പിണറായി ‘ഇടത് ബദൽ’; പ്രമേയം തയാർ
text_fieldsസി.പി.എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി മധുരയിൽ നടന്ന ‘ഫെഡറലിസം ഇന്ത്യയുടെ കരുത്ത്’ സെമിനാറിനിടെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും കേരള മുഖ്യമന്ത്രി പിണറായി വിജയനും സ്വകാര്യ സംഭാഷണത്തിൽ - പി.ബി. ബിജു
മധുര (തമിഴ്നാട്): സദ്ഭരണത്തിന്റെ ഇടത് ബദലായി പിണറായി വിജയൻ സർക്കാറിനെ ദേശീയതലത്തിൽ ഉയർത്തിക്കാട്ടാനൊരുങ്ങി സി.പി.എം. ഇതര സംസ്ഥാനങ്ങൾക്ക് മാതൃകയായി കേരളത്തെ മുന്നോട്ടുവെക്കുന്ന പ്രമേയം മധുരയിൽ പുരോഗമിക്കുന്ന പാർട്ടി കോൺഗ്രസിൽ തയാറാക്കി.
കഴിഞ്ഞ ഒമ്പത് വർഷത്തെ കേരളത്തിന്റെ നേട്ടങ്ങൾ എടുത്തുപറയുന്നതാണ് പ്രമേയം. വിദ്യാഭ്യാസം, മിനിമം കൂലി, സാമൂഹിക സൗഹാർദം, പൊതുജനാരോഗ്യം എന്നിങ്ങനെ വിവിധ വികസന മേഖലകളിൽ കേന്ദ്രസർക്കാറിന്റെ വിലയിരുത്തൽ പ്രകാരം കേരളം രാജ്യത്ത് ഒന്നാമതാണ്.
അർഹമായ കേന്ദ്രവിഹിതം നിഷേധിക്കുന്ന പ്രതികൂല സാഹചര്യത്തിലും പിണറായി സർക്കാർ നടപ്പാക്കിയ ഇടത് ജനകീയ ബദൽ നയങ്ങളുടെ നേട്ടമാണ് കേരളത്തിന്റെ ഒന്നാം സ്ഥാനം എന്നും പ്രമേയം എടുത്തുപറയുന്നു. ഒരുകാലത്ത് പാർട്ടിയുടെ ഭരണകുത്തക നിലനിന്ന ബംഗാൾ, ത്രിപുര എന്നിവിടങ്ങളിൽ തിരിച്ചുവരാൻ സി.പി.എമ്മിന് കഴിഞ്ഞിട്ടില്ല. ഹിന്ദി ഹൃദയ ഭൂമിയിൽ പാർട്ടിക്ക് സ്വന്തം നിലക്ക് വേരോട്ടം നേടണമെന്നത് സി.പി.എം കാലങ്ങളായി പാർട്ടി ചർച്ചകളിൽ മുന്നോട്ടുവെക്കുന്ന സ്വപ്നമാണ്.
അതിലേക്ക് ഒരു ചുവടുപോലും അടുക്കാൻ കഴിയുന്നില്ല എന്ന ദൗർബല്യത്തെ കുറിച്ചുള്ള ചർച്ചയിൽ നിന്നാണ് കേരള മോഡൽ നിർത്തി കാണിക്കാനുള്ള ആശയത്തിന്റെ പിറവി. രാഷ്ട്രീയ അവലോകന റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ കേരളത്തിൽ നിന്ന് സംസാരിച്ച കെ.കെ. രാഗേഷാണ് ഇതുസംബന്ധിച്ച നിർദേശം പാർട്ടി കോൺഗ്രസിന് മുമ്പാകെ വെച്ചത്.
അതേസമയം, കേരളത്തിനുറത്ത് പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിലെല്ലാം തെരഞ്ഞെടുപ്പ് തിരിച്ചടികളുടെ ചിത്രമാണ് പാർട്ടി കോൺഗ്രസിലെ രാഷ്ട്രീയ അവലോകന രേഖയിലുള്ളത്. 2022 കണ്ണൂർ പാർട്ടി കോൺഗ്രസിൽ പിണറായി വിജയൻ, തന്റെ സർക്കാറിന്റെ നേട്ടങ്ങൾ അക്കമിട്ട് വിശദീകരിച്ചിരുന്നു. മൂന്നുവർഷത്തിനിപ്പുറം മധുരയിൽ പാർട്ടി കോൺഗ്രസ് വേദിയിൽ തുടർഭരണത്തിന്റെ കരുത്തിൽ രാജ്യത്തെ ഏറ്റവും പ്രബലനായ സി.പി.എം നേതാവ് എന്നതാണ് പിണറായി വിജയന്റെ സ്ഥാനം.
പാർട്ടിയെയും സർക്കാറിനെയും ഒരുപോലെ കൈപ്പിടിയിലൊതുക്കി ഇനിയും ഒരു തുടർഭരണത്തിന് ചരടുവലിക്കുകയാണ് 79കാരനായ പിണറായി. കൊല്ലം സംസ്ഥാന സമ്മേളനത്തിൽ പിണറായി വിജയൻ അവതരിപ്പിച്ച ‘നവകേരളത്തെ നയിക്കാൻ പൊതുവഴികൾ’ രേഖ അതിലേക്കുള്ള ചുവടുവെപ്പാണ്.
പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം ഉൾപ്പെടെ നാളിതുവരെയുള്ള ഇടത് നയങ്ങൾക്ക് വിരുദ്ധമായ ആശയങ്ങളാണ് പിണറായിയുടെ നവകേരള പുതുവഴി രേഖയിൽ ഉള്ളത്. ഇടതുപക്ഷം എതിർത്തുപോന്ന വിദേശ സർവകലാശാലകൾക്ക് അനുമതി നൽകുന്ന നിയമം കേരള നിയമസഭ പാസാക്കിയത് ദിവസങ്ങൾക്കുമുമ്പാണ്.
അതിന്റെ പേരിൽ ഇടത് സഹയാത്രികർ ഉൾപ്പെടെ പിണറായി സർക്കാറിൽ വലതുപക്ഷ വ്യതിയാനം ആരോപിച്ച് രംഗത്തുണ്ട്. ഇത്തരം വിമർശനങ്ങളോട് പ്രതികരിക്കാത്തതിന്റെ പേരിൽ സി.പി.എമ്മിന്റെ ദേശീയ നേതൃത്വവും വിമർശിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ പിണറായി സർക്കാർ ശരിയായ ഇടത് ബദൽ ഭരണമാതൃകയായി പാർട്ടി കോൺഗ്രസ് രാജ്യത്തിന് മുമ്പാകെ വെക്കുമ്പോൾ വിമർശനത്തിനും ബലമേറും.