എൻ.ആർ.സി മാതൃകയിൽ ബിഹാർ വോട്ടർ പട്ടിക: 2.96 കോടി പേർ പൗരത്വം തെളിയിക്കണം -കമീഷൻ
text_fieldsന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികളുടെ അതിശക്തമായ എതിർപ്പ് അവഗണിച്ച്, ബിഹാറിലെ വോട്ടർ പട്ടിക പുതുക്കുമെന്ന് ആവർത്തിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ. ബിഹാറിലെ നിലവിലുള്ള 7.89 കോടി വോട്ടർമാരിൽ 2.96 കോടി പേരും തങ്ങളുടെ ഇന്ത്യൻ പൗരത്വം തെളിയിക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. കമീഷൻ നിയോഗിച്ച ബൂത്തുതല ഓഫിസർമാർക്കൊപ്പം വോട്ടർപട്ടിക പുനഃപരിശോധന നടത്തുന്ന പ്രക്രിയയിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ ബൂത്തുതല ഏജന്റുമാരെന്ന നിലയിൽ ഒന്നരലക്ഷത്തോളം പാർട്ടി പ്രവർത്തകർ പങ്കാളികളാണെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ അവകാശപ്പെട്ടു.
ബിഹാറിലെ നിലവിലുള്ള വോട്ടർപട്ടിക പ്രകാരമുള്ള 7.89 കോടി വോട്ടർമാരിൽ 4.96 കോടി വോട്ടർമാർ 2003 ജനുവരി ഒന്ന് തൊട്ട് വോട്ടർപട്ടികയിലുള്ളവരാണെന്നും ഇവരുടെ രേഖകൾ പരിശോധിക്കില്ലെന്നും കമീഷൻ വ്യക്തമാക്കി. എന്നാൽ, ആകെ വോട്ടർമാരിൽ 37 ശതമാനം വരുന്ന 2.93 കോടി വോട്ടർമാർ അതിനുശേഷം വോട്ടർമാരായവരാണ്. വോട്ടർപട്ടികയിൽ പേര് നിലനിർത്തണമെങ്കിൽ അവരെല്ലാം പൗരത്വം തെളിയിക്കുന്നതിനുള്ള രേഖകൾ സമർപ്പിക്കണം.
തീവ്ര പുനഃപരിശോധനാ യത്നത്തിൽ സഹകരിക്കുന്ന എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ബൂത്തുതല ഏജന്റുമാരുടെ കണക്കും ഞായറാഴ്ച കമീഷൻ പുറത്തുവിട്ടു. ബൂത്തുതലത്തിൽ വോട്ടർ പട്ടിക പരിശോധന നടത്തുന്ന തെരഞ്ഞെടുപ്പ് കമീഷന്റെ ബൂത്തുതല ഓഫിസർമാരെ അനുഗമിക്കുകയാണ് ഇവർ ചെയ്യുന്നത്.
കമീഷൻ പുറത്തുവിട്ട കണക്കു പ്രകാരം ബൂത്തുതലത്തിലുള്ള വോട്ടർപരിശോധനക്ക് ഏറ്റവും കൂടുതൽ ബൂത്ത് ഏജന്റുമാരെ രംഗത്തിറക്കിയിട്ടുള്ളത് ബി.ജെ.പിയാണ്. ബി.ജെ.പിയുടെ 51,964 ബി.എൽ.എമാർ കമീഷനുമായി സഹകരിക്കുന്നുണ്ട്.
ആവശ്യപ്പെട്ട രേഖകൾ
1987 ജൂലൈ ഒന്നിന് മുമ്പ് ജനിച്ചവരാണെങ്കിൽ സ്വന്തം ജനന തീയതിയും ജനനസ്ഥലവും തെളിയിക്കുന്ന രേഖ
1987 ജൂലൈ ഒന്നിനും 2004 ഡിസംബർ രണ്ടിനുമിടയിൽ ജനിച്ചവരാോണെങ്കിൽ സ്വന്തം ജനന തീയതിയും ജനനസ്ഥലവും തെളിയിക്കുന്ന രേഖയും അതോടൊപ്പം രക്ഷിതാക്കളിൽ ഒരാളുടെ(മാതാവിന്റെയോ പിതാവിന്റെയോ) ജനനതീയതിയും ജനനസ്ഥലവും തെളിയിക്കുന്ന രേഖയും
2004 ഡിസംബർ രണ്ടിന് ശേഷം ജനിച്ചവരാണെങ്കിൽ സ്വന്തം ജനനതീയതിയും ജനനസ്ഥലവും തെളിയിക്കുന്ന രേഖയും അതോടൊപ്പം രക്ഷിതാക്കളിൽ രണ്ട് പേരുടെയും (മാതാവിന്റെയും പിതാവിന്റെയും) ജനന തീയതിയും ജനനസ്ഥലവും തെളിയിക്കുന്ന രേഖയും