സോണിയ നാല് തവണ കാൻസറിനെ അതിജീവിച്ചു, പ്രതിസന്ധികളിൽ പതറിയില്ല; അമ്മയെക്കുറിച്ച് രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: സോണിയ ഗാന്ധിയുടെ ആത്മകഥയായ 'ബിലോങ്ങിങ്: എ ജേണി ഓഫ് ലവ്' ഔദ്യോഗികമായി പ്രകാശനം ചെയ്യുന്ന ചടങ്ങിൽ വികാരഭരിതനായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രതിസന്ധികൾക്ക് മുന്നിൽ ഒരിക്കലും പതറാത്ത, നാല് തവണ കാൻസറിനെ അതിജീവിച്ച വനിതയാണ് തന്റെ മാതാവ് സോണിയ ഗാന്ധിയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
പ്രകാശന ചടങ്ങിൽ, കുടുംബം നേരിട്ട ദുരന്തങ്ങളും പോരാട്ടങ്ങളും സംബന്ധിച്ച വ്യക്തിപരമായ അനുഭവങ്ങൾ പങ്കുവെക്കുകയായിരുന്നു അദ്ദേഹം. സോണിയയുടെ ധൈര്യം അസാധാരണമാണ്. മുൻ പ്രധാനമന്ത്രിമാരായ മുത്തശ്ശി ഇന്ദിരാ ഗാന്ധിയെയും പിതാവ് രാജീവ് ഗാന്ധിയെയും വധങ്ങളിലൂടെ നഷ്ടപ്പെട്ടിട്ടും, തന്റെ അമ്മ ഭയപ്പെടുന്നതോ വെല്ലുവിളികളിൽ നിന്ന് പിന്മാറുന്നതോ താൻ ഒരിക്കലും കണ്ടിട്ടില്ല. സ്വന്തം കഥ തുറന്നുപറഞ്ഞതിൽ പിതാവ് വളരെയധികം അഭിമാനിക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിരവധി ഇൻഡ്യ മുന്നണി നേതാക്കളും മുഖ്യമന്ത്രിമാരും പങ്കെടുത്ത ഐ.ടി.സി മൗര്യയിലെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. ആരോടും പെട്ടെന്ന് സംസാരിക്കാൻ കഴിയുന്ന, പുറംലോകവുമായി ഇടപഴകുന്ന, സന്തോഷവതിയായ ഒരു വനിതയായിരുന്നു ഒരിക്കൽ അമ്മ. എന്നാൽ, 1984-ലെ ഇന്ദിരാ ഗാന്ധിയുടെ വധവും, അതിലേറെ തകർത്തുകളഞ്ഞ 1991-ലെ രാജീവ് ഗാന്ധിയുടെ കൊലപാതകവും അവരുടെ വ്യക്തിത്വത്തെ മാറ്റിമറിച്ചു. “എനിക്കറിയാമായിരുന്ന, എപ്പോഴും ചിരിക്കുകയും സന്തോഷിക്കുകയും ചെയ്തിരുന്ന ആ അമ്മ, ഈ നഷ്ടങ്ങളുമായി പൊരുത്തപ്പെടാൻ പാടുപെടുന്നതിനിടയിൽ ക്രമേണ തന്നിലേക്ക് തന്നെ ഉൾവലിയുകയായിരുന്നു,” അദ്ദേഹം പറഞ്ഞു.
രാജീവ് ഗാന്ധിയും സോണിയ ഗാന്ധിയും വേർപിരിക്കാനാവാത്തവരും അസാധാരണമായ ആത്മബന്ധം പങ്കുവെച്ചവരുമായിരുന്നുവെന്ന് രാഹുൽ പറഞ്ഞു. കുടുംബത്തോടൊപ്പമുള്ള ഭക്ഷണസമയങ്ങളിൽ അമ്മ പലപ്പോഴും രാജീവിന്റെ മടിയിലിരിക്കുമായിരുന്നുവെന്നും അദ്ദേഹം വിവരിച്ചു.
അസാധാരണമായ ഓർമ്മശക്തിയുണ്ടായിരുന്നിട്ടും, രാജീവിന്റെ വധവുമായി ബന്ധപ്പെട്ട സംഭവങ്ങൾ സോണിയയ്ക്ക് നേരിയ തോതിൽ പോലും ഓർത്തെടുക്കാൻ കഴിഞ്ഞിരുന്നില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. “ആ കാലഘട്ടത്തെക്കുറിച്ചുള്ള പല ഭാഗങ്ങളും പ്രിയങ്ക ഗാന്ധിയുടെ സഹായത്തോടെയാണ് പുനർനിർമ്മിക്കേണ്ടി വന്നത്,” അദ്ദേഹം പറഞ്ഞു.
സോണിയയുടെ ജീവിതം വരച്ചുകാട്ടുന്ന ഒരു ഹ്രസ്വചിത്രത്തോടെയാണ് പരിപാടി ആരംഭിച്ചത്. ഇത് സോണിയയെ വികാരാധീനയാക്കി. തന്റെ കുടുംബത്തെക്കുറിച്ച് വർഷങ്ങളായി പ്രചരിക്കുന്ന കെട്ടിച്ചമച്ച കഥകളും വേദനിപ്പിക്കുന്ന ആഖ്യാനങ്ങളുമാണ് സ്വന്തം കഥ അവതരിപ്പിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് സോണിയ പറഞ്ഞു. "രാഹുൽ, പ്രിയങ്ക, മഞ്ജുളിക ദുബെ എന്നിവരുടെ നിർബന്ധത്തിന് വഴങ്ങിയാണ് ഞാൻ സമ്മതിച്ചത്," സോണിയ പറഞ്ഞു. തുടക്കത്തിൽ ബുദ്ധിമുട്ടിയെങ്കിലും എഴുതിത്തുടങ്ങിയപ്പോൾ ഓർമ്മകൾ ഒഴുകിയെത്താൻ തുടങ്ങി.
ചെറുപ്പത്തിലോ രാഷ്ട്രീയ ജീവിതത്തിലോ താൻ ഒരിക്കലും ഡയറി എഴുതിയിരുന്നില്ലെന്നും പ്രധാനമായും ഓർമ്മകളെയാണ് ആശ്രയിച്ചതെന്നും സോണിയ പറഞ്ഞു. രാജീവുമായുള്ള പ്രണയകാലവും വിവാഹവും മക്കളുടെ ജനനവും ഓർത്തെടുക്കുന്നത് സ്വാഭാവികമായി സംഭവിച്ചപ്പോൾ, രണ്ട് കൊലപാതകങ്ങളിലേക്കും തിരിഞ്ഞുനോക്കുന്നത് അങ്ങേയറ്റം വേദനാജനകമായിരുന്നുവെന്നും സോണിയ പറഞ്ഞു.



