Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightIn-depthchevron_rightഅമ്മ തുറപ്പിച്ച...

അമ്മ തുറപ്പിച്ച നോമ്പും ചേർത്തുവെച്ച മനസ്സും

text_fields
bookmark_border
അമ്മ തുറപ്പിച്ച നോമ്പും ചേർത്തുവെച്ച മനസ്സും
cancel
camera_alt

‘അമ്മ ഇഫ്താർ’ ആതിഥേയ മീനാക്ഷി ശ്രീനിവാസൻ, സംഘാടനം നിർവഹിച്ച വെങ്കട്, ശോഭ, ഷെറിൻ ജോൺ, വാസുദേവൻ രാജഗോപാൽ, ആയിഷ തബസ്സും, കസ്തൂരി, ദേവി എന്നിവർക്കൊപ്പം

ഇസ്‍ലാമോഫോബിയക്കെതിരായ ആഗോളദിനമായ മാർച്ച് 15ന് പങ്കെടുത്ത ഇഫ്താർ പകർന്ന കുളിർമ കൊടുംവേനലിനെ മറികടന്ന് മനസ്സിൽ നിറഞ്ഞുനിൽക്കുന്നു. പാലക്കാട് നെന്മാറ വല്ലങ്ങിയിൽ വേരുകളുള്ള മീനാക്ഷി ശ്രീനിവാസൻ (78) ബംഗളൂരു അശോക് നഗറിലെ ആശീർവാദ് ഭവനിൽ സംഘടിപ്പിച്ച ‘അമ്മ ഇഫ്താറി’ലേക്ക് മകൻ വെങ്കട് ശ്രീനിവാസനാണ് ക്ഷണിച്ചു കൊണ്ടുപോയത്. ‘അമ്മ ഇഫ്താർ’ എന്ന പേരിൽതന്നെയുണ്ട് ചേർത്തുപിടിക്കലിന്റെ സന്ദേശം. അത് തുടങ്ങാനുണ്ടായ സാഹചര്യങ്ങളെക്കുറിച്ച് അമ്മ വിശദീകരിച്ചപ്പോൾ ആ ആശയം കൂടുതൽ പേരിൽ എത്തിക്കണമെന്ന് തോന്നി.

ബി.ജെ.പി സർക്കാറിന് കീഴിൽ കർണാടക വർഗീയ വിദ്വേഷത്തിന്റെ കൂടാരമായി മാറിക്കൊണ്ടിരുന്ന ഘട്ടത്തിൽ നാലുവർഷം മുമ്പാണ് മീനാക്ഷി അമ്മയും മക്കളായ വെങ്കട് ശ്രീനിവാസനും ശോഭയും ഇത്തരമൊരു ആശയത്തെക്കുറിച്ച് ആലോചിക്കുന്നത്.

അമ്മയുടെ വാക്കുകളിങ്ങനെ:

‘അന്നൊക്കെ ഇവിടെ ദിവസവും പ്രശ്നങ്ങളായിരുന്നു. ബ്രാഹ്മണർ എന്ന നിലയിൽ ഞങ്ങൾ മാംസം കഴിക്കാറില്ല. മറ്റു ആചാരങ്ങളും ചടങ്ങുകളുമൊക്കെ പിന്തുടരുന്നുമുണ്ട്. എന്നാൽ, മറ്റുള്ളവർ അവർക്കിഷ്ടമുള്ള ഭക്ഷണം കഴിക്കരുത് എന്ന് പറയുന്നതിനോട് യോജിക്കാനാവില്ല. ജാതിയുടെയും മതത്തിന്റെയും പേരിൽ ആരോടെങ്കിലും മോശമായി പെരുമാറാനും സാധിക്കില്ല. ഹിജാബിന്റെ പേരിലുണ്ടാക്കിയ പ്രശ്നങ്ങൾ പത്രത്തിലൂടെ ദിവസവും വായിച്ചറിയുമായിരുന്നു. അതൊക്കെ വളരെ മോശമല്ലേ? എത്രയോ പെൺകുട്ടികൾ പ്രയാസത്തിലായി. എത്രയോ കുട്ടികളുടെ പഠനം മുടങ്ങി. അതൊക്കെ ഓർക്കുമ്പോൾ മനസ്സ് വല്ലാതെ വിഷമിച്ചു. അന്യവത്കരിക്കപ്പെടുന്ന സമുദായത്തോടൊപ്പം ഞങ്ങളുമുണ്ടെന്ന് അറിയിക്കാൻ തീരുമാനിച്ചത് ആ ഘട്ടത്തിലാണ്. നമ്മളെല്ലാം മനുഷ്യരാണ്. പരസ്പരം സ്നേഹിച്ചാണ് നമ്മൾ ഈ നാട് കെട്ടിപ്പടുക്കേണ്ടത്. നമ്മുടെ രാജ്യത്ത് ഓരോ ദിവസവും മുസ്‍ലിംകളെ മാത്രം ഉന്നമിട്ട് വിദ്വേഷ പ്രവർത്തനങ്ങൾ നടക്കുന്നു. വളരെ കുറച്ചുപേരാണ് അതൊക്കെ ചെയ്യുന്നതെങ്കിലും ആഘാതം വലുതാണ്. അതിനെ ചെറുക്കാൻ നമ്മളൊരുമിച്ച് നീങ്ങണം. നമ്മളൊന്നായ് സമൂഹത്തിൽ സ്നേഹം പരത്തണം....’’

ഭരണകൂടം വേട്ടയാടിക്കൊണ്ടിരിക്കുന്ന ആൾട്ട് ന്യൂസ് സഹസ്ഥാപകൻ സുബൈർ, ഈദിന ഡോട്ട്കോം റിസർച്ച് ഹെഡ് ഡോ.എച്ച്.വി. വാസു, റീക്ലെയിം കോൺസ്റ്റിറ്റ്യൂഷൻ ആക്ടിവിസ്റ്റ് വിനയ് കുമാർ തുടങ്ങിയ കർണാടകയിലെ ജനകീയ സാമൂഹിക പ്രവർത്തകർ, തൊഴിലാളികൾ എന്നിവരെല്ലാമടങ്ങുന്ന അതിഥികളെ ജാതിമതഭേദമന്യെ ക്ഷണിച്ച് ഇത് മൂന്നാം തവണയാണ് ‘അമ്മ ഇഫ്താർ’ സംഘടിപ്പിക്കപ്പെട്ടത്. മനുഷ്യാവകാശ-മാധ്യമ പ്രവർത്തകരുടെ പൊതുസുഹൃത്തായ സുധീർ ദേവദാസ് ഈ സ്നേഹക്കൂട്ടത്തിൽ പങ്കുചേരാൻ മാത്രമായി കോഴിക്കോട് നിന്നെത്തി. പലരും വിഭവങ്ങൾ കൊണ്ടുവന്നു. എല്ലാവരും ചേർന്ന് ‘മിലേ സുർ മേരാ തുമാരാ...’ പാടി കൈകോർത്തു. മീനാക്ഷിയമ്മ എല്ലാവരുടെയും അമ്മയായി.

ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിൽനിന്ന് പഠനം പൂർത്തിയാക്കി ബാങ്കിങ് മേഖലയിൽ ജോലി ചെയ്യുന്ന വെങ്കട് ശ്രീനിവാസനായിരുന്നു ഇഫ്താറിന്റെ മുഖ്യ ഉത്സാഹക്കാരൻ. മോദി സർക്കാർ രാജ്യത്ത് മുസ്‍ലിംവേട്ടക്ക് തുടക്കമിട്ട കാലത്താണ് വെങ്കടിന്റെ ആക്ടിവിസത്തിലേക്കുള്ള കടന്നുവരവ്. ലണ്ടനിൽ ഒരു ബാങ്കിൽ ജോലി ചെയ്യവെ, സി.എ.എ സമരം കത്തിനിൽക്കുന്ന കാലത്താണ് വെങ്കട് നാട്ടിൽ തിരിച്ചെത്തുന്നത്. ‘ഞാൻ അതേക്കുറിച്ച് കൂടുതലായി വായിച്ചറിയാൻ ശ്രമിച്ചു. എനിക്ക് മുസ്‍ലിംകളോട് സഹതാപമുണ്ടായിരുന്നു. എന്നാൽ, സഹാനുഭൂതി പ്രകടിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. മുസ്‍ലിം സംസ്കാരത്തെ കുറിച്ചൊന്നും എനിക്ക് കാര്യമായി അറിയില്ലായിരുന്നു. അതേക്കുറിച്ച് അറിയാൻ ശ്രമിച്ചുകൊണ്ടാണ് കർണാടകയിലെ ആക്ടിവിസ്റ്റുകൾക്കൊപ്പം ചേർന്നത്. രണ്ടു സന്ദേശങ്ങളായിരുന്നു ഞങ്ങൾ സമൂഹത്തിലേക്ക് കൈമാറിയത്. ഞങ്ങളെ അസ്വസ്ഥപ്പെടുത്തിക്കൊണ്ടിരിക്കുന്ന സംഘടനകൾക്കുള്ളതായിരുന്നു ആദ്യത്തേത്. നിങ്ങളുടെ ഈ ഏർപ്പാടുകൾ കർണാടകയിൽ ഫലംകാണാൻ പോവുന്നില്ലെന്ന മുന്നറിയിപ്പായിരുന്നു അത്. അതോടൊപ്പം ഞങ്ങൾ ഒപ്പമുണ്ടെന്ന സിഗ്നൽ മുസ്‍ലിം സഹോദരർക്കും നൽകി. ഇതു രണ്ടും ഫലംകണ്ടു. വിദ്വേഷം പരത്തിയ രാഷ്ട്രീയകക്ഷി കർണാടകയിൽ അധികാരത്തിൽനിന്ന് പുറത്തായി. മുസ്‍ലിം സമൂഹത്തെ അന്യവത്കരിക്കുന്നതിനും ഒരുപരിധിവരെ അറുതിയുണ്ടായി. മുമ്പ് ഒന്നിച്ചിരുന്ന് സൊറ പറയുമ്പോഴോ ചായ കുടിക്കുമ്പോഴോ രാഷ്ട്രീയമേ ചർച്ച ചെയ്യാതിരുന്ന എന്റെ കൂട്ടുകാർ സാമൂഹിക സൗഹാർദത്തെക്കുറിച്ചും ഭരണഘടനയെ കുറിച്ചും സംസാരിക്കാൻ തുടങ്ങി. രാമനവമി ആഘോഷങ്ങൾക്കിടെയുണ്ടായ അതിക്രമങ്ങൾ സംബന്ധിച്ച വാർത്തകൾ അമ്മയെ വേദനിപ്പിച്ചിരുന്നു. അമ്മ രാമഭക്തയാണ്. രാമന്റെ ജീവിതോപദേശങ്ങളിലൊന്നും എവിടെയും വിദ്വേഷത്തിനൊരു സ്ഥാനവുമില്ല. ഞങ്ങളുടെ കുടുംബത്തിൽ അമ്മക്കാണ് ഭക്തി കൂടുതൽ. ഞങ്ങളുടെ ജീവിതത്തിൽ രാമന് ഏറെ പ്രാധാന്യമുണ്ട്. അമ്മ അസ്വസ്ഥപ്പെട്ടിടത്തുനിന്നാണ് ‘അമ്മ ഇഫ്താർ’ എന്ന ആശയം ഞങ്ങൾ രൂപപ്പെടുത്തുന്നത്. മനുഷ്യനെ അസ്വസ്ഥപ്പെടുത്തുന്നതല്ല രാമസങ്കൽപമെന്നും അത്തരം വിനാശചിന്തയിൽ തങ്ങൾ വിശ്വസിക്കുന്നില്ലെന്നും സമുഹത്തോട് തുറന്നുപറയാൻ ഒരു വേദിയായാണ് അമ്മ ‘അമ്മ ഇഫ്താറി’നെ കണ്ടത്....’- വെങ്കട് പറയുന്നു.

വിദ്വേഷത്തിനെതിരായ പോരാട്ടത്തിൽ ഭരണപരമായും സാമൂഹികപരമായും കർണാടകയിൽ നടക്കുന്ന മാറ്റങ്ങളുടെ പ്രതിധ്വനികളിലൊന്നാണ് ‘അമ്മ ഇഫ്താർ’. കഴിഞ്ഞ ബി.ജെ.പി ഭരണകാലത്ത് തുടർച്ചയായി വിഷം വമിപ്പിച്ചിരുന്ന നേതാക്കൾ തൽക്കാലത്തെങ്കിലും മാളത്തിലേക്ക് വലിഞ്ഞിരിക്കുന്നു. വ്യാജവാർത്തകളും പ്രചാരണങ്ങളും കണ്ടെത്താൻ സംസ്ഥാന സർക്കാർതന്നെ മുൻകൈയെടുത്ത് വ്യാജവാർത്തകൾ കണ്ടുപിടിക്കാനും പൊതുജനങ്ങൾക്കുമുന്നിൽ തുറന്നുകാട്ടാനും സെൽ ഒരുക്കിയിരിക്കുന്നു. പൊതുജനങ്ങൾക്കുകൂടി പങ്കാളിത്തമുള്ള ഈ സംവിധാനം കാര്യക്ഷമമായതോടെ വ്യാജവാർത്തകളെ നിയമപരമായി കൈകാര്യം ചെയ്തു തുടങ്ങിയിരിക്കുന്നു. വ്യാജവാർത്തകൾ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കർണാടകയിൽ 259 കേസുകളാണ് രജിസ്റ്റർ ചെയ്തത്.

വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവരെ നിരീക്ഷിക്കാൻ ജില്ലാ സോഷ്യൽ മീഡിയ മോണിറ്ററിങ് യൂനിറ്റ് പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാനത്തെ ഓരോ പൊലീസ് സ്റ്റേഷനിലും മൂന്ന് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.

ഹിജാബ് വിഷയത്തിലാണ് കർണാടകയിലെ ബി.ജെ.പി ഭരണകൂടത്തിന്റെ ഇസ്‍ലാമിനോടുള്ള വെറുപ്പും വിദ്വേഷവും അതിന്റെ പരമകോടിയിൽ കണ്ടത്. ഇതിന് കരുവാക്കിയതാകട്ടെ സ്കൂൾ, കോളജ് കാമ്പസുകളെയായിരുന്നു. ഹിജാബ് ധരിച്ചെത്തുന്ന വിദ്യാർഥിനികൾക്കെതിരെ പ്രതിഷേധിക്കാൻ സംഘ്പരിവാർ പ്രവർത്തകർ വിദ്യാലയങ്ങൾക്ക് മുന്നിൽ കാവി ഷാളുകൾ വിതരണം ചെയ്യുകയും പ്രിൻസിപ്പൽമാർ നേരിട്ടെത്തി ഗേറ്റിന് മുന്നിൽ മുസ്‍ലിം പെൺകുട്ടികളെ തടയുന്നതടക്കം അരങ്ങേറി. ഹിജാബ് ധരിച്ചതിന്റെ പേരിൽ മാനസിക പീഡനത്തിനിരയായി ചില അധ്യാപികമാർക്കുപോലും ജോലി രാജിവെക്കേണ്ടിവന്നു. കലുഷിതമായ ഈ കാമ്പസുകളിലേക്കാണ് കർണാടകയിലെ കോൺഗ്രസ് സർക്കാർ സമഭാവനയുടെ മനുഷ്യപാഠവുമായെത്തിയത്. 2024-25 അക്കാദമിക വർഷത്തിൽ കർണാടകയിലെ സ്കൂളുകളിലും പി.യു കോളജുകളിലും ‘നാവു മനുജരു’ (നാം മനുഷ്യർ) എന്ന പദ്ധതി ആരംഭിച്ചു. സിദ്ധരാമയ്യ സർക്കാറിന്റെ ആദ്യ ബജറ്റ് പ്രഖ്യാപനങ്ങളിലൊന്നുകൂടിയായിരുന്നു ഇത്. 40 മിനിറ്റ് വീതം വരുന്ന മൂന്നു പിരീയഡുകൾ ആഴ്ചയിൽ ടൈംടേബിളിൽ ഉൾപ്പെടുത്തി. സാമൂഹിക സൗഹാർദത്തെ കുറിച്ചും സഹവർത്തിത്വത്തിന്റെ ആവശ്യകതയെക്കുറിച്ചും ശാസ്ത്രബോധത്തെക്കുറിച്ചും കുട്ടികളെ ഉണർത്തുകയും ബാല -കൗമാര മനസ്സുകളിൽ വിദ്വേഷത്തിന് പകരം സ്നേഹത്തിന്റെ വിത്തുമുളപ്പിക്കുകയുമാണ് പദ്ധതി ലക്ഷ്യമിട്ടത്. ‘നാവു മനുജരു’ പദ്ധതി ഒരുവർഷം പിന്നിടുമ്പോൾ കുട്ടികളിൽനിന്നും സ്കൂളുകളിൽനിന്നും ആശാവഹമായ പ്രതികരണം ലഭിക്കുന്നു. കുട്ടികള്‍ പരസ്പരം ഭക്ഷണം പങ്കിട്ടു കഴിക്കുക, സഹിഷ്ണുത, സമാധാനം, സഹവര്‍ത്തിത്വം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുക, കുടുംബത്തെക്കുറിച്ചും അണുകുടുംബത്തിലും കൂട്ടുകുടുംബങ്ങളിലും ഉണ്ടാവുന്ന മാറ്റങ്ങളെക്കുറിച്ചും മനസ്സിലാക്കുക, ഗൃഹസന്ദര്‍ശനങ്ങൾ നടത്തുക, പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുക തുടങ്ങിയവയെല്ലാം വിദ്യാലയങ്ങളിൽ നടത്തിവരുന്നു.

വിദ്വേഷ പ്രസ്താവനകൾ നന്നെ കുറഞ്ഞു എന്നതാണ് പ്രധാനമായ മാറ്റം. ബി.ജെ.പി ഭരണത്തിലിരിക്കെ 2020 ജനുവരിമുതൽ 2023 ജനുവരിവരെ മാത്രം വിദ്വേഷ പ്രസ്താവനയുമായി ബന്ധപ്പെട്ട് 105 കേസുകളാണ് കർണാടകയിൽ രജിസ്റ്റർ ചെയ്തത്. ഇതിന്റെ 52 ശതമാനവും ബംഗളൂരുവിലായിരുന്നു. ബി.ജെ.പി ഭരണകാലത്ത് രജിസ്റ്റർ ചെയ്ത ഈ കേസുകൾ സെലക്ടീവായിരുന്നു എന്നതാണ് മറ്റൊരു കാര്യം. തുടർച്ചയായി വിദ്വേഷ പ്രസ്താവന നടത്തിയ പല ഹിന്ദുത്വ ഗ്രൂപ് നേതാക്കൾക്കെതിരെയും പൊലീസ് കേസെടുത്തിരുന്നില്ല. സുപ്രീംകോടതിയുടെ വിധിയുണ്ടായിട്ടുപോലും പല സന്ദർഭങ്ങളിലും സ്വമേധയാ കേസെടുക്കാനും മടികാട്ടി. ബംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ‘കാംപയ്ൻ എഗെയ്ൻസ്റ്റ് ഹെയ്റ്റ്’ എന്ന കൂട്ടായ്മയുടെ ഇടപെടലാണ് പല കേസിലും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനിടയാക്കിയത്. ഭരണകൂടത്തെ നടപടിക്ക് നടപടിക്ക് പ്രേരിപ്പിക്കുന്ന വിസിൽ ബ്ലോവർമാരാവാൻ മതേതരത്വ കൂട്ടായ്മകൾക്ക് കഴിഞ്ഞു.

വിദ്വേഷ പ്രസംഗകർക്കും വിദ്വേഷ കുറ്റകൃത്യങ്ങൾക്കുമെതിരെ കർശന നടപടിക്ക് തുടക്കത്തിലേ സിദ്ധരാമയ്യ സർക്കാർ നിർദേശം നൽകിയിരുന്നു. വിദ്വേഷ പ്രചാരണങ്ങളെ കാര്യക്ഷമമായി പ്രതിരോധിക്കാൻ ‘വിദ്വേഷ കുറ്റകൃത്യത്തിനും വിദ്വേഷ പ്രസ്താവനക്കുമെതിരായ ബിൽ 2025’ എന്ന പേരിൽ പുതിയ ബിൽ കൊണ്ടുവരാനൊരുങ്ങുകയാണ് കർണാടക. ഇതിന്റെ കരട്ബിൽ വൈകാതെ അവതരിപ്പിക്കുമെന്നാണ് വിവരം.

Show Full Article
TAGS:iftar meet islamophobia 
News Summary - The name ‘Amma Iftar’ itself conveys the message of inclusion
Next Story