റഷ്യയിൽ നിന്ന് 120 വന്ദേ ഭാരത് ട്രെയിനുകൾ; 53,300 കോടിയുടെ കരാർ
text_fieldsRepresentational Image
ന്യൂഡൽഹി: 120 വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾക്ക് റഷ്യൻ സ്ഥാപനവുമായി 650 കോടി ഡോളറിന്റെ (53,300 കോടി രൂപ) കരാർ ഒപ്പുവെക്കാൻ ഒരുങ്ങി ഇന്ത്യ. മധ്യ-അതിവേഗ ട്രെയിനായ വന്ദേ ഭാരത് കേന്ദ്ര സർക്കാറിന്റെ ‘മേക് ഇൻ ഇന്ത്യ’യെന്ന(ഇന്ത്യയിൽ നിർമിക്കുക) സംരംഭത്തിന്റെ ഭാഗമാണെന്നിരിക്കെ തന്നെയാണ് പുറംകരാർ.
റഷ്യയിലെ ട്രാൻസ്മാസ് ഹോൾഡിങ് (ടി.എം.എച്ച്) കമ്പനിയാണ് വന്ദേ ഭാരത് ട്രെയിനുകളുടെ നിർമാണ, വിതരണ, അറ്റകുറ്റപ്പണി കരാർ നേടിയത്. ഇന്ത്യൻ റെയിൽവേയും ടി.എം.എച്ചുമായി ജൂൺ ഒന്നിന് കരാർ ഒപ്പുവെക്കുമെന്നു കരുതുന്നതായി റഷ്യൻ വാർത്ത ഏജൻസിയായ ടാസ് റിപ്പോർട്ടു ചെയ്തു. വന്ദേ ഭാരത് എൻജിനും കോച്ചുകൾക്കുമായി റെയിൽവേ 180 കോടി ഡോളർ നൽകും. 35 വർഷത്തെ പരിപാലനത്തിനായി ഇതിനു പുറമെ 250 കോടി ഡോളറാണ് കണക്കാക്കുന്നത്. ആനുപാതികമായ മറ്റു ചെലവുകൾകൂടി കണക്കിലെടുത്താണ് 650 കോടി ഡോളറിന്റെ കരാർ.
വന്ദേ ഭാരത് ട്രെയിനുകൾ നിർമിച്ചുനൽകുന്നതിനുള്ള ടെൻഡർ നടപടികളിൽ പൊതുമേഖല സ്ഥാപനമായ റെയിൽവേ വികാസ് നിഗം ലിമിറ്റഡിനൊപ്പമാണ് റഷ്യൻ കമ്പനി പങ്കെടുത്തത്. സീമെൻസ്, സ്റ്റാഡ്ലർ, ആൾസ്റ്റം തുടങ്ങിയ അന്താരാഷ്ട്ര കമ്പനികളെ അവർ പിന്തള്ളി.
ഓരോ വന്ദേ ഭാരത് ട്രെയിനും 16 കോച്ചുകളും എൻജിനും അടങ്ങുന്നതാണ്. ലാത്തൂരിലെ മറാത്ത്വാഡ റെയിൽ കോച്ച് ഫാക്ടറിയിലാണ് ഇവ നിർമിക്കുന്നത്. 2026നും 2030നുമിടയിൽ 120 ട്രെയിനുകളും ലഭ്യമാക്കാനാണ് കരാർ.
പരീക്ഷണാർഥം ആദ്യ രണ്ടു ട്രെയിനുകൾ 2025 അവസാനം തയാറാവും.
ഇന്ത്യൻ റെയിൽവേയുടെ നിർമാണ യൂനിറ്റുകളിൽ 400 വന്ദേ ഭാരത് റേക്കുകൾ ഘട്ടങ്ങളായി നിർമിക്കാനാണ് റെയിൽവേ പദ്ധതി. അതനുസരിച്ച് 67 ട്രെയിനുകൾ നടപ്പു സാമ്പത്തിക വർഷം നിർമിക്കണമെന്നും പദ്ധതിയിട്ടു. എന്നാൽ, കഴിഞ്ഞ സാമ്പത്തിക വർഷം 36 റേക്ക് നിർമിക്കാൻ ലക്ഷ്യമിട്ടതിൽ എട്ടെണ്ണം മാത്രമാണ് നിർമിച്ചതെന്നും ലക്ഷ്യം നേടാനായില്ലെന്നും റെയിൽവേകാര്യ പാർലമെന്റ് സ്റ്റാൻഡിങ് കമ്മിറ്റി ചൂണ്ടിക്കാട്ടിയിരുന്നു.
രാജ്യത്തെ വിവിധ നഗരങ്ങളെ ബന്ധിപ്പിക്കുന്ന 14 വന്ദേ ഭാരത് ട്രെയിനുകളാണ് ഇപ്പോഴുള്ളത്. തിരുവനന്തപുരം -കണ്ണൂർ വന്ദേ ഭാരത് 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാനിരിക്കുകയാണ്.