Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightവണ്ടി വാങ്ങാൻ...

വണ്ടി വാങ്ങാൻ തീരുമാനിച്ചാൽ പിന്നെ ഉറക്കമില്ല! ടിപ്പിക്കൽ മലയാളി സ്​റ്റൈൽ

text_fields
bookmark_border
വണ്ടി വാങ്ങാൻ തീരുമാനിച്ചാൽ പിന്നെ ഉറക്കമില്ല! ടിപ്പിക്കൽ മലയാളി സ്​റ്റൈൽ
cancel

'ഹിറ്റ്ലർ... ഹിറ്റ്ലർ... ഹിറ്റ്ലർ...' എന്ന് ഉരുവിട്ടുകൊണ്ട് മമ്മൂട്ടിയുടെ അടുത്തേക്ക് പോകുന്ന അടൂർ ഭവാനി ചേടത്തിയെ ഓർമയില്ലേ? പെങ്ങൾമാരുടെ സംരക്ഷണത്തിനും വീട്ടുജോലിക്കുമായി മമ്മൂട്ടി വിളിച്ചുവരുത്തുന്ന സൈനുദ്ദീനും അടൂർ ഭവാനിയമ്മയും ടൗണിൽ വഴിയറിയാതെ നിൽക്കവേ സഹായത്തിനെന്ന വ്യാജേന അടുത്തുകൂടുന്ന ‘തൊരപ്പൻമാരായ’ ജഗദീഷും ഇടവേള ബാബുവും ‘ഇവിടെയീ ഹിറ്റ്​ലർ മാധവൻകുട്ടിയുടെ വീടേതാണെന്ന്​’ മമ്മൂട്ടിയോട്​ ചോദിക്കാൻ പറഞ്ഞുവിടുന്നതും കളിയാക്കിപ്പേര്​ കേട്ട മമ്മൂട്ടി സൈനുദ്ദീനെ അടിച്ചുതാഴെയിടുന്നതും, ഇതൊന്നുമറിയാതെ വീണു കിടക്കുന്ന സൈനുദ്ദീനെ ചവിട്ടി ഭവാനിയമ്മ വീഴാൻ പോകുന്നതും പഠിച്ചുവെച്ച പേര് മറന്ന് ഒടുവിൽ 'മാധവൻകുട്ടിക്ക്​ ഒരു ഇരട്ടപ്പേരുണ്ടല്ലോ മക്കളേ... അതെന്തുവാ’എന്ന്​ സാക്ഷാൽ മമ്മൂട്ടിയോട്​ തന്നെ ചോദിക്കുന്ന എവർഗ്രീൻ കോമഡിരംഗം.
കുട്ടിക്കാലത്ത്​ ഒരുപാട് ചിരിച്ചു ചിരിച്ച്​ മണ്ണുകപ്പിയ രംഗമായിരുന്നു അത്​. ഏതാണ്ട് ഇതുപോലൊരു അവസ്ഥയാണ് വാഹനം വാങ്ങാൻ ഷോറൂമിലെത്തുന്ന ചില മലയാളികൾക്കും. പക്ഷേ ഇവിടെ മറവി പ്രശ്നമല്ല, അറിവിന്റെ കാര്യത്തിലാണ് മത്സരം! ഏത് മോഡലിന് എത്ര മൈലേജ്, ഏത് എൻജിൻ, എതിരാളികളുടെ വില എത്ര എന്നിങ്ങനെ സെയിൽസ് എക്സിക്യൂട്ടീവിനെക്കാൾ കൂടുതൽ വിവരങ്ങളുമായിട്ടാകും ചിലരുടെ വരവ്. ചിലരാകട്ടെ 150 പേരോട് അഭിപ്രായം ചോദിച്ച് 151-ാമത്തെ സ്വന്തം തീരുമാനവുമായി ഷോറൂമിലെത്തും.

ഒരു തുണിക്കടയിൽ കയറിയാൽ ചിലരുടെ സ്വഭാവം കാണേണ്ടതാണ്. സെയിൽസ് സ്റ്റാഫിനോട് റാക്കിലിരിക്കുന്ന സകല തുണിയും എടുത്തുകാണിക്കാൻ പറയും. നിറവും ഡിസൈനും വിലയും നോക്കി അവസാനം ഒന്നും വാങ്ങാതെ ഇറങ്ങിയൊരു പോക്കാണ്​. എന്നാൽ ചിലരാകട്ടെ, ആദ്യം കാണിച്ച തുണി തന്നെ എടുത്ത് കൗണ്ടറിലേക്ക് പോകും. രണ്ടുപേരുടെയും ലക്ഷ്യം തുണി വാങ്ങുക എന്നതാണെങ്കിലും അതിലേക്കുള്ള വഴികൾ രണ്ടാണ്!

വാഹനം വാങ്ങാൻ ആഗ്രഹിക്കുമ്പോഴും മലയാളിയുടെ കാര്യത്തിൽ ഇതിന് വലിയ മാറ്റമൊന്നുമില്ല. ഒരു കാർ അല്ലെങ്കിൽ ഇരുചക്രവാഹനം വാങ്ങണമെന്ന് മനസിൽ തോന്നിയാൽ പിന്നെ തുടങ്ങും അന്വേഷണം. വണ്ടി നേരിട്ട് കണ്ടിട്ടില്ലെങ്കിലും വാങ്ങാൻ പണമൊരുക്കുന്നതിന് മുമ്പേ ഏത് നിറമാണ് വീട്ടുമുറ്റത്ത് ഭംഗിയാകുക എന്നുവരെ തീരുമാനിച്ചിട്ടുണ്ടാകും! ഇപ്പോപ്പിന്നെ എ.ഐ ടൂൾസൊക്കെ സകല മുത്തശ്ശൻമാരുടെയും മുത്തശ്ശിമാരുടെയും മൊബൈൽഫോണിൽ വരെ ഉണ്ടെന്നുമാത്രമല്ല, പ്രോംപ്​റ്റ്​ കൊടുത്ത്​ ഏതുരൂപത്തിൽ വരെയാക്കാനും അവർക്കറിയാവുന്ന കാലമായതുകൊണ്ട്​ കൂടുതൽ ഉപദേശമൊന്നും ആർക്കും ഇഷ്ടമല്ല താനും. ഭൂരിഭാഗവും വാങ്ങാനുദ്ദേശിക്കുന്ന വാഹനത്തെക്കുറിച്ച്​ അരിച്ചുപറക്കി പഠിച്ചിട്ടാണ്​ ചെല്ലാറുള്ളത്​. കുറ്റം പറഞ്ഞതല്ല, നല്ല കാര്യം തന്നെ! ചിലപ്പോഴൊക്കെ വാഹന ഷോറൂമിലെ സെയിൽസ് ടീമിലുള്ളവരേക്കാൾ അറിവുമായിട്ടായിരിക്കും ചിലർ എത്തുന്നത്. എന്തൊക്കെയാണ് ഫീച്ചറുകൾ, എതിരാളികളായ മോഡലുകളുമായി എന്താണ് വ്യത്യാസം എന്നിങ്ങനെ ചോദിച്ചാൽ ഉത്തരങ്ങൾ റെഡി. സെയിൽസ് എക്സിക്യൂട്ടീവിന് പോലും ഒന്ന് ഗൂഗിൾ ചെയ്യേണ്ടിവരുന്ന അവസ്ഥ!

ഇതൊക്കെ വെറും തമാശകളല്ല. ഒരു വാഹനം സ്വന്തമാക്കണമെന്ന ആഗ്രഹത്തിനൊപ്പം പ്രതീക്ഷകളും ആശങ്കകളും ചെറിയ കണക്കുകൂട്ടലുകളുമെല്ലാം കൂടിച്ചേരുമ്പോഴുണ്ടാകുന്ന രസകരമായ കാഴ്ചകളാണ്. വാഹനം വാങ്ങാൻ പ്ലാൻ ചെയ്യുന്ന മലയാളികളിൽ സാധാരണയായി കാണുന്ന അത്തരം 10 കാര്യങ്ങൾ നോക്കാം.

1. ആദ്യം വണ്ടി മനസിൽ വാങ്ങും, പിന്നെ പണം കണ്ടെത്തും!

വാഹനം വാങ്ങാൻ തീരുമാനിച്ചാൽ ആദ്യം ചെയ്യുന്നത് ഷോറൂമിൽ പോകലല്ല. മനസിൽ വണ്ടി സ്വന്തമാക്കലാണ്. ഏത് മോഡൽ വേണം, ഏത് നിറം വേണം, വീട്ടുമുറ്റത്ത് എവിടെ പാർക്ക് ചെയ്യണം എന്നെല്ലാം തീരുമാനിച്ചിട്ടുണ്ടാകും. ഇനി വേണ്ടത് അതിനുള്ള പണം കണ്ടെത്തുക മാത്രമാണ്! പണം കയ്യിലില്ലെങ്കിൽ ലോൺ എടുക്കുന്നതും ഏത്​ ബാങ്കിലാണ്​ ഇന്‍ററസ്റ്റ്​ കുറവെന്നും അതല്ല, സ്വർണപ്പണയമോ ചിട്ടിയോ ആണ്​ മെച്ചമെന്നും ബാങ്ക്​ ലോണെടുത്താൽ ടെൻഷനടിച്ച്​ ഉറക്കമില്ലാതെ തേരാപ്പാരാ അലയണ്ടിവരുമെന്നും വരെ ചിന്തിച്ചുകൂട്ടി കഴിഞ്ഞിട്ടുണ്ടാകും.ആഗ്രഹം ശക്തമാകുമ്പോൾ അതിനുള്ള വഴികൾ സ്വയം ആലോചിച്ചുതുടങ്ങും. എത്ര രൂപ മാറ്റിവെക്കണം, വായ്പ എടുക്കണോ, പഴയ വാഹനം വിൽക്കണോ എന്നിങ്ങനെ കണക്കുകൾ പിന്നാലെ വരും.

2. ഒരു മോഡൽ നോക്കിത്തുടങ്ങിയാൽ പിന്നെ പത്തിരുപത് മോഡലുകൾ കാണും

ആദ്യം ഇഷ്ടപ്പെട്ടത് ഏതെങ്കിലും ഒരു പ്രത്യേക കമ്പനിയുടെ ഒരു കാറോ ബൈക്കോ ആയിരിക്കും. എന്നാൽ വാങ്ങാൻ സമയമാകുമ്പോഴേക്കും അതിന്റെ എതിരാളികളെയെല്ലാം പഠിച്ചിട്ടുണ്ടാകും. വില, മൈലേജ്, സുരക്ഷ, ഫീച്ചറുകൾ, സർവിസ് ചെലവ് തുടങ്ങി താരതമ്യം ചെയ്യാൻ ഒന്നും ബാക്കിയുണ്ടാകില്ല.അവസാനം ആദ്യം ഇഷ്ടപ്പെട്ട മോഡലിലേക്ക് തന്നെ തിരിച്ചെത്തുന്നവരുമുണ്ട്. അന്വേഷണം നടത്തിയതിന്റെ സംതൃപ്തി വേറെ!

3. മൈലേജ് ചോദിക്കാതെ മലയാളിക്ക് സമാധാനമില്ല!

വണ്ടി എത്ര ഭംഗിയുള്ളതാണെങ്കിലും എത്ര മൈലേജ് കിട്ടുമെന്ന് അറിയണം. കാറാണെങ്കിൽ ലിറ്ററിന് എത്ര കിലോമീറ്റർ, ഇരുചക്രവാഹനമാണെങ്കിൽ ഒരു ലിറ്റർ പെട്രോളിന് എത്ര ദൂരം പോകും എന്നൊക്കെയാണ് പ്രധാന ചോദ്യം. അതിപ്പോ ലംബോർഗിനിയാകട്ടെ, പറമ്പിൽ പണിക്ക്​ കൊണ്ടുവരുന്ന ജെ.സി.ബിയാകട്ടെ മൈലേജ്​ അറിയാതെ സമാധാനം കിട്ടില്ല! വിൽപ്പനക്കാരൻ കമ്പനി അവകാശപ്പെടുന്ന കണക്ക് പറഞ്ഞാലും തൃപ്തിയാകില്ല. അതേ വണ്ടിയുള്ള സുഹൃത്തിനെയും അയൽക്കാരനെയും വിളിച്ച് യഥാർഥ മൈലേജ് അന്വേഷിക്കും. കാരണം വണ്ടി വാങ്ങിയശേഷം ഇന്ധനച്ചെലവ് സ്വന്തം പോക്കറ്റിൽ നിന്നാണല്ലോ!


4. പരിചയമുള്ളവരിൽ ആരെങ്കിലും ആ വണ്ടി വാങ്ങിയിട്ടുണ്ടോ?

ഒരു മോഡൽ ഇഷ്ടപ്പെട്ടാൽ ആദ്യം ഓർമ വരുന്നത് അതേ വണ്ടി ഉപയോഗിക്കുന്ന പരിചയക്കാരനെയാണ്. അവനെ വിളിച്ച് അഭിപ്രായം ചോദിക്കും. വണ്ടിക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ, സർവിസ് ചെലവ് കൂടുതലാണോ, ദീർഘദൂര യാത്ര മടുപ്പിക്കുമോ എന്നിങ്ങനെ ചോദ്യങ്ങൾ നീളും.കമ്പനിയുടെ പരസ്യത്തേക്കാൾ ചിലപ്പോൾ അയൽവാസിയുടെ ഒരൊറ്റ അഭിപ്രായത്തിനായിരിക്കും കൂടുതൽ വില!

5. ഷോറൂമിൽ കയറുമ്പോൾ കൺഫ്യൂഷൻ മാത്രം!

വാഹനം വാങ്ങാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഷോറൂമിലെത്തുമ്പോൾ ചിലർക്ക് പ്രത്യേക ലക്ഷ്യമൊന്നുമുണ്ടാകില്ല. ഓരോ മോഡലിലും കയറിയിരുന്ന് നോക്കും. ഡിക്കി തുറക്കും, സീറ്റിന്റെ സൗകര്യം പരിശോധിക്കും, ബൈക്കിന്റെ ഹാൻഡിൽ പിടിച്ച് ഇരിക്കും.വില ചോദിക്കും, ഓഫർ അന്വേഷിക്കും, ടെസ്റ്റ് ഡ്രൈവ് നടത്തും. ഒടുവിൽ 'ഒന്ന് കൂടി ആലോചിച്ചിട്ട് പറയാം' എന്ന് പറഞ്ഞ് മടങ്ങും. ആലോചനയ്ക്ക് എത്ര ദിവസം വേണമെന്നത് മാത്രം ആർക്കും അറിയില്ല! പിന്നെ ആ വഴിക്ക്​ പോകാത്തവരും വാഹനം വാങ്ങൽ തന്നെ നിർത്തിവെച്ചവരുമുണ്ടാകും. പെട്ടന്നൊരു ആവേശവും മൂഡും വന്നപ്പോൾ വാങ്ങാൻ ആ​ഗ്രഹിച്ചതാണെന്നും ഇപ്പോ മൂഡൊക്കെ ആവിയായിപ്പോയെന്നും സ്വയം ആശ്വസിക്കുകയും ചെയ്യുന്ന ടിപ്പിക്കൽ മല്ലൂസ്​!

6. നിറത്തിന്റെ കാര്യത്തിൽ വീട്ടിൽ ചെറിയ ചർച്ച നടക്കും

വാഹനത്തിന്റെ മോഡലും വിലയും തീരുമാനിച്ചാലും നിറത്തിന്റെ കാര്യത്തിൽ തീരുമാനമാകണമെന്നില്ല. ഒരാൾക്ക് വെള്ള ഇഷ്ടമാണെങ്കിൽ മറ്റൊരാൾക്ക് കറുപ്പ്. ചിലർക്ക് ചുവപ്പ് വേണം, ചിലർക്ക് ഗ്രേ മതി.കുടുംബമായി വാഹനം വാങ്ങുമ്പോൾ ഈ ചർച്ചയ്ക്ക് കൂടുതൽ ദൈർഘ്യമുണ്ടാകും. ഒടുവിൽ എല്ലാവർക്കും ഇഷ്ടപ്പെട്ട നിറം കിട്ടിയില്ലെങ്കിലും ഒരാൾക്ക് കൂടുതൽ ഇഷ്ടപ്പെട്ട നിറത്തിൽ തീരുമാനമാകാറുണ്ട്. നിറമൊന്നും പ്രശ്നമില്ലെങ്കിലും വീട്ടിൽ കുട്ടിയുണ്ടെങ്കിൽ ‘സൺറൂഫ്​’ നിർബന്ധമായിരിക്കും, മറ്റാർക്കുമല്ല കുട്ടിക്ക്​ തന്നെ.

7. വാങ്ങിയാൽ എത്ര വർഷം ഉപയോഗിക്കുമെന്ന കണക്കുകൂട്ടൽ

വാഹനം വാങ്ങുമ്പോൾ ഇന്നത്തെ ആവശ്യം മാത്രമല്ല മലയാളി നോക്കുന്നത്. അടുത്ത അഞ്ചോ പത്തോ വർഷം കഴിഞ്ഞാലും ഇത് ഉപയോഗിക്കാനാകുമോ എന്ന ചിന്തയുമുണ്ട്. അക്കാലത്ത്​ വിൽക്കുമ്പോൾ മതിയായ വില കിട്ടുമോ എന്ന്​ വാങ്ങുന്നതിന്​ മുമ്പ്​ തന്നെ ചിന്തിച്ചുകൂട്ടിക്കളയും.ഇപ്പോൾ ചെറിയ കാർ മതിയെന്ന് തോന്നിയാലും നാളെ കുടുംബം വലുതായാൽ സ്ഥലം മതിയാകുമോ? ഇപ്പോൾ സ്കൂട്ടർ മതിയെങ്കിലും പിന്നീട് ബൈക്ക് വേണമെന്നു തോന്നുമോ? ഇങ്ങനെ ഭാവിയിലെ ആവശ്യങ്ങൾ കൂടി കണക്കിലെടുത്താണ് പലരും തീരുമാനം എടുക്കുന്നത്.

8. വില കുറയ്ക്കാൻ അവസാന നിമിഷം വരെ ശ്രമിക്കും

വാഹനം വാങ്ങാൻ തീരുമാനിച്ചുകഴിഞ്ഞാലും വിലയുടെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാൻ മലയാളി എളുപ്പം തയ്യാറാകില്ല. ഷോറൂമിലെ ഓഫറുകൾ അന്വേഷിക്കും. ഇൻഷുറൻസ് തുകയിൽ എന്തെങ്കിലും കുറയ്ക്കാനാകുമോ എന്ന് ചോദിക്കും. സൗജന്യ ആക്‌സസറികൾ കിട്ടുമോ എന്നും നോക്കും.ചെറിയൊരു തുക ലാഭിച്ചാലും വലിയൊരു നേട്ടം സ്വന്തമാക്കിയ സന്തോഷമായിരിക്കും. അതേസമയം, ആയിരങ്ങൾ ചെലവിട്ട് വാങ്ങുന്ന വാഹനത്തിൽ നൂറുരൂപയുടെ വ്യത്യാസം പോലും ശ്രദ്ധിക്കുന്നവരുമുണ്ട്! ഷോറൂമുകാരുടെ പഴയ വിദ്യയൊന്നും ഇനിയത്ര എളുപ്പം ചിലവാകില്ല എന്ന്​ സാരം.

9. വാങ്ങുന്നതിന് മുമ്പേ വണ്ടിയുടെ ഫോട്ടോയും വിഡിയോകളും ശേഖരിക്കും

വണ്ടി ഇതുവരെ വീട്ടിലെത്തിയിട്ടില്ല. പക്ഷേ ഫോണിൽ അതിന്റെ ചിത്രങ്ങൾ നിറഞ്ഞിട്ടുണ്ടാകും. വിവിധ നിറങ്ങളിലുള്ള ചിത്രങ്ങൾ, ആക്‌സസറികൾ ഘടിപ്പിച്ച രൂപം, യാത്രാ വിഡിയോകൾ, ഉടമകളുടെ അഭിപ്രായങ്ങൾ തുടങ്ങി എല്ലാം കണ്ടുതീർക്കും.ചിലർക്ക് വണ്ടി വാങ്ങാനുള്ള കാത്തിരിപ്പിന്റെ രസവും ഈ അന്വേഷണത്തിലുണ്ട്. വാഹനം സ്വന്തമാക്കുന്നതിന് മുമ്പേ അതുമായി ഒരു മാനസിക അടുപ്പം രൂപപ്പെടും. വാങ്ങാനുദ്ദേശിക്കുന്ന വാഹനം റോഡിലെങ്ങാനും കണ്ടാൽ പോയിമറയും വരെ നോക്കിനിന്ന്​ കണ്ണുകൊണ്ട്​ യാത്രയാക്കുകയും ചെയ്യും.

10. ഒടുവിൽ വാങ്ങുന്നത് ആദ്യം ഇഷ്ടപ്പെട്ട വണ്ടി തന്നെ!

ഇത്രയും അന്വേഷണവും താരതമ്യവും അഭിപ്രായം ചോദിക്കലും കഴിഞ്ഞ് അവസാനം എന്തായിരിക്കും സംഭവിക്കുക? പലപ്പോഴും ആദ്യം മനസിൽ കയറിയ അതേ വണ്ടി തന്നെ വാങ്ങും! എന്നാൽ ഈ യാത്ര വെറുതെയായിരുന്നില്ല. മറ്റ് മോഡലുകളെക്കുറിച്ച് അറിഞ്ഞു, സ്വന്തം ആവശ്യങ്ങൾ തിരിച്ചറിഞ്ഞു, ചെലവുകൾ കണക്കാക്കി. അതിനുശേഷം ആദ്യത്തെ ഇഷ്ടത്തിലേക്ക് മടങ്ങുമ്പോൾ തീരുമാനത്തിൽ കൂടുതൽ ഉറപ്പുണ്ടാകും.വണ്ടി വാങ്ങുന്നത് വെറുമൊരു ആവശ്യമല്ല, ഒരു ചെറിയ സ്വപ്നം കൂടിയാണ്.ഒരാൾക്ക് കാർ എന്നത് കുടുംബത്തോടൊപ്പമുള്ള യാത്രകളുടെ സ്വപ്നമാണ്. മറ്റൊരാൾക്ക് ഇരുചക്രവാഹനം സ്വന്തമായി എവിടെയും പോകാനുള്ള സ്വാതന്ത്ര്യമാണ്. ചിലർക്ക് അത് വർഷങ്ങളായുള്ള ആഗ്രഹത്തിന്റെ പൂർത്തീകരണമാകുമ്പോൾ മറ്റുചിലർക്ക് ജീവിതത്തിലെ ആദ്യത്തെ വാങ്ങലായിരിക്കും.അതുകൊണ്ടുതന്നെ വാഹനം വാങ്ങാനുള്ള തീരുമാനത്തിൽ വിലയും മൈലേജും ഫീച്ചറുകളും മാത്രമല്ല ഉണ്ടാകുന്നത്.
വീട്ടുകാരുടെ അഭിപ്രായം, സുഹൃത്തുക്കളുടെ ഉപദേശം, സ്വന്തം ഇഷ്ടം, ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകൾ തുടങ്ങി പലതും അതിൽ കലർന്നിരിക്കും. ഇത്രയും ആലോചിച്ചിട്ടും അവസാന നിമിഷം നിറം മാറ്റുന്നവരും മോഡൽ മാറ്റുന്നവരും ഉണ്ടാകും. അതാണ് വാഹനമോഹത്തിന്റെ രസം! വാഹനത്തിൽ നിന്ന്​ വീണാൽ തനിക്ക്​ എന്തെങ്കിലും പറ്റിയോ എന്നതിനേക്കാൾ ആധിയായിരിക്കും തന്‍റെ പ്രിയപ്പെട്ട വണ്ടിക്ക്​ എന്തെങ്കിലും സ്ക്രാച്ച്​ പറ്റിയോ എന്നറിയുന്നതിൽ. മഴ പെയ്താൽ മൂടിയിടണം, പൊടിപിടിച്ചാൽ തുടച്ചുവൃത്തിയാക്കണം, ചെറിയൊരു ശബ്ദം കേട്ടാൽ പോലും വർക്ക്‌ഷോപ്പിൽ കാണിക്കണം. ആദ്യത്തെ സർവിസ്, ആദ്യത്തെ ലോങ്ങ്​ ഡ്രൈവ്, ആദ്യത്തെ ചെറിയ പോറൽ... എല്ലാത്തിനും ഓരോ ഓർമയുണ്ടാകും.കാരണങ്ങളും.
ഒരുപക്ഷേ അതുകൊണ്ടാകാം വാഹനം വാങ്ങുമ്പോൾ ഇത്രയധികം ആലോചനയും അന്വേഷണവും. പണം കൊടുത്ത് വാങ്ങുന്നത് ഒരു വാഹനമാണെങ്കിലും സ്വന്തമാക്കുന്നത് കുറേ സ്വപ്നങ്ങളും ഓർമകളും കൂടിയാണ്. ഒടുവിൽ വണ്ടി ഏതായാലും ഒരു കാര്യം ഉറപ്പാണ്: താക്കോൽ കൈയിലെത്തിയാൽ പിന്നെ അതിനെക്കുറിച്ച് പറയാൻ ഉടമയ്ക്ക് നൂറ് കഥകളുണ്ടാകും. മറ്റുള്ളവർക്ക് അത് വെറുമൊരു കാർ അല്ലെങ്കിൽ ബൈക്ക്; ഉടമയ്ക്ക് അതൊരു വികാരമാണ്!

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:car buyers vehicles dreams Psychology Malayali families 
News Summary - Malayali Car Buying Dreams and Reality
Next Story