Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightബലേ ഭേഷ് ബലേനോ...

ബലേ ഭേഷ് ബലേനോ ഫേസ്‌ലിഫ്റ്റ്

text_fields
bookmark_border
ബലേ ഭേഷ് ബലേനോ ഫേസ്‌ലിഫ്റ്റ്
cancel

മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്കായ ബലേനോയുടെ പുതിയ ഫേസ്‌ലിഫ്റ്റ് പതിപ്പ് വിപണിയിലെത്തി. 6,10,000 മുതൽ എക്‌സ്-ഷോറൂം വിലയിലാണ് (കൊച്ചി) വിൽപന ആരംഭിച്ചിരിക്കുന്നത്. ഡിസൈൻ മാറ്റങ്ങൾക്കൊപ്പം പുതിയ Z-സീരീസ് എൻജിനും ആധുനിക ഫീച്ചറുകളുമാണ് പ്രധാന പുതുമ.

നിലവിലെ 1.2 ലിറ്റർ 4-സിലിണ്ടർ പെട്രോൾ എൻജിന് പകരം 82 എച്ച് പി കരുത്ത് ഉൽപാദിപ്പിക്കുന്ന 1.2 ലിറ്റർ 3-സിലിണ്ടർ Z-സീരീസ് എൻജിനാണ് ഫേസ് ലിഫ്റ്റ് പതിപ്പിന് കരുത്തേകുന്നത്. 5-സ്പീഡ് മാനുവൽ, 5-സ്പീഡ് എ.എം.ടി ഗിയർബോക്സ് ഓപ്ഷനുകൾ ലഭിക്കും. സി.എൻ.ജി പതിപ്പിലും എ.എം.ടി ഓപ്ഷനുണ്ട്.

സെഗ്‌മെന്റിൽ ആദ്യമായി ലെവൽ-2 അഡാസ് സംവിധാനം ഉൾപ്പെടുത്തിയിട്ടുണ്ട്. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ കീപ്പ് അസിസ്റ്റ്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിങ്, ഹൈ-ബീം അസിസ്റ്റ് തുടങ്ങിയ സംവിധാനങ്ങൾ ഇതിന്റെ ഭാഗമാണ്.

ചൂടുള്ള കാലാവസ്ഥയിൽ കൂടുതൽ സുഖകരമായ യാത്രയ്ക്കായി വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ നൽകിയിട്ടുണ്ട്. ഫോൺ ചാർജ് ചെയ്യുമ്പോഴുണ്ടാകുന്ന ചൂട് നിയന്ത്രിക്കാൻ ആക്റ്റീവ് കൂളിങ്ങുള്ള വയർലെസ് ചാർജിങ് ഡോക്കും വാഹനത്തിലുണ്ട്. 360-ഡിഗ്രി കാമറ, ഹെഡ്സ്-അപ് ഡിസ്‌പ്ലേ, 9-ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ടയർ പ്രഷർ മോണിറ്റർ തുടങ്ങിയ ഫീച്ചറുകളും ടോപ്പ് വേരിയൻ്റുകളിലുണ്ടാകും.

ഡിസൈൻ മാറ്റങ്ങളിൽ പ്രധാനമായത് വലുപ്പം കൂടിയ പുതിയ ഫ്രണ്ട് ഗ്രില്ലാണ്. സുസുക്കി ലോഗോ ഗ്രില്ലിന് മുകളിലേക്ക് മാറ്റിയിട്ടുണ്ട്. പുനർരൂപകൽപ്പന ചെയ്ത ബമ്പർ, എൽ.ഇ.ഡി ഫോഗ് ലാമ്പുകൾ, 16 ഇഞ്ച് അലോയ് വീലുകൾ എന്നിവയുമുണ്ട്.അഞ്ച് വേരിയന്റുകളിലാണ് പുതിയ ബലേനോ എത്തുന്നത്. സിഗ്മ, ഡെൽറ്റ, സീറ്റ, ആൽഫ, ആൽഫ (O).

2015-ൽ ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ച ബലേനോ ഇതുവരെ 20 ലക്ഷത്തിലധികം യൂനിറ്റുകളാണ് വിറ്റഴിച്ചത്. 37 ലിറ്റർ ഇന്ധന ടാങ്കും 318 ലിറ്റർ ബൂട്ട് സ്പേസുമാണ് വാഹനത്തിലുള്ളത്. സെൻട്രൽ ലോക്കിങ്, നാല് പവർ വിൻഡോകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റിയർ ഡിഫോഗർ എന്നിവ ബേസ് സിഗ്മ വേരിയന്റിൽ തന്നെ ലഭ്യമാണ്. കൂടാതെ 6 എയർബാഗുകൾ, എ.ബി.എസ്, ഇ.ബി.ഡി തുടങ്ങിയ സുരക്ഷാ ഫീച്ചറുകളും അടിസ്ഥാന മോഡലിൽ തന്നെ കമ്പനി നൽകിയിട്ടുണ്ട്.

Show Full Article
TAGS:autonews maruti Hotwheels 
News Summary - Maruti Baleno Gets New Engine, ADAS
Next Story