ഡൽഹി സർവകലാശാല വിദ്യാർഥി യൂണിയനിൽ പ്രധാന സീറ്റുകൾ എ.ബി.വി.പിക്ക്; എൻ.എസ്.യു.ഐക്ക് വൈസ് പ്രസിഡന്‍റ് പദം
text_fieldsന്യൂഡൽഹി: ഡൽഹി സർവകലാശാല വിദ്യാർഥി യൂണിയൻ (ഡി.യു.എസ്.യു) തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിദ്യാർഥി സംഘടനയായ എ.ബി.വി.പിക്ക് പ്രധാന മൂന്ന് സീറ്റിൽ വിജയം. പ്രസിഡന്‍റ്, സെക്രട്ടറി, ജോയിന്‍റ് സെക്രട്ടറി സീറ്റുകളിലാണ് എ.ബി.വി.പി സ്ഥാനാർഥികൾ വിജയിച്ചത്. കോൺഗ്രസ് വിദ്യാർഥി സംഘടനയായ എൻ.എസ്.യു.ഐ വൈസ് പ്രസിഡന്‍റ് പദത്തിൽ വിജയിച്ചു.
വൈസ് പ്രസിഡന്‍റായി മത്സരിച്ച എൻ.എസ്.യു.ഐയുടെ രാഹുൽ ഝാൻസ്‌ല 29,339 വോട്ടുകൾ നേടി. എ.ബി.വി.പിയുടെ ഗോവിന്ദ് തൻവക്ക് 20,547 വോട്ടും ഇടതുപക്ഷ പിന്തുണയുള്ള ഐസ- എസ്.എഫ്.ഐയുടെ സോഹന് 4,163 വോട്ടും നേടി രണ്ടും മൂന്നും സ്ഥാനത്തെത്തി.
പ്രസിഡന്‍റായ എ.ബി.വി.പിയുടെ ആര്യൻ മാൻ 28,821 വോട്ട് നേടി. എൻ.എസ്.യു.ഐയുടെ ജോസ് ലിൻ നന്ദിത ചൗധരി 12,645 വോട്ടും ഐസ-എസ്.എഫ്.ഐ സ്ഥാനാർഥി അഞ്ജലി 5,385 വോട്ടും നേടി രണ്ടും മൂന്നും സ്ഥാനം പിടിച്ചു.
സെക്രട്ടറി സ്ഥാനം നേടിയ എ.ബി.വി.പിയുടെ കുനാൽ ചൗധരി 23,779 വോട്ട് നേടി. 9,535 വോട്ട് നേടിയ ഐസ-എസ്.എഫ്.ഐ സ്ഥാനാർഥി അഭിനന്ദനയും 9,525 വോട്ട് നേടിയ എൻ.എസ്.യു.ഐയുടെ കബീറും രണ്ടും മൂന്നും സ്ഥാനത്തെത്തി.
ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് എ.ബി.വി.പിയുടെ ദീപിക ഝാ 21,825 വോട്ട് നേടി വിജയിച്ചു. എൻ.എസ്.യു.ഐയുടെ ലവ് കുഷ് ബദാന 17,380 വോട്ടും ഐസ-എസ്.എഫ്.ഐയുടെ അഭിഷേകിന് 8,425 വോട്ടും നേടി രണ്ടും മൂന്നും സ്ഥാനത്തെത്തി.
കഴിഞ്ഞ വർഷം വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പിൽ അധ്യക്ഷ പദം പിടിച്ച് എൻ.എസ്.യു.ഐ മികച്ച മുന്നേറ്റം നടത്തിയിരുന്നു. ഏഴു വർഷത്തിനു ശേഷമായിരുന്നു പ്രസിഡന്‍റ് പദം എ.ബി.വി.പിയിൽ നിന്ന് എൻ.എസ്.യു പിടിച്ചെടുത്തത്. അന്ന് 1,300 വോട്ടിനാണ് എൻ.എസ്.യുവിന്റെ റൗനക്ക് ഖാത്രി വിജയിച്ചത്. ജോയന്റ് സെക്രട്ടറി പോസ്റ്റും എൻ.എസ്.യുവിന് ലഭിച്ചിരുന്നു.
അതേസമയം, വൈസ് പ്രസിഡന്‍റ്, സെക്രട്ടറി പദവികളിൽ എ.ബി.വി.പി സ്ഥാനാർഥികൾ വിജയിച്ചിരുന്നു.