മണിപ്പൂരിൽ അസം റൈഫിൾസിന്‍റെ വാഹനവ്യൂഹത്തിനു നേരെ വെടിവെപ്പ്; 2 ജവാൻമാർക്ക് വീരമൃത്യു, നാലുപേർക്ക് പരിക്ക്
text_fieldsഇംഫാൽ: മണിപ്പൂരിലെ ബിഷ്ണുപൂർ ജില്ലയിൽ അസം റൈഫിൾസിന്‍റെ വാഹന വ്യൂഹത്തിനു നേരെയുണ്ടായ വെടിവെപ്പിൽ 2 ജവാൻമാർക്ക് വീരമൃത്യു. നാലുപേർക്ക് പരിക്ക്. വൈകുന്നേരം 5.50ഓടെയാണ് 33 അസം റൈഫിൾസ് സൈനികരുമായി ഇംഫാലിൽ നിന്ന് ബിഷ്ണുപൂരിലേക്ക് പോവുകയായിരുന്ന വാഹനത്തിനു നേരെ ആക്രമണം ഉണ്ടായത്.
ഹീനമായ ആക്രമണമെന്ന് സംഭവത്തെ അപലപിച്ച മണിപ്പൂർ ഗവർണർ അജയ് കുമാർ ഭല്ല ജവാൻമാരുടെ മരണത്തിൽ അനുശോചനമറിയിച്ചു. ഇത്തരം ആക്രമണങ്ങൾ ഒരു തരത്തിലും അനുവദിക്കാനാകില്ലെന്ന് അദ്ദേഹം എക്സ് പോസ്റ്റിൽ കുറിച്ചു.
പരിക്കേറ്റവരെ ഇംഫാലിലെ റീജിയണൽ മെഡിക്കൽ സയൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടുത്തിടെ മണിപ്പൂർ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി സഞ്ചരിച്ചത് ഈ പാതയിലാണ്. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ആംഡ് ഫോഴ്സസ് സ്പെഷൽ പവേഴ്സ് ആക്ടിനു കീഴിൽ വരാത്ത മണിപ്പൂരിലെ ഏതാനും പ്രദേശങ്ങളിലൊന്നാണ് ബിഷ്ണുപ്പൂർ.