‘വോട്ടു ചോരി’ക്ക് അഞ്ച് വഴികൾ
text_fieldsഭാരതീയ ജനതാ പാർട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനുമായി ചേർന്ന് 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനായി നടത്തിയ ‘വോട്ടു ചോരി’ക്ക് രാഹുൽ ഗാന്ധിയുടെ അഭിപ്രായം അനുസരിച്ച് അഞ്ച് വഴികളാണ് തെരഞ്ഞെടുത്തത്. ഈ അഞ്ച് വഴികളിലൂടെയാണ് കർണാടകയിലെ ഒരു ലോക്സഭാ മണ്ഡലത്തിലെ ആറ് നിയമസഭാ മണ്ഡലങ്ങളിലും പിന്നിലായിട്ടും ഒരു നിയമസഭാ മണ്ഡലത്തിൽ കൂട്ടിച്ചേർത്ത 100,25 വോട്ടുകൾ കൊണ്ട് ബി.ജെ.പി ജയിച്ചുകയറിയതെന്ന് രാഹുൽ തെളിവുകളിലൂടെ സമർഥിച്ചു.
ഒന്ന് - ഡ്യൂപ്ലിക്കേറ്റ് വോട്ടർമാർ
ഒരേ പേരും ഫോട്ടോയും വെച്ച് വ്യത്യസ്ത വിലാസങ്ങളിലായി നാലിടത്ത് വോട്ടുള്ള ഗുർകിരത് സിംഗ് കർണാടകയിൽ തന്നെ രണ്ടിടത്തും മഹാരാഷ്ട്രയിലും മോദിയുടെ മണ്ഡലമായ വരാണസിയിലും വോട്ടറാണ്. ആദിത്യ ശ്രീവാസ്തവക്കും വിശാൽ സിംഗിനുമുണ്ട് മുന്നിലേറെ സ്ഥലങ്ങളിൽ ഒരേ പേരിലും ചിത്രത്തിലും വ്യത്യസ്ത വിലാസത്തിലുമുള്ള വോട്ട്.
ശകുൻ റാണി എന്ന 70കാരിയുടെ ഫോട്ടോ സൂം ഇൻ ചെയ്തും സൂം ഔട്ട് ചെയ്തും രണ്ടിടങ്ങളിൽ വ്യാജ വോട്ടർമാരായി ചേർത്തിരിക്കുന്നു. 11,965 വോട്ടുകളാണ് ഈ തരത്തിൽ ഡ്യൂപ്ലിക്കേറ്റ് വോട്ടുകളിലൂടെ മഹാദേവ പുര നിയമസഭാ മണ്ഡലത്തിൽ കൂട്ടിച്ചേർത്തത്.
രണ്ട്- വിലാസമില്ലാത്ത വോട്ടർമാർ
തെരഞ്ഞെടുപ്പ് കമീഷൻ തയാറാക്കിയ വോട്ടർപട്ടികയിൽ വ്യാജ വിലാസം നൽകി ചേർത്തത് 40,009 വ്യാജ വോട്ടുകളാണ്. അവയിൽ പലതിന്റെയും വീട്ടു നമ്പർ പൂജ്യം ആയി കമീഷൻ പട്ടികയിൽ തന്നെ രേഖപ്പെടുത്തിയിരിക്കുന്നു. പലരുടെയും രക്ഷിതാക്കളുടെ പേരുകൾ പലതും ഇംഗ്ലീഷ് അക്ഷരങ്ങൾ മാത്രമാണ്.
മൂന്ന് - ഒരൊറ്റ വിലാസത്തിൽ കണക്കിൽകവിഞ്ഞ വോട്ടർമാർ
നാലാൾക്ക് കിടക്കാവുന്ന ഒറ്റ മുറിയിൽ പല ജാതി മതക്കാരുടെ പേരുകളിലായി 80വോട്ടുകൾ ചേർത്തതും വാണിജ്യ സ്ഥാപനത്തിന്റെ വിലാസത്തിൽ ഇതുപോലെ 500ാളം പേരെ ചേർത്തതും വ്യാജ വോട്ടർമാരുടെ പേരുകളും താമസ സ്ഥലങ്ങളുടെ ചിത്രങ്ങളും സഹിതം രാഹുൽ കാണിച്ചു. 10,452 പേരെയാണ് ഇങ്ങിനെ ചേർത്തത്.
നാല്- ശരിയായ ഫോട്ടോ വെക്കാത്ത വോട്ടർമാർ
ശരിയായ ഫോട്ടോ കാണിക്കാതെ വോട്ടർപട്ടികയിൽ ചേർത്തത് 4,132 വ്യാജ വോട്ടുകളാണ്. ഫോട്ടോകളുടെ സ്ഥാനത്ത് മനുഷ്യരൂപം പോലുമില്ലാത്ത അടയാളങ്ങളും കാരിക്കേച്ചറുകളും അടക്കമാണ് കാണിച്ചിരിക്കുന്നത്. അവ സൂം ചെയ്തു നോക്കിയാലും ആളെ കാണില്ല.
അഞ്ച് -ഫോം- 6 വഴി ചേർത്ത വ്യാജ വോട്ടർമാർ
18 വയസ് പൂർത്തിയായ പുതിയ വോട്ടർമാരെ ചേർക്കാൻ സാധാരണഗതിയിൽ ഉപയോഗിച്ചുവരുന്ന ഫോം - ആറ് ഉപയോഗിച്ച് 98, 97, 85, 75 വയസ് പ്രായമുള്ള വ്യാജ വോട്ടർമാരെ ചേർത്തിരിക്കുന്നു. ഇത്തരത്തിലുള്ള 33, 692 വോട്ടർമാരുടെ പട്ടിക രാഹുൽ മാധ്യമങ്ങളെ കാണിച്ചു. മോദിക്ക് വോട്ടു ചെയ്തത് പുതുവോട്ടർമാരാണെന്ന് ബി.ജെ.പി പറയുന്നത് ഇതാണെന്നും രാഹുൽ പരിഹസിച്ചു.
രാഹുൽ ഗാന്ധി ഇന്ന് ബംഗളൂരുവിലേക്ക്
ബംഗളൂരു: കർണാടകയിലെ വോട്ടർ പട്ടികയിൽ ഒരു ലക്ഷത്തിലേറെ വോട്ടർമാരെ അനധികൃതമായി ഉൾപ്പെടുത്തിയെന്ന ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ബംഗളൂരുവിൽ വെള്ളിയാഴ്ച കോൺഗ്രസ് പ്രതിഷേധം അരങ്ങേറും.
ഫ്രീഡം പാർക്കിൽ നടക്കുന്ന സമരത്തിൽ രാഹുൽ ഗാന്ധിക്ക് പുറമെ, പാർട്ടി അധ്യക്ഷൻ മല്ലികാർജുന ഖാർഗെ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രിയും കെ.പി.സി.സി അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ, മറ്റു മന്ത്രിമാർ, കോൺഗ്രസ് നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും. നേരത്തെ കഴിഞ്ഞ ചൊവ്വാഴ്ച പ്രതിഷേധ പരിപാടി നിശ്ചയിച്ചിരുന്നെങ്കിലും ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഷിബു സോറന്റെ നിര്യാണത്തെ തുടർന്ന് വെള്ളിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.