ഏറ്റവും വേഗത്തിൽ ഒരു ലക്ഷം യൂനിറ്റ് കയറ്റുമതി ചെയ്യുന്ന എസ്.യു.വി റെക്കോഡ് ഇനി മാരുതി ഫ്രോങ്ക്സിന്
text_fieldsന്യൂഡൽഹി: ഇന്ത്യയിൽനിന്ന് ഏറ്റവും വേഗത്തിൽ ഒരു ലക്ഷം യൂനിറ്റ് കയറ്റുമതി ചെയ്ത എസ്.യു.വി എന്ന ബഹുമതി ഇനി മാരുതി സുസുകി ഫ്രോങ്ക്സിന് സ്വന്തം. വിപണിയിലെത്തി 25 മാസത്തിനുള്ളിലാണ് ഫ്രോങ്ക്സ് ഈ നേട്ടം കൈവരിച്ചത്.
രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതിയുടെ ഗുജറാത്ത് പ്ലാന്റിൽ നിർമിക്കുന്ന ക്രോസ്ഓവർ സ്റ്റൈൽ സ്പോർട് യൂട്ടിലിറ്റി വാഹനം, ലാറ്റിനമേരിക്ക, പശ്ചിമേഷ്യ, ആഫ്രിക്ക, ജപ്പാൻ എന്നിവിടങ്ങളിലെ 80ലധികം രാജ്യങ്ങളിലാണ് ഇപ്പോൾ വിൽക്കുന്നത്. ദക്ഷിണാഫ്രിക്ക, ജപ്പാൻ, സൗദി എന്നിവിടങ്ങളിലാണ് കൂടുതൽ. 2023 ഏപ്രിലിലാണ് ഇന്ത്യയിൽ ഫ്രോങ്ക്സ് പുറത്തിറങ്ങുന്നത്. ആ വർഷം തന്നെ കയറ്റുമതിയും ആരംഭിച്ചു.
2024-25 സാമ്പത്തിക വർഷത്തിൽ മാത്രം ഫ്രോങ്ക്സിന്റെ 69,000-ത്തിലധികം യൂനിറ്റുകൾ വിദേശത്തേക്ക് കയറ്റുമതി ചെയ്തു. ഈ കാലയളവിൽ ഇന്ത്യയിലെ ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്ത പാസഞ്ചർ വാഹനമായും ഫ്രോങ്ക്സ് മാറി. 7.55 ലക്ഷം രൂപ മുതൽ 12.91 ലക്ഷം വരെയാണ് ഫ്രോങ്ക്സിന് വില. മാരുതി സുസുക്കി ഇപ്പോൾ ഏകദേശം 100 രാജ്യങ്ങളിലേക്ക് 17 മോഡലുകളാണ് കയറ്റുമതി ചെയ്യുന്നത്. എല്ലാ മോഡലിലുമായി ഏപ്രിൽ- ജൂൺ ത്രൈമാസത്തിൽ 96000ത്തിലധികം കാറുകൾ കമ്പനി കയറ്റിയയച്ചു.