‘മുഹമ്മദ് ദീപകിനെ’ ബഹിഷ്‍കരിച്ച് ഹിന്ദുത്വർ; ജിംനേഷ്യത്തിൽ അംഗത്വമെടുത്ത് പിന്തുണച്ച് സുപ്രീം കോടതി അഭിഭാഷകർ
text_fieldsന്യൂഡൽഹി: ബജ്റങ് ദൾ പ്രവർത്തകരുടെ അതിക്രമത്തിൽ നിന്നും മുസ്‍ലിം വ്യാപാരിക്ക് രക്ഷകനായി ഹിന്ദുത്വ ഭീകരതക്കെതിരായ പോരാട്ടത്തിൽ ദേശീയ ഹീറോയായ ദീപക് കുമാറിന് പിന്തുണയുമായി സുപ്രീം കോടതിയിലെ ഒരു കൂട്ടം അഭിഭാഷകർ.
ഉത്തരാഖണ്ഡിലെ കോട്ദ്വദറിൽ മുസ്‍ലിം കടയുടമയെ ഭീഷണിപ്പെടുത്താനെത്തിയ ബജ്റങ്ദൾ പ്രവർത്തകരെ തടഞ്ഞ് ‘എന്റെ പേര് മുഹമ്മദ് ദീപക്’ എന്ന് പറഞ്ഞ ദീപക് കുമാറിനെതിരെ ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തിൽ വ്യാപക ബഹിഷ്‍കരണമുണ്ടായതോടെയാണ് പിന്തുണയുമായി മുതിർന്ന അഭിഭാഷക സംഘമെത്തിയത്. കോട്ദ്വാറിലെ ബദരിനാഥ് റോഡിൽ ദീപക് കുമാർ നടത്തുന്ന ഹൾക് ജിനേഷ്യമാണ് സംഭവത്തിനു പിന്നാലെ ശ്രദ്ധാകേന്ദ്രമായി മാറിയത്. 150ഓളം പേർ അംഗങ്ങളായുള്ള ജിമ്മിലെ ആകെ അംഗസംഖ്യ 15ലേക്ക് കൂപ്പുകുത്തിയതോടെ ജിംനേഷ്യം അംഗത്വം സ്വീകരിച്ച് ദീപകിന് ധാർമിക പിന്തുണയും, നിയമ പോരാട്ടത്തിൽ സഹായം നൽകാനും 15ഓളം സുപ്രീം കോടതി അഭിഭാഷകർ തയ്യാറായി.
ജിമ്മിലെ അംഗങ്ങൾകുറഞ്ഞതോടെ ദീപകിന്റെ വരുമാനവും കുത്തനെ ഇടിയുകയും, നടത്തിപ്പ് പ്രതിസന്ധിയിലാവുകയും ചെയ്തിരുന്നു. ജിംനേഷ്യം കെട്ടിടത്തിന് 40,000 വാടകയും, വീട്ടു വായ്പാ തിരിച്ചടവായ 16,000 രൂപയും കണ്ടെത്തുന്നത് പോലും വെല്ലുവിളിയായതോടെയാണ് പിന്തുണയുമായി നിരവധി പേർ രംഗത്തുവത്. സി.പി.എം രാജ്യസഭാ എം.പി ജോൺ ബ്രിട്ടാസ് കഴിഞ്ഞയാഴ്ച ദീപകിനെയും വ്യാപാരി അഹമ്മദ് വക്കീലിനെയും സന്ദർശിച്ച് പിന്തുണ അറിയിച്ചിരുന്നു. അദ്ദേഹം ജിമ്മിൽ ഒരു വർഷ അംഗത്വവും എടുത്തു. എം.പിയുടെ നീക്കത്തിൽ നിന്നും പ്രചോദനമുൾകൊണ്ടാണ് തങ്ങളും 10,000 രൂപ നൽകി ഒരു വർഷ അംഗത്വം സ്വീകരിക്കുന്നതെന്ന് അഭിഭാഷകർ പറഞ്ഞു. ഇതോടൊപ്പം ദീപകിന് സൗജന്യ നിയമ സഹായവും ഉറപ്പു നൽകി.
ചലച്ചിത്ര താരം സ്വര ഭാസ്കർ, എഴുത്തുകാരൻ ഹർഷ് മന്ദർ എന്നിവരും ദീപകിന്റെ ജിമ്മിൽ അംഗത്വമെടുത്ത് പിന്തുണക്കാൻ ആഹ്വാനം ചെയ്ത് രംഗത്തുവന്നു.
വിദ്വേഷത്തിനും വെറുപ്പിനുമെതിരായ പോരാട്ടത്തിൽ ദീപകിലൂടെ ഐക്യപ്പെടുകയാണെന്ന് സുപ്രീം കോടതി അഭിഭാഷകർ പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലും നിരവധി പേർ പിന്തുണയുമായി രംഗത്തുണ്ട്. ജയ്പൂർ സ്വദേശിയായ അവി ദാണ്ഡിയ 100 പേർക്ക് ഒരു മാസത്തെ ജിം അംഗത്വം സ്പോൺസർ ചെയ്ത് രംഗത്തുവന്നു.


