ബ്രിട്ടീഷ് ആർമിയുടെ ഭാഗമായി റോയൽ എൻഫീൽഡ്; കൂടുതൽ കരുത്തുപകരാൻ 'ഹിമാലയൻ 450'
text_fieldsബ്രിട്ടീഷ് സൈന്യവുമായി പുതിയ തന്ത്രപരമായ പങ്കാളിത്തം പ്രഖ്യാപിച്ചിരിക്കുകയാണ് റോയൽ എൻഫീൽഡിന്റെ യു.കെ വിഭാഗം. ഈ സഹകരണത്തിന്റെ ഭാഗമായി, സൈനികർക്ക് പരിശീലന ആവശ്യങ്ങൾക്കായി നാല് ഹിമാലയൻ 450 മോട്ടോർസൈക്കിളുകൾ റോയൽ എൻഫീൽഡ് നൽകും. ഈ ഇരുചക്രവാഹനങ്ങൾ പ്രധാനമായും സൈന്യത്തിലെ മോട്ടോറൈസ്ഡ് അഡ്വഞ്ചർ (എ.എം.എ) ഗ്രൂപ്പിന് പരിശീലനം നേടാനാകും ഉപയോഗപ്പെടുത്തുക.
ബ്രിട്ടീഷ് സൈന്യം ആദ്യമായല്ല റോയൽ എൻഫീൽഡ് മോട്ടോർസൈക്കിൾ ഉപയോഗിക്കുന്നത്. 1914 മുതൽ സൈന്യം റോയൽ എൻഫീൽഡ് മെഷീനുകളെയാണ് ആശ്രയിക്കുന്നത്. രണ്ടാം ലോകമഹായുദ്ധ സമയത്ത് സൈനിക രൂപകൽപ്പന ചെയ്ത മോട്ടോർ സൈക്കിളുകൾ, ജനറേറ്ററുകൾ, എയർക്രാഫ്റ്റ് ഗൺ പ്രെഡിക്ടറുകൾ എന്നിവ റോയൽ എൻഫീൽഡ് ബ്രിട്ടീഷ് ആർമിക്കായി നിർമിച്ചിട്ടുണ്ട്. ബ്രിട്ടീഷ് സൈന്യത്തിന്റെ ചരിത്രത്തിൽ ഒരു പ്രധാനസ്ഥാനം വഹിക്കുന്ന ഫ്ലൈയിങ് ഫ്ലീ ബൈക്കും ഇതിൽ ഉൾപ്പെടുന്നു.
റോയൽ എൻഫീൽഡ് ഹിമാലയൻ 450 അതിന്റെ ഓഫ്-റോഡ് കഴിവുകളും മിഡിൽ-വെയ്റ്റ് അഡ്വഞ്ചർ രൂപകൽപ്പനയും സൈന്യത്തിന്റെ യഥാർത്ഥ ആവിശ്യങ്ങൾക്ക് അനുയോജ്യമാണ്. 8,000 ആർ.പി.എമിൽ 39 ബി.എച്ച്.പി പവറും 5,500 ആർ.പി.എമിൽ 40 എൻ.എം ടോർക്കും ഉത്പാദിപ്പിക്കുന്ന 452 സി.സി സിംഗിൾ-സിലിണ്ടർ ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് റോയൽ എൻഫീൽഡ് ഹിമാലയൻ 450 മോട്ടോർസൈക്കിളിന്റെ കരുത്ത്. വിശാലമായ സീറ്റിങ് സൗകര്യം ദീർഘദൂര യാത്രക്ക് ഏറെ അനുയോജ്യവും മികച്ച പ്രകടനവും കാഴ്ചവെക്കുന്നു.
റോയൽ എൻഫീൽഡ് ഹിമാലയൻ 450 നിർമ്മിച്ചിരിക്കുന്നത് സ്റ്റീൽ ട്വിൻ-സ്പാർ ട്യൂബുലാർ ഫ്രെയിമിലാണ്. ഇരട്ട-വശങ്ങളുള്ള സ്വിൻഗ്രം ഉപയോഗിക്കുന്നു. ഷോവയിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് പൂർണ്ണമായും പുതിയ സസ്‌പെൻഷൻ സിസ്റ്റവുമായാണ് ഇത് ജോടിയാക്കിയിരിക്കുന്നത്. 43 എം.എം അപ്‌സൈഡ്-ഡൗൺ ഫോർക്കുകളും ലിങ്ക്-ടൈപ്പ് റിയർ മോണോഷോക്കും ഇതിൽ ഉൾപ്പെടുന്നു. മുന്നിലും പിന്നിലും 200 എം.എം ട്രാവൽ വാഗ്‌ദാനം ചെയ്യുന്നു. മുൻവശത്ത് 320 എം.എമും പിൻവശത്തായി 270 എം.എമും അളവിൽ ബ്രേക്കിങ് സിസ്റ്റത്തിൽ നവീകരിച്ച റോട്ടറുകളും ഹിമാലയൻ 450ക്കുണ്ട്.