മൂന്നുനാൾ; ഇന്ത്യയിൽ നിന്നും മടങ്ങിയത് 509 പാക് പൗരന്മാർ
text_fieldsന്യൂഡൽഹി: മൂന്നുദിവസത്തിനിടെ അട്ടാരി-വാഗ അതിർത്തി വഴി മടങ്ങിയത് ഒമ്പത് നയതന്ത്രജ്ഞരും ഉദ്യോഗസ്ഥരുമടക്കം 509 പാക് പൗരന്മാർ. 12 വിഭാഗം ഹ്രസ്വകാല വിസകളിൽ രാജ്യത്ത് കഴിയുന്നവർക്ക് അതിർത്തി കടക്കാനുള്ള അവസാന ദിനമായിരുന്നു ഞായറാഴ്ച. കൂടുതൽ ആളുകളെത്തിയതോടെ അട്ടാരി അതിർത്തിയിൽ വാഹനങ്ങളുടെ നീണ്ടനിര കാണാമായിരുന്നു. വേദന നിറഞ്ഞ വിടപറയലുകളുടെ വൈകാരിക മുഹൂർത്തങ്ങൾക്കും അതിർത്തി സാക്ഷിയായി. പലരും കുടുംബാംഗങ്ങളെയും ബന്ധുക്കളെയും അതിർത്തിയിലെത്തിച്ച് പറഞ്ഞയക്കവെ വിങ്ങിപ്പൊട്ടി.
ഇതിനിടെ, 14 ഇന്ത്യൻ നയതന്ത്രജ്ഞരും ഉദ്യോഗസ്ഥരും ഉൾപ്പെടെ 745 ഇന്ത്യക്കാർ പാകിസ്താനിൽനിന്ന് പഞ്ചാബിലെ അന്താരാഷ്ട്ര അതിർത്തി വഴി മടങ്ങിയെത്തി. ഏപ്രിൽ 25ന് 191 പാകിസ്താൻ പൗരന്മാർ അട്ടാരി-വാഗ അതിർത്തി വഴി ഇന്ത്യ വിട്ടതായും ഏപ്രിൽ 26ന് 81 പേർ കൂടി രാജ്യം വിട്ടതായും ഉദ്യോഗസ്ഥർ പറഞ്ഞു. ഏപ്രിൽ 25ന് 287 ഇന്ത്യക്കാർ പാകിസ്താനിൽനിന്ന് ഇന്ത്യയിലെത്തി. ഏപ്രിൽ 26ന് 14 നയതന്ത്രജ്ഞരും ഉദ്യോഗസ്ഥരും ഉൾപ്പെടെ 342 ഇന്ത്യക്കാർ പാകിസ്താനിൽനിന്ന് എത്തി. വ്യോമമാർഗം അതിർത്തി കടന്നവരുടെ വിവരങ്ങൾ ലഭ്യമാവേണ്ടതുണ്ട്. ഇരുരാജ്യങ്ങൾക്കുമിടയിൽ വ്യോമഗതാഗതം സ്തംഭിച്ച സാഹചര്യത്തിൽ മറ്റുരാജ്യങ്ങൾ വഴി വേണം ഇവർക്ക് മടങ്ങാൻ.
ഹ്രസ്വകാല വിസയിൽ ഇന്ത്യയിൽ കൂടുതൽ പാകിസ്താൻ പൗരന്മാർ കഴിയുന്നത് മഹാരാഷ്ട്രയിലാണ്. 1,000ഓളം പേർ ഉണ്ടെന്നാണ് കണക്ക്. സാർക് വിസയിലുള്ള 1,000 പാക് പൗരന്മാരോട് ഇന്ത്യ വിടാൻ നിർദേശിച്ചതായി മഹാരാഷ്ട്ര ആഭ്യന്തര സഹമന്ത്രി യോഗേഷ് കദം ശനിയാഴ്ച വ്യക്തമാക്കിയിരുന്നു. 5050 പാക് പൗരന്മാരാണ് മഹാരാഷ്ട്രയിലുള്ളതെന്നാണ് സർക്കാർ കണക്ക്. ഭൂരിഭാഗവും ദീർഘകാല വിസകളിലെത്തിയതവർ. അതിനിടെ, മഹാരാഷ്ട്രയിൽ താമസിച്ചുവരുന്ന 107 പാക് പൗരന്മാരെ സംബന്ധിച്ച് നിലവിൽ വിവരമില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
തെലങ്കാനയിൽ സംസ്ഥാന പൊലീസിന്റെ കണക്കുകൾ പ്രകാരം 208 പാകിസ്താൻ പൗരന്മാരാണുള്ളത്. ഇവരിൽ ഭൂരിഭാഗവും ഹൈദരാബാദിലാണ്. 156 പേരുടേത് ദീർഘകാല വിസയാണ്. 13 പേരുടേത് ഹ്രസ്വകാല വിസയും 39 പേരുടേത് മെഡിക്കൽ, വ്യാപാര ആവശ്യങ്ങൾക്കുള്ള യാത്രാ രേഖയോടുകൂടിയ വിസയുമാണ്. കേരളത്തിൽ 104 പാക് പൗരന്മാരുണ്ടായിരുന്നതിൽ 94 പേർ ദീർഘകാല വിസയിലാണ്. വിനോദ സഞ്ചാര, മെഡിക്കൽ വിസകളിലെത്തിയ അഞ്ചുപേർ ഇതിനകം ഇന്ത്യ വിട്ടു. മധ്യപ്രദേശിൽ 228 പാക് പൗരന്മാർ കഴിയുന്നുണ്ട്. ഇവരിൽ പകുതിയോളം പേർ ഇതിനകം രാജ്യം വിട്ടു. ഒഡിഷയിൽ 12 പാക് പൗരന്മാർ ഉണ്ടെന്നാണ് കണക്ക്. ഇവർക്ക് നിശ്ചിത സമയപരിധിക്ക് മുമ്പ് രാജ്യം വിടാൻ നിർദേശം കിട്ടി.
ഹ്രസ്വകാല വിസയിൽ സംസ്ഥാനത്ത് താമസിച്ചിരുന്ന മൂന്ന് പാക് പൗരന്മാരോട് രാജ്യം വിടാൻ ആവശ്യപ്പെട്ടതായി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഗുജറാത്തിൽ അഹ്മദാബാദിൽ അഞ്ച് പേരും ബറൂച്ചിലും വഡോദരയിലും ഒരാൾ വീതവുമാണ് കഴിഞ്ഞിരുന്നത്. ഇവർ രാജ്യം വിട്ടതായാണ് പൊലീസ് നൽകുന്ന വിവരം. ഇതിന് പുറമെ, 438 പേർ ദീർഘകാല വിസയിൽ കഴിയുന്നുണ്ട്. ഇവരിൽ ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിച്ച് നടപടി കാത്തിരിക്കുന്ന ഹിന്ദുക്കളുമുണ്ട്. ഉത്തർപ്രദേശിൽ കേന്ദ്ര നിർദേശപ്രകാരം പാക് പൗരന്മാരുടെ മടക്കം പൂർത്തിയായതായി ഡി.ജി.പി പ്രശാന്ത് കുമാർ ശനിയാഴ്ച വ്യക്തമാക്കി. നിലവിൽ സംസ്ഥാനത്ത് കഴിയുന്ന ഒരു പാകിസ്താൻ പൗരൻ ഏപ്രിൽ 30ന് രാജ്യം വിടുമെന്നും സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു. സമയപരിധിക്കപ്പുറം, പാക് പൗരന്മാർ ഇന്ത്യയിൽ കഴിയുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് വെള്ളിയാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി മുഖ്യമന്ത്രിമാരോട് ഫോണിൽ നിർദേശിച്ചിരുന്നു. സമാനമായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർക്കും നിർദേശം നൽകിയിട്ടുണ്ട്.


