ആറു മാസത്തിനകം ഇലക്ട്രിക് വാഹനങ്ങളുടെ വില പെട്രോൾ, ഡീസൽ വാഹനങ്ങൾക്ക് തുല്യമാകും; വമ്പൻ പ്രഖ്യാപനവുമായി നിതിൻ ഗഡ്കരി
text_fieldsകേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി
ന്യൂഡൽഹി: രാജ്യത്തെ ഇലക്ട്രിക് വാഹനങ്ങളുടെ വില പെട്രോൾ, ഡീസൽ വാഹനങ്ങൾക്ക് തുല്യമാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയുടെ പ്രഖ്യാപനം. അടുത്ത നാല് മുതൽ ആറ് മാസത്തിനുള്ളിലാണ് ഇ.വികളുടെ വില ഫോസിൽ ഇന്ധന വാഹനങ്ങളോട് തുല്യമാകാൻ പോകുന്നത്. 2025ലെ FICCI (ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്‌സ് ഓഫ് കോമേഴ്‌സ് & ഇൻഡസ്ട്രി) ഉന്നത വിദ്യാഭ്യാസ ഉച്ചകോടിയിൽ സംസാരിക്കവെയാണ് നിതിൻ ഗഡ്കരിയുടെ പ്രഖ്യാപനം.
ഓട്ടോമൊബൈൽ മേഖലയിൽ സർക്കാറിന്റെ ദീർഘകാല ദർശനം ഉയർത്തിപിടിച്ചാണ് മന്ത്രി സംസാരിച്ചത്. അടുത്ത അഞ്ച് വർഷത്തിനിടയിൽ ഇന്ത്യയിലെ ഓട്ടോമൊബൈൽ ശൃംഖല ലോകത്തിൽ തന്നെ ഒന്നാം സ്ഥാനം നേടുമെന്നും അതിൽ ഇലക്ട്രിക് വാഹന വിപണിയാകും പ്രധാന പങ്ക് വഹിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകത്ത് ഓട്ടോമൊബൈൽ മേഖലയിൽ ഏറ്റവും കൂടുതൽ നിക്ഷേപം നടത്തുന്നത് അമേരിക്കയാണ്. 78 ലക്ഷം കോടി രൂപയാണ് അമേരിക്കയുടെ പ്രതിവർഷ നിക്ഷേപം. തൊട്ടുപിറകിൽ 47 ലക്ഷം കോടി രൂപ മുടക്കി ചൈന രണ്ടാം സ്ഥാനത്തുണ്ട്. 22 ലക്ഷം കോടി രൂപയാണ് ഇന്ത്യയുടെ നിക്ഷേപം. അതിനാൽ തന്നെ മൂന്നാം സ്ഥാനത്ത് രാജ്യം സുരക്ഷിതമാണ്. അതുകൊണ്ട് തന്നെ ഫോസിൽ ഇന്ധങ്ങളെ ആശ്രയിക്കുന്നത് രാജ്യത്തിനു ഒരു സാമ്പത്തിക ബാധ്യതയാണെന്നും ഗഡ്കരി പറഞ്ഞു.
ചരക്ക് സേവന നികുതി (ജി.എസ്.ടി) കുറച്ച് സ്ലാബുകൾ ലയിപ്പിച്ചതിനാൽ വാഹന വിൽപ്പനയിൽ വർധനവുണ്ടായിട്ടുണ്ട്. ചെറിയ കാറുകൾക്ക് (നാല് മീറ്ററിൽ താഴെയും പെട്രോളിന് 1,200 സി.സിയും ഡീസലിന് 1,500 സി.സിയും) 28 ശതമാനമുണ്ടായിരുന്ന ജി.എസ്.ടി ഏകീകരിച്ച് 18 ശതമാനമാക്കിയതോടെയാണ് വാഹന വിൽപ്പനയിൽ വർധനവുണ്ടായത്. ധാന്യത്തിൽ നിന്ന് എഥനോൾ ഉത്പാദിപ്പിക്കുന്നതിലൂടെ കർഷകർക്ക് 45,000 കോടി രൂപയുടെ അധികവരുമാനം ലഭിക്കുമെന്നും പുനരുപയോഗ ഊർജ്ജം ഗ്രാമീണ ഇന്ത്യക്ക് മുതൽക്കൂട്ടാണെന്നും ഗഡ്കരി പറഞ്ഞു.