Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightഹെൽമെറ്റിൽ 'ഫുൾ-ബോഡി...

ഹെൽമെറ്റിൽ 'ഫുൾ-ബോഡി എയർബാഗ്'? സമൂഹമാധ്യമങ്ങളിൽ വൈറലായ ദൃശ്യങ്ങൾക്ക് പിന്നിലെ യാഥാർഥ്യം...

text_fields
bookmark_border
ഹെൽമെറ്റിൽ ഫുൾ-ബോഡി എയർബാഗ്? സമൂഹമാധ്യമങ്ങളിൽ വൈറലായ ദൃശ്യങ്ങൾക്ക് പിന്നിലെ യാഥാർഥ്യം...
cancel

മോട്ടോർസൈക്കിൾ യാത്രികർ അപകടത്തിൽപ്പെടുമ്പോൾ സെക്കൻഡുകൾക്കുള്ളിൽ വികസിക്കുകയും ശരീരത്തെ മുഴുവൻ സംരക്ഷിക്കുകയും ചെയ്യുന്ന എയർബാഗ് ഹെൽമെറ്റിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു. ചൈനയിൽ വികസിപ്പിച്ചെടുത്ത ഈ അത്ഭുത സാങ്കേതികവിദ്യയെന്ന അവകാശവാദത്തോടെ ലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ പങ്കുവെച്ചിട്ടുള്ളത്. എന്നാൽ ഈ ദൃശ്യങ്ങളുടെ ആധികാരികതയെക്കുറിച്ച് നിരവധി സംശയങ്ങളും ചോദ്യങ്ങളും ഉയർന്നു കഴിഞ്ഞു.

ചെറിയൊരു മോട്ടോർസൈക്കിൾ വീഴ്ചയോടെയാണ് വീഡിയോ ആരംഭിക്കുന്നത്. യാത്രികൻ റോഡിലേക്ക് മറിയുന്ന നിമിഷം തന്നെ ഹെൽമെറ്റിൽ നിന്ന് ഒരു എയർബാഗ് അതിവേഗം പുറത്തേക്ക് വന്ന് ശരീരം മുഴുവൻ പൊതിയുന്നതായി ദൃശ്യങ്ങളിൽ കാണാം. റോഡിൽ ഇടിക്കുന്നതിന് തൊട്ടുമുമ്പ് ആഘാതം കുറക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ആധുനിക കാറുകളിലെ മൾട്ടി-എയർബാഗ് സംവിധാനങ്ങൾക്ക് സമാനമാണിത്.

വീഴ്ചക്ക് ശേഷം എയർബാഗ് തനിയെ ചുരുങ്ങുന്നതും യാത്രികന്റെ സുരക്ഷാ വസ്ത്രങ്ങൾ വെളിപ്പെടുന്നതുമാണ് വീഡിയോയുടെ അവസാനം. കാഴ്ചയിൽ കൗതുകമുണർത്തുന്ന ഈ ദൃശ്യങ്ങൾ യഥാർഥ ഉൽപ്പന്നത്തിന്റെ പ്രദർശനമാണോ അതോ നിർമിത ബുദ്ധി (എ.ഐ) ഉപയോഗിച്ച് നിർമ്മിച്ച സാങ്കൽപ്പിക സൃഷ്ടിയാണോ എന്ന ചർച്ചയാണ് ഇപ്പോൾ സജീവമായിരിക്കുന്നത്.

ഈ നൂതന ഹെൽമെറ്റ് നിർമ്മിച്ചത് ചൈനീസ് കമ്പനികളായ 'ലാൻസി യെമ മോട്ടോർസൈക്കിൾ ഫിറ്റിങ്സ്' (Lanxi Yema Motorcycle Fittings), 'യാൻഫെങ് ഓട്ടോമോട്ടീവ്' (Yanfeng Automotive) എന്നിവയാണെന്നാണ് ഓൺലൈൻ റിപ്പോർട്ടുകൾ അവകാശപ്പെടുന്നത്. ഷെജിയാങ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു ഹെൽമെറ്റ് നിർമ്മാണ കമ്പനിയാണ് ലാൻസി യെമ. വർഷം തോറും 2.5 ദശലക്ഷം ഹെൽമെറ്റുകൾ നിർമ്മിക്കാനുള്ള ശേഷി തങ്ങൾക്കുണ്ടെന്ന് ഇവർ വ്യക്തമാക്കിയിട്ടുണ്ട്. എയർബാഗുകൾ, സീറ്റ്‌ ബെൽറ്റുകൾ, സ്റ്റിയറിങ് വീലുകൾ തുടങ്ങിയ വാഹന സുരക്ഷാ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന പ്രമുഖ കമ്പനിയാണ് യാൻഫെങ്.

എന്നാൽ, ഈ കമ്പനികൾ ഇത്തരത്തിലുള്ള ഒരു എയർബാഗ് ഹെൽമെറ്റിനെക്കുറിച്ച് ഔദ്യോഗികമായി യാതൊരു പ്രഖ്യാപനവും നടത്തിയിട്ടില്ല. യാൻഫെങ്ങിന്റെ ഔദ്യോഗിക ഉൽപ്പന്ന നിരയിലും ഇങ്ങനെയൊരു ഹെൽമെറ്റിനെക്കുറിച്ചുള്ള വിവരങ്ങളില്ല.

വീഡിയോ എഐ നിർമ്മിതമാണെന്നാണ് പലരുടെയും സംശയം. അതിന്റെ പ്രധാന കാരണം ബ്രാൻഡുകളിലെ വൈരുദ്ധ്യമാണ്. വീഡിയോയിലുള്ള ഹെൽമെറ്റിൽ ചൈനീസ് കമ്പനിയുടെ ലോഗോക്ക് പകരം ഇറ്റാലിയൻ ഹെൽമെറ്റ് ബ്രാൻഡായ AGV-യുടെ ലോഗോയാണ് കാണാൻ സാധിക്കുന്നത്. കൂടാതെ, യാത്രികൻ ധരിച്ചിരിക്കുന്നത് ഇറ്റാലിയൻ ബ്രാൻഡായ Dainese-ന്റെ ലെതർ സ്യൂട്ടുമാണ്. ഇത് ചൈനീസ് നിർമ്മിതമെന്ന അവകാശവാദത്തിന് വിരുദ്ധമാണ്. രണ്ടാമതായി ഉയർത്തികാണിക്കുന്നത് ഔദ്യോഗിക രേഖകളുടെ അഭാവമാണ്. ഇതുവരെ ഔദ്യോഗിക പ്രസ് റിലീസോ, ഉൽപ്പന്ന പേജോ, സുരക്ഷാ സർട്ടിഫിക്കേഷനോ, സ്വതന്ത്ര പരിശോധനാ ഫലങ്ങളോ ഒന്നും തന്നെ ലഭ്യമായിട്ടില്ല.

വളരെയധികം ആളുകൾ ഈ ദൃശ്യങ്ങൾ നിർമിത ബുദ്ധി (എ.ഐ) ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്. അതേസമയം മോട്ടോർസൈക്കിൾ യാത്രികർക്കായി എയർബാഗ് സാങ്കേതികവിദ്യകൾ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ വിവിധ കമ്പനികൾ നടത്തുന്നുണ്ടെന്നതും വസ്തുതയാണ്.

ഹെൽമെറ്റുകളിലെ ഫുൾ-ബോഡി എയർബാഗ് സങ്കൽപ്പം പുതിയതല്ലെങ്കിലും, ഈ വീഡിയോയിൽ പ്രചരിക്കുന്ന തരത്തിലുള്ള ഉൽപ്പന്നങ്ങൾ യാഥാർത്ഥ്യമായിട്ടില്ല. നിലവിൽ റൈഡർമാർ ഉപയോഗിക്കുന്നത് അപകടസമയത്ത് സ്വയം വികസിക്കുന്ന എയർബാഗ് വെസ്റ്റുകളും ജാക്കറ്റുകളുമാണ്. 2022ൽ ഇറ്റാലിയൻ നിർമ്മാതാക്കളായ 'ഐറോഹും' സ്വീഡിഷ് സുരക്ഷാ കമ്പനിയായ 'ഓട്ടോലിവും' ചേർന്ന് എയർബാഗ് സാങ്കേതികവിദ്യയുള്ള പ്രോട്ടോടൈപ്പ് ഹെൽമെറ്റ് അവതരിപ്പിച്ചിരുന്നു. എന്നാൽ, നിലവിൽ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്ന വീഡിയോയുമായി അതിന് യാതൊരു ബന്ധവുമില്ല. ഒടുവിൽ പുറത്തുവന്ന ഈ വൈറൽ വീഡിയോ സാങ്കേതിക വിദ്യയുടെ അതിപ്രസരമുള്ള ഒരു വ്യാജ ദൃശ്യമാണെന്നാണ് വിദഗ്ധരുടെ നിഗമനം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Airbag helmet Motorcycle Social Media 
News Summary - Motorcyclist Airbag Helmet Viral Video Fact Check
Next Story