അസമിലെ ഒരു ബൂത്തിൽ വോട്ടർമാർ 90; പോൾ ചെയ്തത് 181 വോട്ടുകൾ, ഉദ്യോഗസ്ഥർക്കെതിരെ നടപടി
text_fieldsImage courtesy: Outlook India
ഗുവാഹത്തി: അസമിലെ ഒരു പോളിങ് ബൂത്തിൽ വോട്ടർമാരുടെ എണ്ണത്തേക്കാൾ കൂടുതൽ വോട്ടുകൾ പോൾ ചെയ്ത സംഭവത്തിൽ ആറ് പോളിങ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ദിമ ഹസാവോ ജില്ലയിലെ പോളിങ് ബൂത്തിലാണ് ക്രമക്കേട് നടന്നത്.
ഇവിടെ 90 വോട്ടർമാർ മാത്രമാണ് തെരഞ്ഞെടുപ്പ് കമീഷന്‍റെ പട്ടിക പ്രകാരം ഉള്ളത്. എന്നാൽ, 181 വോട്ടുകൾ ബാലറ്റ് യന്ത്രത്തിൽ രേഖപ്പെടുത്തിയിരുന്നു. 2016ൽ ബി.ജെ.പി എം.എൽ.എ വിജയിച്ച മണ്ഡലമാണിത്.
ഏപ്രിൽ ഒന്നിന് നടന്ന രണ്ടാംഘട്ട വോട്ടെടുപ്പിലാണ് ക്രമക്കേട് നടന്നത്. ഈ ബൂത്തിൽ റീ-പോൾ നടത്തുമെന്നാണ് വിവരം. ഇതുസംബന്ധിച്ച് ഒൗദ്യോഗിക തീരുമാനമായിട്ടില്ല.
തെരഞ്ഞെടുപ്പ് കമീഷൻ നൽകിയ വോട്ടർ പട്ടിക ഗ്രാമത്തലവൻ അംഗീകരിക്കാത്തതാണ് വോട്ടുകൾ കൂടാൻ കാരണമായതെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു. തെരഞ്ഞെടുപ്പ് കമീഷന്‍റെ പട്ടികക്ക് ബദലായി ഗ്രാമത്തലവൻ മറ്റൊരു പട്ടിക കൊണ്ടുവന്ന് ആളുകളെ വോട്ട് ചെയ്യിക്കുകയായിരുന്നത്രെ. എന്നാൽ, ഗ്രാമത്തലവന്‍റെ ആവശ്യം എന്തുകൊണ്ട് ബൂത്തിലെ ഉദ്യോഗസ്ഥർ അംഗീകരിച്ചുവെന്നതിലും സ്ഥലത്ത് സുരക്ഷാ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നില്ലേയെന്നതിലും വ്യക്തത വന്നിട്ടില്ല.