Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightപെട്രോളിലെ എഥനോൾ...

പെട്രോളിലെ എഥനോൾ അനുപാതം ഉടൻ വർധിപ്പിക്കില്ല: 'E25' പരീക്ഷണ ഘട്ടത്തിൽ -മന്ത്രി ഹർദീപ് സിങ് പുരി

text_fields
bookmark_border
Hardeep Singh Puri
cancel
camera_alt

ഹർദീപ് സിങ് പുരി

ന്യൂഡൽഹി: പെട്രോളിൽ 25 ശതമാനം എഥനോൾ ചേർക്കുന്ന 'E25' ഇന്ധന മിശ്രിതം ഇപ്പോൾ പരീക്ഷണ ഘട്ടത്തിൽ മാത്രമാണെന്നും, ഇതിന്റെ വിപണനത്തെക്കുറിച്ച് യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി വ്യക്തമാക്കി. E25 ഇന്ധനം ഉടൻ വിപണിയിലെത്തുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് മന്ത്രിയുടെ നിർണായക പ്രതികരണം. ശാസ്ത്രീയമായ പഠനങ്ങളും വാഹന നിർമാതാക്കൾ അടക്കമുള്ള വിവിധ വിഭാഗങ്ങളുമായുള്ള കൂടിയാലോചനകളും പൂർത്തിയാക്കിയ ശേഷം മാത്രമേ ഇക്കാര്യത്തിൽ തുടർനടപടികൾ സ്വീകരിക്കുകയുള്ളൂ എന്ന് മന്ത്രി പറഞ്ഞു.

പരീക്ഷണങ്ങൾ പൂർത്തിയാക്കാൻ എത്ര സമയം എടുക്കും എന്നത് സംബന്ധിച്ച് നിലവിൽ വ്യക്തതയില്ല. ഇപ്പോഴത്തെ E20 (20 ശതമാനം എഥനോൾ) മിശ്രിതം സംബന്ധിച്ച് വാഹന ഉടമകൾക്കിടയിൽ നിലനിൽക്കുന്ന ആശങ്കകൾ അടിസ്ഥാനരഹിതമാണെന്ന് മന്ത്രി പറഞ്ഞു. വാഹന നിർമാതാക്കളോ സർവീസ് സെന്ററുകളോ ഇതുവരെ E20 ഇന്ധനം മൂലം എൻജിനുകൾക്ക് തകരാർ സംഭവിച്ചതായി റിപ്പോർട്ട് ചെയ്തിട്ടില്ല.

'എഥനോളിന്റെ കലോറി മൂല്യം പെട്രോളിനെ അപേക്ഷിച്ച് കുറവായതിനാൽ മൈലേജിൽ ചെറിയൊരു കുറവ് ഉണ്ടായേക്കാം. എന്നാൽ ഇത് എൻജിനെ ബാധിക്കില്ല,' റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി. ഫ്ലെക്സ്-ഫ്യുവൽ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് ഉയർന്ന അളവിലുള്ള എഥനോൾ മിശ്രിതം തെരഞ്ഞെടുക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

എന്താണ് E20 വിവാദം?

ഇന്ത്യയിൽ പെട്രോളിൽ എഥനോൾ കലർത്തുന്ന പരിപാടി വ്യാപകമായതോടെയാണ് 'E20' വിവാദം ഉടലെടുത്തത്. 20 ശതമാനം എഥനോൾ കലർന്ന പെട്രോൾ ഉപയോഗിക്കുന്നത് മൈലേജ് കുറക്കുമെന്നും എൻജിൻ ഭാഗങ്ങൾക്ക് കേടുപാടുകൾ വരുത്തുമെന്നുമാണ് പ്രധാന ആരോപണം. പെട്രോളിൽ എഥനോൾ ചേർത്താൽ 3% മുതൽ 5% വരെ മൈലേജ് കുറയുമെന്ന് സർക്കാർ വൃത്തങ്ങൾ തന്നെ സമ്മതിക്കുന്നുണ്ടെങ്കിലും, ഇത് പരിസ്ഥിതിക്ക് നൽകുന്ന ഗുണങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറവാണെന്നാണ് വാദം.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതുപോലെ എൻജിനുകൾക്ക് തകരാർ സംഭവിക്കുന്നില്ലെന്നും, സർക്കാർ നിർദ്ദേശങ്ങൾ പാലിക്കുന്ന ആധുനിക എൻജിനുകൾക്ക് ഈ ഇന്ധനം സുരക്ഷിതമാണെന്നുമാണ് സർക്കാർ വിശദീകരണം. അസംസ്കൃത എണ്ണയുടെ ഇറക്കുമതി കുറക്കാനും, കാർബൺ ബഹിർഗമനം കുറക്കാനും, കർഷകർക്ക് കൂടുതൽ വരുമാനം ഉറപ്പാക്കാനുമാണ് സർക്കാർ പദ്ധതി നടപ്പിലാക്കുന്നത് എന്നാണ് കേന്ദ്ര സർക്കാരിന്റെ വാദം.

Show Full Article
TAGS:Petroleum Minister hardeep singh puri E20 Petrol Latest News 
News Summary - Minister Hardeep Singh Puri says Ethanol ratio in petrol will not be increased E25 in trial phase
Next Story