ഗാസിയാബാദിൽ നിർമ്മാണത്തിലിരിക്കുന്ന മാളിൽ ഏഴുവയസ്സുകാരിയുടെ മൃതദേഹം; ദുരൂഹതയേറുന്നു
text_fieldsഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നിർമാണത്തിലിരിക്കുന്ന മാളിന്റെ ബേസ്‌മെന്റിൽ ഏഴുവയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. രാജനഗർ എക്സ്റ്റൻഷൻ മേഖലയിൽ നന്ദ്ഗ്രാം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. വെള്ളിയാഴ്ച വൈകുന്നേരം മുതൽ കുട്ടിയെ കാണാനില്ലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.
ശനിയാഴ്ച പുലർച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ തലയിൽ ഗുരുതരമായ പരിക്കേറ്റതായും ശരീരത്തിൽ പലയിടത്തായി ഒടിവുകളുണ്ടെന്നും കുടുംബം ആരോപിക്കുന്നു. മൂന്നാം നിലയിൽനിന്ന് താഴേക്ക് എറിഞ്ഞതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ, സംഭവത്തിൽ കൂടുതൽ വ്യക്തത വരാൻ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കേണ്ടതുണ്ട്.
സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ്, സംശയമുള്ള ചിലരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. നിർമ്മാണ സ്ഥലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ കുട്ടിയാണ് കൊല്ലപ്പെട്ടത്. മാളിന്റെ പരിസരത്തുള്ള താൽക്കാലിക ഷെഡിലാണ് ഇവർ താമസിക്കുന്നത്.
കുട്ടിയെ കാണാതായതിന് പിന്നാലെ ബന്ധുക്കൾ നടത്തിയ അന്വേഷണത്തിനിടെയാണ് മൃതദേഹം ബേസ്‌മെന്റിൽ കണ്ടെത്തിയത്. കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായതായി കുട്ടിയുടെ അമ്മാവൻ ആരോപണമുന്നയിച്ചിട്ടുണ്ട്. എന്നാൽ, ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ഫോറൻസിക്, പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾ ലഭിച്ചാലേ കൃത്യമായ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.
സംഭവത്തിൽ പ്രദേശവാസികൾക്കിടയിൽ വലിയ പ്രതിഷേധമാണ് ഉയർന്നത്. മാളിലെ സെക്യൂരിറ്റി ജീവനക്കാരനെതിരെ ചിലർ ആക്രമണം നടത്താൻ മുതിർന്നു. ക്രമസമാധാന നില ഉറപ്പാക്കാൻ കൂടുതൽ പൊലീസിനെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.
വിവരമറിഞ്ഞയുടൻ നന്ദ്ഗ്രാം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഫോറൻസിക് വിദഗ്ധരെത്തി തെളിവുകൾ ശേഖരിച്ചതായും ഡി.സി.പി റൂറൽ സുരേന്ദ്രനാഥ് തിവാരി, എ.സി.പി പ്രിയശ്രീ പാൽ എന്നിവർ സംഭവസ്ഥലം സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തിയതായും അധികൃതർ അറിയിച്ചു.


