Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹി നഗരത്തിൽ ക്ലൗഡ്...

ഡൽഹി നഗരത്തിൽ ക്ലൗഡ് സീഡിങ് നടത്തി; കൃത്രിമ മഴ ഉടൻ പെയ്യുമെന്ന് നിഗമനം

text_fields
bookmark_border
cloud seeding
cancel
Listen to this Article

ന്യൂ ഡൽഹി: രാജ്യ തലസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും കൃത്രിമ മഴ പെയ്യിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. അന്തരീക്ഷ മലിനീകരണത്തിന്റെ തോത് കുറക്കുന്നതിനായും പുകമഞ്ഞ് നിയന്ത്രിക്കുന്നതിനായുമായാണ് ഇത്.. വിമാനങ്ങൾ ഉപയോ​ഗിച്ച് ഇന്ന് രണ്ട് മണിയോടെ ക്ലൗഡ് സീഡിങ് നടത്തി. ഖേക്ര, ബുരാരി, മയൂർ വിഹാർ, മറ്റ് നിരവധി പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ക്ലൗഡ് സീഡിംഗ് നടന്നു. എട്ട് ഫ്ലെയറുകൾ ഉപയോഗിച്ചു.

ക്ലൗഡ് സീഡ് വഹിച്ചുകൊണ്ട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി) കാൺപൂരിൽ നിന്നുള്ള വിമാനമാണ് പറന്നത്. വടക്കൻ ഡൽഹിയിലെ ഈർപ്പം നിറഞ്ഞ മേഘങ്ങൾക്ക് മുകളിലൂടെ ക്ലൗഡ് സീഡിങ് നടത്തിയത്. സിൽവർ അയോഡൈഡ്, സോഡിയം ക്ലോറൈഡ് തുടങ്ങിയ രാസവസ്തുക്കളാണ് ക്ലൗഡ് സീഡിങ്ങിന് ഉപയോ​ഗിക്കുക.

സിൽവർ അയോഡൈഡ് അല്ലെങ്കിൽ സോഡിയം ക്ലോറൈഡ് പോലുള്ള രാസ സംയുക്തങ്ങൾ മേഘങ്ങളിലേക്ക് വിതറുമ്പോൾ കണികകൾ ഘനീഭവിക്കുന്നതിനുള്ള ന്യൂക്ലിയസുകളായി പ്രവർത്തിക്കുകയും ജലത്തുള്ളികൾ രൂപപ്പെടുകയും മഴയായി പെയ്യുകയും ചെയ്യും.

ക്ലൗഡ് സീഡിംഗ് വഴി കൃത്രിമ മഴ പെയ്യിക്കുന്നത് വായു മലിനീകരണത്തിന്റെ തോത് ഗണ്യമായി കുറക്കാൻ സഹായിക്കുമെന്ന് പരിസ്ഥിതി മന്ത്രി മഞ്ജീന്ദർ സിംഗ് സിർസ പറഞ്ഞു. 15 മിനിറ്റ് മുതൽ 4 മണിക്കൂറിനുള്ളിൽ മഴ പെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. രണ്ടാമത്തെയും മൂന്നാമത്തെയും പരീക്ഷണങ്ങളും ഇന്ന് നടക്കുമെന്നും അദ്ദേ​ഹം പറഞ്ഞു.

കാലാവസ്ഥ അനുകൂലമാണെങ്കിൽ ക്ലൗഡ് സീഡിങ് നടത്തി 15 മുതൽ 30 മിനിറ്റിനുള്ളിൽ മഴ പെയ്യും. തണുത്തതോ വരണ്ടതോ ആയ മേഘങ്ങളിലാണെങ്കിൽ രണ്ട് മണിക്കൂർ വരെ എടുത്തേക്കാം. ചിലപ്പോൾ മഴ പെയ്യണമെന്നുമില്ല. കാറ്റിന്റെ ശക്തി, താപനില, മേഘങ്ങളുടെ ഉയരം തുടങ്ങിയ ഘടകങ്ങളും കൂടി കണക്കിലെടുത്താണ് മഴ പെയ്യുന്നത്.

Show Full Article
TAGS:cloud seeding artificial rain New Delhi 
News Summary - 1st Cloud Seeding Trial Over Parts Of Delhi
Next Story