‘11 രേഖകൾ അല്ലെങ്കിൽ ആധാർ സ്വീകരിക്കണം’: ബിഹാർ എസ്.ഐ.ആർ വിഷയത്തിൽ തെരഞ്ഞെടുപ്പ് കമീഷനോട് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ബിഹാർ കരട് വോട്ടർ പട്ടികയിൽനിന്ന് പുറത്തായവർക്ക് പേര് ചേർക്കാൻ ഓൺലൈൻ അപേക്ഷകൾ നൽകിയാൽ മതിയെന്നും നേരിൽ അപേക്ഷകൾ നൽകേണ്ടതില്ലെന്നും സുപ്രീംകോടതി. അപേക്ഷകൾക്കൊപ്പം രേഖയായി ആധാർ കാർഡ് സമർപ്പിച്ചാൽ മതിയെന്നും ജസ്റ്റിസ് എ. സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വിധിച്ചു. വോട്ടർ പട്ടികയിൽനിന്ന് പുറത്തായവരെ അപേക്ഷ നൽകുന്നതിന് സഹായിക്കാൻ ബൂത്ത് തല ഏജന്റുമാർക്ക് നിർദേശം നൽകണമെന്ന് സുപ്രീംകോടതി ബിഹാറിലെ 12 അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്കും നിർദേശം നൽകി. കേസിൽ കക്ഷികളല്ലാത്ത പാർട്ടികളെ കോടതി കക്ഷി ചേർത്തു.
ബിഹാറിന് പുറത്തേക്ക് തൊഴിലെടുക്കാൻ പോയ കുടിയേറ്റ തൊഴിലാളികൾക്ക് അപേക്ഷകൾ നൽകാനായില്ലെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് ഫോംസ് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ബോധിപ്പിച്ചു. ബിഹാറിലെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയായ ആർ.ജെ.ഡിക്ക് പോലും പകുതി മണ്ഡലങ്ങളിൽ മാത്രമാണ് ബൂത്ത് തല ഏജന്റ് ഉള്ളതെന്ന് ഭൂഷൺ ചൂണ്ടിക്കാട്ടി. ഇതേ തുടർന്നാണ് ഓൺലൈനിൽ അപേക്ഷ നൽകിയാൽ മതി എന്നും ആധാർ കാർഡ് രേഖയായി മതിയെന്നും സുപ്രീംകോടതി ഉത്തരവിട്ടത്. അപേക്ഷകൾക്കൊപ്പം കമീഷൻ നിർദേശിച്ച 11 രേഖകളോ ആധാർ കാർഡോ മതിയെന്നും ബെഞ്ച് തുടർന്നു.
1.6 ലക്ഷം ബൂത്ത് തല ഏജന്റുമാരുള്ള ബിഹാറിൽ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച ശേഷം രണ്ടു പരാതികൾ മാത്രമാണ് ലഭിച്ചതെന്ന കമീഷന്റെ വെളിപ്പെടുത്തലിൽ സുപ്രീംകോടതി അത്ഭുതം പ്രകടിപ്പിച്ചു. എന്നാൽ പരാതികൾ നൽകാത്തതല്ല ബി.എൽ.ഒമാർ അവ സ്വീകരിക്കാത്തതാണ് കാരണമെന്ന് ഹരജിക്കാരുടെ അഭിഭാഷകർ ബോധിപ്പിച്ചുവെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. സമർപ്പിച്ച അപേക്ഷകൾ കിട്ടി ബോധിച്ചതിന്റെ രസീത് ബി.എൽ.ഒമാർ നൽകുന്നില്ലെന്ന പരാതി മുഖവിലക്കെടുത്ത കോടതി, നേരിൽ സമർപ്പിച്ച എല്ലാ അപേക്ഷകൾക്കും രസീത് നൽകാൻ നിർദേശം നൽകി. സുപ്രീംകോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ വോട്ടർ പട്ടികയിൽനിന്ന് പുറത്തായവരുടെ പട്ടികയും അതിനുള്ള കാരണവും തങ്ങൾ പ്രസിദ്ധീകരിച്ചതായി തെരഞ്ഞെടുപ്പ് കമീഷന്റെ അഭിഭാഷകൻ രാകേഷ് ദിവേദി അറിയിച്ചു. ഉത്തരവുണ്ടായിട്ടും പല ബി.എൽ.ഒമാരും ആധാർ കാർഡ് രേഖയായി സ്വീകരിക്കുന്നില്ലെന്ന് മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ ബോധിപ്പിച്ചു.