അമിത അളവിൽ അയൺ ഗുളിക കഴിച്ചു; 19 സകൂൾവിദ്യാർഥികൾ ആശുപത്രിയിൽ
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ സ്കൂൾ വിദ്യാർഥികൾ അമിത അളവിൽ ഇരുമ്പ് ഗുളിക കഴിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ. ചന്ദ്രപൂർ ജില്ലയിലെ ഒരു ജില്ല പരിഷത്ത് സ്കൂളിലെ 19 വിദ്യാർത്ഥികളാണ് അനീമിയ പ്രതിരോധ ഗുളികകൾ കഴിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്.
സ്കൂൾ ആരോഗ്യപരിപാടിയുടെ ഭാഗമായി വിദ്യാർഥികൾക്ക് ഓരോ തിങ്കളാഴ്ചയും ഇരുമ്പ് ഗുളികകൾ നൽകാറുണ്ട്. റിപ്പോർട്ടുകൾ പ്രകാരം തിങ്കളാഴ്ചയും ഗുളികകൾ നൽകി. എന്നാൽ അധ്യാപകർ ഇല്ലാത്ത സമയത്ത് ചില വിദ്യാർത്ഥികൾ ചൊവ്വാഴ്ച അധിക ഗുളികകൾ കഴിച്ചു. ബുധനാഴ്ച രാത്രി ഇവർക്ക് ഛർദ്ദി, തലചുറ്റൽ, വയറുവേദന തുടങ്ങിയ അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു.
സ്കൂൾ അധികൃതർ അടിയന്തരമായി ആംബുലൻസ് വിളിച്ച് വിദ്യാർത്ഥികളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 16 വിദ്യാർത്ഥികളുടെ നില സ്ഥിരമാണെന്നും മൂന്നു പേർ നിരീക്ഷണത്തിലാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതൽ നടപടികളും സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.


