ്പള്ളി, തമിഴ്‌നാടിലെ ഭൂതക്കുടി, മധ്യപ്രദേശിലെ ചിക്കലികാല, ബിഹാറിലെ ദേവ്കുലി എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനങ്ങളിലെ പുതിയ ടോൾ പ്ലാസകളിലേക്ക് ഈ സേവനം വ്യാപിപ്പിച്ചിട്ടുണ്ട്.

Show Full Article
TAGS:FASTag toll plaza National Highway Authority Latest News 
News Summary - Local FASTag pass to more toll plazas
Next Story