കശ്മീരിൽ ‘ഓപറേഷൻ മഹാദേവു’മായി സൈന്യം; പഹൽഗാമിൽ ആക്രമണം നടത്തിയവർ ഉൾപ്പെടെ മൂന്ന് ഭീകരരെ വധിച്ചു
text_fieldsശ്രീനഗർ: ജമ്മു കശ്മീരിലെ ശ്രീനഗറിനു സമീപം ലിദ്വാസിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചു. കൊല്ലപ്പെട്ടവരിൽ രണ്ടുപേർ പഹൽഗാമിൽ ആക്രമണം നടത്തിയവരാണെന്ന് സംശയിക്കുന്നുണ്ട്. ഇക്കാര്യത്തിൽ സ്ഥിരീകരണം വന്നിട്ടില്ല. ലിദ്വാസിൽ ഓപറേഷൻ മഹാദേവിന് തുടക്കമായെന്ന് ആർമിയുടെ ചിനാർ കോർപ്സ് എക്സിൽ പോസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ഭീകരരെ വധിച്ചെന്ന റിപ്പോർട്ട് വരുന്നത്.
മേഖലയിൽ ദൗത്യം തുടരുകയാണെന്നും സൈന്യം അറിയിച്ചു. കരസേന, സി.ആർ.പി.എഫ്, ജമ്മു കശ്മീർ പൊലീസ് എന്നിവയുടെ സംയുക്ത നീക്കത്തിലാണ് ഭീകരരെ വധിച്ചത്. ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിൽ ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു. ഭീകരർ ഒളിച്ചിരുന്നയിടത്തുനിന്ന് ഗ്രനേഡുകൾ ഉൾപ്പെടെ കണ്ടെടുത്തിട്ടുണ്ട്.
രണ്ട് ദിവസം മുമ്പ് ദച്ചിഗാമിലെ വനത്തിൽനിന്ന് സംശയകരമായ ആശയവിനിമയം നടക്കുന്നതായി സൈന്യം കണ്ടെത്തിയിരുന്നു. പിന്നാലെ പ്രദേശവാസികളുടെ കൂടി സഹായം തേടിയ സൈന്യം ഓപറേഷൻ മാഹാദേവ് എന്ന പേരിൽ പ്രത്യേക ദൗത്യത്തിന് തുടക്കമിട്ടു. നിരവധി സൈനികരെ പ്രത്യേക ദൗത്യത്തിന്‍റെ ഭാഗമാക്കി. തിങ്കളാഴ്ച രാവിലെ 11.30ഓടെയാണ് തിരച്ചിൽ നടത്തുകയായിരുന്ന സൈന്യം ഭീകരരെ കണ്ടെത്തിയത്. ഇതോടെ ഏറ്റുമുട്ടൽ നടക്കുകയും മൂന്ന് ഭീകരർ കൊല്ലപ്പെടുകയും ചെയ്തു.
ഓപറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട പ്രത്യേക ചർച്ച പാർലമെന്‍റിൽ നടക്കുന്നതിനിടെയാണ് ഭീകകരെ സൈന്യം വധിക്കുന്നത്. ഏപ്രിൽ 22ന് പഹൽഗാമിലെ ബൈസരൺ താഴ്വരയിലാണ് 26 പേരുടെ ജീവൻ നഷ്ടമായ ഭീകരാക്രമണമുണ്ടായത്. ഇതിന് തിരിച്ചടിയായി മേയ് ഏഴിനാണ് ഇന്ത്യൻ സേന ഓപറേഷൻ സിന്ദൂർ നടപ്പാക്കിയത്. പാകിസ്താനിലെയും പാക്കധീന കശ്മീരിലെയും ഒമ്പത് കേന്ദ്രങ്ങളിലായി നൂറിലേറെ ഭീകരരെയാണ് സൈനിക ദൗത്യത്തിൽ വധിച്ചത്.