നാല് ദിവസത്തിനിടെ മൂന്ന് മരണം; തമിഴ്നാട്ടിൽ വീണ്ടും നീറ്റ് വിരുദ്ധ പ്രതിഷേധം, നീറ്റ് പരീക്ഷയിൽനിന്ന് സംസ്ഥാനത്തെ ഒഴിവാക്കണമെന്ന് ആവശ്യം
text_fieldsചെന്നൈ: തമിഴ്നാട്ടിൽ നാല് ദിവസത്തിനിടെ മൂന്ന് വിദ്യാർഥികൾ നീറ്റ് പരീക്ഷാ പേടിയിൽ ആത്മഹത്യ ചെയ്ത സംഭവങ്ങളെ തുടർന്ന് സംസ്ഥാനത്ത് വീണ്ടും ശക്തമായി നീറ്റ് വിരുദ്ധ പ്രതിഷേധം. ജൂലൈ 21ന് പുനഃപരീക്ഷക്ക് തൊട്ടുമുമ്പായിരുന്നു നീറ്റ് പരീക്ഷ എഴുതുന്ന മൂന്ന് വിദ്യാർഥികളുടെ ആത്മഹത്യ.
സേലം, ധർമപുരി, കൃഷ്ണഗിരി ജില്ലകളിൽ നിന്നുള്ള 19-20 വയസ് പ്രായമുള്ള വിദ്യാർഥികളാണ് മരിച്ചത്. സേലം ജില്ലയിലെ എടപ്പാടിക്കടുത്ത് വെള്ളാളപുരം സ്വദേശിയായ എസ്. ഗോപിക (19), ധർമപുരി ജില്ലയിലെ എൻഡപ്പട്ടി സ്വദേശി ആർ. രോഷിനി (19) കൃഷ്ണഗിരി ജില്ലയിലെ ഹൊസൂരിനടുത്തുള്ള സി. വെട്രി ആനന്ദൻ (20) എന്നിവരാണ് നീറ്റ് പരീക്ഷാ പേടിയെ തുടർന്ന് ആത്മഹത്യ ചെയ്തത്. നീറ്റ് യു.ജി പരീക്ഷ റദ്ദാക്കിയതിനെ തുടർന്ന് കടുത്ത മാനസിക സമ്മർദവും ഭയവും വിദ്യാർഥികൾ അനുഭവിച്ചിരുന്നതായി കുടുംബാംഗങ്ങളും അന്വേഷണ ഉദ്യോഗസ്ഥരും വ്യക്തമാക്കിയിരുന്നു.
കൃഷ്ണഗിരിയിലെ വിദ്യാർഥിയുടെ ആത്മഹത്യാക്കുറിപ്പിൽ ഒരു മാസമായി ഉറങ്ങാൻ പോലും കഴിഞ്ഞില്ലെന്നും വീണ്ടും പരാജയപ്പെടുമെന്ന ഭയം അലട്ടിയിരുന്നുവെന്നും രേഖപ്പെടുത്തിയിരുന്നു. മേയ് മൂന്ന് ആദ്യ നീറ്റ് പരീക്ഷ നടന്നതിന് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 12ലധികം വിദ്യാർഥികളാണ് ആത്മഹത്യ ചെയ്തത്. ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് പരീക്ഷ റദ്ദാക്കുകയും ജൂൺ 21ന് പുനഃപരീക്ഷ നടത്തുകയുമായിരുന്നു.
2024ൽ പ്ലസ്ടുവിന് ശേഷം രണ്ട് വർഷത്തോളമായി നീറ്റ് പരീക്ഷക്ക് തയാറെടുക്കുകയായിരുന്നു ഗോപിക. കൂലിപ്പണിക്കാരായ മാതാപിതാക്കൾക്ക് കോച്ചിങ് ഫീസ് താങ്ങാൻ കഴിയാതെ വന്നതോടെ സ്വന്തമായി പരീക്ഷക്ക് പഠിക്കുകയായിരുന്നു. തുടർന്ന് പരീക്ഷ റദ്ദാക്കുകയും ചെയ്തതോടെ വിദ്യാർഥി കടുത്ത മാനസിക സമ്മർദ്ദം നേരിട്ടിരുന്നതായും പൊലീസും മാതാപിതാക്കളും പറഞ്ഞു.
രോഷ്നിയും 2025ൽ പ്ലസ്ടുവിന് ശേഷം നീറ്റ് പരീക്ഷക്ക് തയാറെടുക്കുകയായിരുന്നു. പരീക്ഷക്ക് മുന്നോടിയായി രോഷ്നിയും മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് മാതാപിതാക്കൾ പറയുന്നു. 2023ൽ പ്ലസ്ടു കഴിഞ്ഞ വെട്രി ആനന്ദൻ രണ്ടുവർഷത്തോളമായി നീറ്റ് പരീക്ഷക്ക് തയാറെടുക്കുകയായിരുന്നു. നീറ്റ് പരീക്ഷ റദ്ദാക്കിയതും പരാജയ ഭീതിയും മൂലം വെട്രി ആനന്ദനും മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. കൂടാതെ നീലഗിരി ജില്ലയിലെ കൂനൂരിൽ ഒരു വിദ്യർഥിനി നീറ്റ് പരീക്ഷക്ക് തൊട്ടുമുമ്പ് ഞായറാഴ്ച രാവിലെ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഗുരുതര നിലയിലായ വിദ്യാർഥിനി ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഈ മരണങ്ങൾക്കും ആത്മഹത്യാ ശ്രമത്തിനും പിന്നാലെ തമിഴ്നാട്ടിൽ നീറ്റ് പരീക്ഷാ സംവിധാനത്തിനെതിരായ പ്രതിഷേധം ശക്തമായി. സംസ്ഥാനത്തെ നീറ്റ് പരീക്ഷയിൽ നിന്ന് ഒഴിവാക്കണമെന്ന് വിവിധ രാഷ്ട്രീയ കക്ഷികൾ വീണ്ടും ആവശ്യപ്പെട്ടു. പ്രതിഷേധ പരിപാടികൾക്കും ആഹ്വാനം ചെയ്തിട്ടുണ്ട്. നീറ്റുമായി ബന്ധപ്പെട്ട തുടർച്ചയായ പ്രശ്‌നങ്ങൾക്ക് കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരാണ് ഉത്തരവാദിയെന്ന് ആരോപിച്ച് ഡി.എം.കെ വിദ്യാർഥി വിഭാഗം ചൊവ്വാഴ്ച പ്രതിഷേധ പ്രകടനം നടത്തുമെന്ന് അറിയിച്ചു.
ഇന്ത്യയിലുടനീളം നീറ്റ് നിർത്തലാക്കുകയോ അല്ലെങ്കിൽ കുറഞ്ഞത് തമിഴ്‌നാടിനെയെങ്കിലും ഒഴിവാക്കുകയോ ചെയ്യണമെന്നാണ് മരണങ്ങൾ തെളിയിക്കുന്നതെന്ന് പി.എം.കെ നേതാവ് അൻപുമണി രാമദോസ് പറഞ്ഞു. സംസ്ഥാനത്തിന് ഇളവ് ഉറപ്പാക്കാൻ നിയമപരമായ നടപടികൾ സ്വീകരിക്കണമെന്ന് വി.സി.കെ നേതാവ് തോൾ തിരുമാവളവൻ തമിഴ്‌നാട് സർക്കാരിനോട് ആവശ്യപ്പെട്ടു.
അതേസമയം, നീറ്റ് യു.ജി പുനഃപരീക്ഷക്ക് മുമ്പുള്ള 37 ദിവസത്തിനിടെ രാജ്യത്തെ വിവിധ ഭാഗങ്ങളിലായി കുറഞ്ഞത് 12 വിദ്യാർഥികൾ ആത്മഹത്യ ചെയ്തതായി റിപ്പോർട്ടുകളുണ്ട്. പരീക്ഷ റദ്ദാക്കലും പുനഃപരീക്ഷ പ്രഖ്യാപനവും വിദ്യാർഥികളിൽ വലിയ അനിശ്ചിതത്വവും മാനസിക സമ്മർദവും സൃഷ്ടിച്ചുവെന്നാണ് റിപ്പോർട്ടുകൾ.


