16 മാസം, 981 കർഷക ആത്മഹത്യകൾ; പരസ്പരം പഴിചാരി കോൺഗ്രസും ബി.ജെ.പിയും
text_fieldsബംഗളൂരു: കർണാടകയിൽ കർഷക ആത്മഹത്യകൾ വർധിക്കുന്നതായി റിപ്പോർട്ട്. തുടർച്ചായി 16 മാസം കൊണ്ട് 981 കർഷക ആത്മഹത്യകളാണ് കർണാടകയിൽ മാത്രം റിപ്പോർട്ട് ചെയ്തത്. അതിൽ 825 പേർ കാർഷിക വിളകളുടെ നഷ്ട്ടങ്ങൾകൊണ്ടും 138 പേർ മറ്റു കാരണങ്ങൾ കൊണ്ടുമാണ് ആത്മഹത്യ ചെയ്തതെന്നാന്ന് ഔദ്യോഗിക റിപോർട്ട്. കർണാടക സർക്കാർ ഇതിനോടകം ആത്മഹത്യ ചെയ്ത 807 കർഷകരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകിയിട്ടുണ്ട്. 18 പേർക്ക് മാത്രമാണ് ഇനി നഷ്ടപരിഹാരം നൽകാനുള്ളതെന്നും അതിന്റെ നടപടികൾ പുരോഗമിക്കുന്നുണ്ടെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
കർണാടകയിലെ ഹാവേരി ജില്ലയിലാണ് ഏറ്റവും കൂടുതൽ ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇവിടെ മാത്രം 128 കർഷകരാണ് ആത്മഹത്യ ചെയ്തത്. കൂടാതെ മൈസൂരുവിൽ 73 പേരും ധാർവാഡ് ജില്ലയിൽ 72 പേരും ബെൽഗാവിയിൽ 71 പേരും ഇതേ കാലയളവിൽ ആത്മഹത്യ ചെയ്തിട്ടുണ്ട്. അതേസമയം ബംഗളൂരു അർബൻ, ബംഗളൂരു റൂറൽ, ഉഡുപ്പി, കോലാർ തുടങ്ങിയ പ്രദേശങ്ങളിൽ ഇതുവരെയായി കർഷക ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
'കോൺഗ്രസ് സർക്കാരിന്റെ അവഗണനയാണ് കർഷകർക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നത്. കോൺഗ്രസ് അധികാരത്തിൽ വന്നതിനുശേഷം കാർഷിക മേഖലയിൽ ഒരു പുരോഗതിയും ഉണ്ടായിട്ടില്ലായെന്ന്' ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ബി.വൈ വിജയേന്ദ്ര കുറ്റപ്പെടുത്തി. അതോടൊപ്പം പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന പദ്ധതി പ്രകാരം മുൻ ബി.ജെ.പി സർക്കാർ കേന്ദ്ര സഹായത്തിന് പുറമെ 4000 രൂപ അതികം നൽകി 52 ലക്ഷം കർഷകരെ സഹായിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.
മുൻ മുഖ്യമന്ത്രിയും നിലവിൽ ഹാവേരി ലോക്സഭ എം.പിയുമായ ബസവരാജ് സോമപ്പ ബൊമ്മൈ അവതരിപ്പിച്ച കർഷകരുടെ കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം നേടുന്നതിന് സഹായകമാവുന്ന 'റൈത്ത വിദ്യാനിധി പദ്ധതി'യും കർണാടക സർക്കാർ നിർത്തലാക്കിയതായും വിജയേന്ദ്ര കുറ്റപ്പെടുത്തി.
എന്നാൽ ബി.ജെ.പിയുടെ അവകാശവാദങ്ങളോട് പ്രതികരിച്ചുകൊണ്ട് കോൺഗ്രസ് എം.എൽ.എ റിസ്വാൻ അർഷാദ് രംഗത്തെത്തി. കർഷക ആത്മഹത്യയിൽ ബി.ജെ.പിയും വിജയേന്ദ്രയും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ ഇതിനകം കേന്ദ്ര സർക്കാരിന് കത്തെഴുതിയിട്ടുണ്ട്. കാർഷിക വിളകളുടെ നാശവും കീടനാശിനികളുടെ ക്ഷാമവുമാണ് കർഷക ആത്മഹത്യകൾക്ക് കാരണം. കാർഷിക വിളകളുടെ മിനിമം താങ്ങു വില കേന്ദ്ര സർക്കാർ വർധിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്‌ദാനം നൽകിയിരുന്നു. ഇതുവരെ അത് നടപ്പിലായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും കർഷകരെ പിന്തുണക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ സബ്‌സിഡികൾ നൽകുന്നുണ്ട്. ഇത് മാത്രമല്ല കേന്ദ്ര സർക്കാർ അധിക നികുതി ചുമത്തുന്നത് അവസാനിപ്പിക്കണമെന്നും എം.എൽ.എ റിസ്വാൻ അർഷാദ് പറഞ്ഞു.