നടൻ പ്രകാശ് രാജിന്റെ മാതാവ് അന്തരിച്ചു
text_fieldsബംഗളൂരു: പ്രശസ്ത നടൻ പ്രകാശ് രാജിന്റെ മാതാവ് സുവർണലത (86) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ബംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം. ഞായറാഴ്ച രാവിലെ അന്തരിച്ച സുവർണലതയുടെ സംസ്കാര ചടങ്ങുകൾ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ബംഗളൂരുവിൽ നടന്നു. പ്രകാശ് രാജ് എന്ന വ്യക്തിയെയും നടനെയും രൂപപ്പെടുത്തിയതിൽ വലിയ പങ്കുവഹിച്ചയാളാണ് അദ്ദേഹത്തിന്റെ അമ്മ.
ഇന്ത്യൻ സിനിമയിലെ പ്രതിഭാധനനായ താരത്തിന്റെ മാതാവായ സുവർണലത കഠിനമായ പോരാട്ടങ്ങളിലൂടെയാണ് കടന്നുവന്നത്. ഹൂബ്ലിയിലെ ഒരു അനാഥാലയത്തിലാണ് അവർ വളർന്നത്. പിന്നീട് നഴ്‌സായി ജോലിയിൽ പ്രവേശിച്ച അവർ മികച്ച ജീവിതസാഹചര്യങ്ങൾ തേടിയാണ് ബംഗളൂരുവിലേക്ക് എത്തിയത്. മദ്യപാനത്തിന് അടിമയായ ഭർത്താവിനൊപ്പം പ്രതിസന്ധികൾ നിറഞ്ഞ കുടുംബജീവിതം ഒറ്റക്ക് പൊരുതി മുന്നോട്ട് കൊണ്ടുപോയ സുവർണലതയുടെ കരുത്താണ് പ്രകാശ് രാജിന് ജീവിതത്തിൽ എന്നും പ്രചോദനമായിരുന്നത്.
ക്രിസ്ത്യൻ കുടുംബാംഗമായിരുന്ന സുവർണലതയും ഹിന്ദുവായ മഞ്ജുനാഥ് റായും തമ്മിലുള്ള വിവാഹത്തിന് ശേഷമുള്ള ജീവിതം പ്രകാശ് രാജിന്റെ മുന്നോട്ടുള്ള ജീവിതത്തേയും സ്വാധീനിച്ചിട്ടുണ്ട്. മൂന്നു മക്കളിൽ മൂത്തയാളാണ് പ്രകാശ് രാജ്. അദ്ദേഹത്തിന്റെ സഹോദരൻ പ്രസാദ് രാജും അഭിനയരംഗത്ത് സജീവമായിരുന്നു.
സുവർണലതയുടെ നിര്യാണത്തിൽ സിനിമാ-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ അനുശോചിച്ചു. ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ പ്രകാശ് രാജിനെയും കുടുംബത്തെയും അനുശോചനം അറിയിച്ചു.


