Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightആഡംബരം, കരുത്ത്,...

ആഡംബരം, കരുത്ത്, വേ​ഗത; 1.8 സെക്കൻഡിൽ 100 കിലോമീറ്റർ വേ​ഗത്തിൽ പറക്കുന്ന നെവേര ആർ

text_fields
bookmark_border
remac 78979
cancel

'പുതുയുഗത്തിന്റെ ഉദയം' എന്ന ആപ്തവാക്യവുമായി വിപണിയിൽ അവതരിപ്പിച്ച ഓൾ-ഇലക്ട്രിക് സ്‌പോർട്‌സ് കാറാണ് റിമാക് നെവേര ആർ. പ്രമുഖ ക്രൊയേഷ്യൻ ഓട്ടോമോട്ടീവ് നിർമാതാക്കളായ റിമാക് ഓട്ടോമൊബിലിറ്റിയാണ് വാഹനം രൂപകൽപന ചെയ്യുകയും നിർമിക്കുകയും ചെയ്തത്. ബുഗാട്ടിയേക്കാൾ വേഗത്തിൽ 100 കിലോമീറ്റർ വേഗം കൈവരിക്കാൻ നെവേരയ്ക്കു സാധിക്കും. 1.81 സെക്കൻഡു കൊണ്ട് വാഹനം 100 കിലോമീറ്റർ വേഗതയിൽ പറക്കും. അഗ്രസീവ് സ്‌റ്റൈലിങ്ങിനൊപ്പം, പെർഫോമൻസിന്റെ കാര്യത്തിലും കൃത്യത വരുത്തിയാണ് നെവേര ആർ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

വാഹനങ്ങളുടെ കരുത്തിന്റെ കാര്യത്തിൽ സ്വന്തം റെക്കോഡുകൾ തിരുത്തുന്നതാണ് ഇലക്ട്രിക് ഹൈപ്പർ കാർ നിർമാതാക്കളായ റിമാക്കിന്റെ രീതി. ആദ്യം എത്തിച്ച കൺസെപ്റ്റ് ഹൈപ്പർ കാറിന്റെ കരുത്ത് 1384 ബി.എച്ച്.പി. പവർ ആയിരുന്നെങ്കിൽ പിന്നീട് എത്തിയ നെവേര എന്ന മോഡൽ ഉത്പാദിപ്പിച്ചിരുന്നത് 1914 ബി.എച്ച്.പി. പവർ ആയിരുന്നു. പുതുതായി എത്തുന്ന നെവേര ആർ 2078 ബി.എച്ച്.പി പവറായിരിക്കും ഉത്പാദിപ്പിക്കുകയെന്നാണ് നിർമാതാക്കൾ അറിയിച്ചിട്ടുള്ളത്. 1.74 സെക്കൻഡിൽ പൂജ്യത്തിൽനിന്ന് 60 മൈൽ വരെയും 4.38 സെക്കൻഡിൽ 124 മൈൽവരെയും 8.66 സെക്കൻഡിൽ 186 മൈൽവരെയും വേഗത്തിലെത്താൻ നെവേര ആറിന് കഴിയും. വാഹനത്തിന്റെ ഉയർന്ന വേഗത 256 മൈൽ ആണ്. അതായത് മണിക്കൂറിൽ 412 കിലോമീറ്റർ വേഗത്തിൽ പറക്കാൻ ഈ സ്‌പോർട്‌സ് കാറിന് കഴിയും.

ഒരു പെർഫോമെൻസ് ഹൈപ്പർ കാറിന് ഇണങ്ങുന്ന എയറോ ഡൈനാമിക് ഡിസൈനിലാണ് നെവേര ആർ നിർമിച്ചിരിക്കുന്നത്. എയർ വെന്റുകൾ നൽകിയിട്ടുള്ള ബമ്പർ, എൽ.ഇ.ഡി ഹെഡ്ലാമ്പ്, വശങ്ങളിലും ഡോറിലും നൽകിയിട്ടുള്ള എയർ കർട്ടൺ, റിയർ സ്പോയിലർ, മുന്നിൽ 20 ഇഞ്ചും പിന്നിൽ 21 ഇഞ്ചും വലിപ്പമുള്ള ടയറുകൾ എന്നിവയും വാഹനത്തിനു നൽകിയിട്ടുണ്ട്. 108 കിലോവാട്ട് ശേഷിയുള്ള ബാറ്ററിപാക്കാണ് ഈ ഇലക്ട്രിക് ഹൈപ്പർ കാറിൽ നൽകിയിട്ടുള്ളത്. വാഹനത്തിന്റെ ബ്രേക്കിങ് ശേഷി വർധിപ്പിക്കുന്നതിനായി സിലിക്കോൺ മാട്രിക്സ് കാർബൺ സെറാമിക് ലെയറുള്ള ഇവോ 2 ബ്രേക്കുകളാണ് നൽകിയിട്ടുള്ളത്.

ഫ്യൂച്ചറിസ്റ്റിക് ഭാവങ്ങൾ നൽകിയാണ് വാഹനത്തിന്റെ അകത്തളം ഒരുക്കിയിരിക്കുന്നത്. മികച്ച സാങ്കേതികവിദ്യയും ആഡംബരത്തിനുള്ള ഫീച്ചറുകളും ഇന്റീരിയറിലുണ്ട്. സെന്റർ കൺസോളിൽ നൽകിയിട്ടുള്ള വലിയ സ്‌ക്രീനാണ് ഇൻഫോടെയ്ൻമെന്റായി പ്രവർത്തിക്കുന്നത്. വൃത്താകൃതിയിലുള്ള സ്പീഡോമീറ്റർ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഡ്രൈവർ സൈഡ് ഡിജിറ്റൽ സ്‌ക്രീൻ എന്നിവ ഇന്റീരിയർ ആഡംബരപൂർണമാക്കുന്നു.

വാഹനം സ്വന്തമാക്കണമെങ്കിൽ 2.5 ദശലക്ഷം ഡോളർ (ഏകദേശം 21 കോടി ഇന്ത്യൻ രൂപ) മുടക്കേണ്ടിവരും. കാശുണ്ടെങ്കിലും കിട്ടാനുള്ള സാധ്യത കുറവാണ്. കാരണം ആഗോളതലത്തിൽ ആകെ 40 കാറുകൾ മാത്രമേ നിർമിക്കുന്നുള്ളൂ എന്ന് റിമാക് പറയുന്നു. ഡെലിവറി അടുത്ത വർഷം ആരംഭിക്കും. റേസിങ്ങ് വാഹനങ്ങൾ നിർമിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കമ്പനിയാണ് റിമാക് എങ്കിലും ഉയർന്ന കരുത്തുള്ള ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കുന്ന രീതിയാണ് ഇപ്പോൾ പിന്തുടരുന്നത്.

Show Full Article
TAGS:Rimac Nevera R hot wheels 
News Summary - Rimac Nevera R
Next Story