സർക്കാർ ജോലി മുതൽ സൗജന്യ വൈദ്യുതി വരെ; ബിഹാറിൽ തേജസ്വി പ്രാൺ പത്രയുമായി മഹാസഖ്യം
text_fieldsബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ തേജസ്വി പ്രാൺ പത്ര പ്രകാശിപ്പിക്കുന്ന മഹാസഖ്യം നേതാക്കൾ
ന്യൂഡൽഹി: ജനപ്രിയ വാഗ്ദാനങ്ങളുമായി ബിഹാറിൽ മഹാസഖ്യത്തിന്റെ പ്രകടന പത്രിക ‘തേജസ്വി പ്രാൺ പത്ര പ്രകാശനം ചെയ്തു. പ്രതിമാസം 200 യൂണിറ്റ് സൗജന്യ വൈദ്യുതിയും വനിതകൾക്ക് 2,500 രൂപ ധനസഹായവും ഉറപ്പുനൽകുന്ന പത്രികയിൽ അധികാരത്തിലെത്തിയാൽ 20 ദിവസത്തിനകം ഓരോ കുടുംബത്തിലും ഒരംഗത്തിന് ജോലി നിയമം മൂലം അവകാശമാക്കുമെന്നും വാഗ്ദാനമുണ്ട്.
പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുമെന്നും പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു. ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ ആർ.ജെ.ഡി അധ്യക്ഷൻ തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ജനപ്രിയ വാഗ്ദാനങ്ങളുൾപ്പെടുത്തി പ്രകടന പത്രികയും സഖ്യം പുറത്തിറക്കുന്നത്. അതേസമയം, എൻ.ഡി.എയുടെ പ്രകടന പത്രിക ഒക്ടോബർ 30ന് പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇൻഡ്യ സഖ്യത്തിന്റെ ബീഹാർ പ്രകടന പത്രിക ഒറ്റനോട്ടത്തിൽ ഇങ്ങനെ
- സർക്കാർ രൂപീകരിച്ച് 20 ദിവസത്തിനുള്ളിൽ, ഓരോ കുടുംബത്തിലെയും ഒരാൾക്ക് ജോലി ഉറപ്പാക്കാൻ നിയമനിർമ്മാണം നടത്തും. 20 മാസത്തിനുള്ളിൽ, സർക്കാർ ജോലി നൽകാൻ നടപടി ആരംഭിക്കും.
- വനിത സ്വയം സഹായ സംഘങ്ങളുടെ ഏകോപനത്തിനായി പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി മൊബിലൈസർമാരുടെ (സി.എം) ജോലി സ്ഥിരപ്പെടുത്തും. ഇവർക്ക് പ്രതിമാസം 30,000 രൂപ നൽകും. അവർ എടുത്ത വായ്പകളുടെ പലിശ എഴുതിത്തള്ളും, രണ്ട് വർഷത്തേക്ക് മൊറട്ടോറിയം.
- മുഴുവൻ കരാർ അല്ലെങ്കിൽ ഔട്ട്‌സോഴ്‌സ് തൊഴിലാളികളെയും സ്ഥിരം ജീവനക്കാരാക്കും.
- ഐ.ടി പാർക്കുകൾ, പ്രത്യേക സാമ്പത്തിക മേഖലകൾ, ക്ഷീരോൽപ്പാദന വ്യവസായങ്ങൾ, കാർഷികാധിഷ്ഠിത വ്യവസായങ്ങൾ, ആരോഗ്യ സേവനങ്ങൾ, ഭക്ഷ്യ സംസ്കരണം, പുതിയ ഊർജ്ജം, ലോജിസ്റ്റിക്സ്, നിർമ്മാണം, ടൂറിസം തുടങ്ങിയ മേഖലകളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും.
- ബിഹാറിൽ 2000 ഏക്കറിൽ വിദ്യാഭ്യാസ നഗരം, വ്യവസായ ക്ലസ്റ്ററുകൾ, അഞ്ച് പുതിയ എക്സ്പ്രസ് വേകൾ എന്നിവ നിർമ്മിക്കും. മത്സ്യകൃഷിക്കും മൃഗസംരക്ഷണത്തിനും പ്രത്യേക ഊന്നൽ.
- പഴയ പെൻഷൻ പദ്ധതി നടപ്പിലാക്കും.
- സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ സാമ്പത്തിക സഹായമായി നൽകും, അടുത്ത അഞ്ച് വർഷം പ്രതിവർഷം 30,000 രൂപ നൽകും. തെരഞ്ഞെടുക്കപ്പെട്ടാൽ, പെൺകുട്ടികൾക്ക് ആനുകൂല്യങ്ങളും, വിദ്യാഭ്യാസം, പരിശീലനം, വരുമാനം എന്നിവയും അമ്മമാർക്ക് വീട്, ഭക്ഷണം, വരുമാനം എന്നിവയും ഉറപ്പാക്കുന്നതിനായി ബേഠി, മായ് പദ്ധതികൾ ആവിഷ്‍കരിക്കും.
- എല്ലാ വിളകൾക്കും മിനിമം താങ്ങുവില (എം.എസ്.പി) ഉറപ്പാക്കും
- ദലിതർ, പിന്നാക്ക വിഭാഗങ്ങൾ, ന്യൂനപക്ഷങ്ങൾ എന്നിവർക്കായി ക്ഷേമ പദ്ധതികൾ
- വഖഫ് ഭേദഗതി ബിൽ നിർത്തിവെക്കും, വഖഫ് സ്വത്തുക്കളുടെ നടത്തിപ്പ് സുതാര്യമാക്കുന്നതിലൂടെ കൂടുതൽ ക്ഷേമാധിഷ്ഠിതവും പ്രയോജനകരവുമാക്കും. ബോധ് ഗയയിൽ സ്ഥിതി ചെയ്യുന്ന ബുദ്ധക്ഷേത്രങ്ങളുടെ നടത്തിപ്പ് ബുദ്ധമത സമൂഹത്തിലെ ആളുകൾക്ക് കൈമാറും


