കരൂരിൽ ഇടറി വീഴുമോ ഇളയദളപതിയുടെ തമിഴകം?
text_fieldsലക്ഷണമൊത്ത ചേരുവകൾ സംയോജിപ്പിച്ച സിനിമാക്കഥ പോലെ തുടരുകയാണ് ഇളയ ദളപതിയുടെ രാഷ്ട്രീയ പ്രവേശനവും ദ്രാവിഡ മണ്ണും. തിരക്കഥയും ആക്ഷനും കട്ടും പറയാൻ സംവിധായകനില്ലാത്ത പരമ്പരയിൽ എന്തായിരിക്കും അടുത്ത ട്വിസ്റ്റ്?
തുപ്പാക്കി ചൂണ്ടി, ത്രില്ലർ സിനിമയുടെ ൈക്ലമാക്സ് പോലെ നായകൻ തിരികെയെത്തുമോ? അതോ നായകൻ വില്ലനായി മാറുന്ന ട്രാജഡി ചിത്രം പോലെ കൈയാമം അണിഞ്ഞ് തുറുങ്കിലിലേക്ക് നടന്നു നീങ്ങുമോ....? നേരത്തെ, എഴുതിത്തയാറാക്കിയ തിരക്കഥയോ കഥ പറച്ചിലിന്റെ മർമമറിയുന്ന സംവിധായകനോ ഇല്ലാത്ത ഒരു തമിഴ് പടത്തിന്റെ മസാലക്കൂട്ടുമായി തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷനും നടനുമായ വിജയ് നായകനായ രാഷ്ട്രീയ സീരീസ് തുടരുകയാണ്.
എല്ലാം മാറിമറിയാനും, തമിഴക രാഷ്ട്രീയ ഭാവി വീണ്ടും വഴിമാറാനും ഏതാനും മിനിറ്റുകളേ വേണ്ടിവന്നുള്ളൂ. പതിനായിരങ്ങളെ ഇളക്കി മറിച്ച നടൻ രാഷ്ട്രീയക്കാരനായി വേഷമിട്ടതിനു പിന്നാലെ, ആ യാത്ര എത്തി നിൽക്കുന്നത് രാജ്യം കണ്ട വലിയ ആൾക്കൂട്ട ദുരന്തങ്ങളിലൊന്നിൽ. 39 പേർ മരിക്കുകയും 50ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്ത കരൂർ ദുരന്തത്തിനൊടുവിൽ തമിഴക വെട്രി കഴകത്തിന്റെയും അധ്യക്ഷൻ വിജയുടെയും രാഷ്ട്രീയ ഭാവിയെന്താവും? തമിഴ്നാട് അസംബ്ലി തെരഞ്ഞെടുപ്പ് അടുത്തവർഷം നടക്കാനിരിക്കെ ഇപ്പോൾ ഉയരുന്ന ഏറ്റവും വലിയ ചോദ്യവും ഇതുതന്നെ.
വെള്ളിത്തിരയിൽ ബോക്സോഫീസ് ഹിറ്റുകളുടെ മാലപ്പടക്കം തീർത്ത കരിയറിന്റെ മധ്യേ, സിനിമാ സ്റ്റൈലിൽ രാഷ്ട്രീയത്തിലും അരങ്ങേറ്റം കുറിച്ച വിജയ് ആയിരുന്നു കഴിഞ്ഞ രണ്ടു വർഷമായി തമിഴക രാഷ്ട്രീയത്തിലെ ചർച്ചാ കേന്ദ്രം. എം.ജി.ആറിന്റെയും ജയലളിതയുടെയും പാരമ്പര്യമുള്ള അണ്ണാ ഡി.എം.കെ പലതായി ചിതറി അംഗബലം കുറഞ്ഞ് മെലിഞ്ഞുണങ്ങിയ പ്രതിപക്ഷമായി മാറിയപ്പോൾ, ഭരണകക്ഷിയായ ഡി.എം.കെയെ ആൾക്കൂട്ടംകൊണ്ട് വെല്ലുവിളിച്ചാണ് ഒന്നര വർഷം മുമ്പ് വിജയ് യുടെ രാഷ്ട്രീയ പ്രവേശം സംഭവിക്കുന്നത്.
തമിഴക വെട്രി കഴകത്തിലായിരുന്നു ദ്രാവിഡ രാഷ്ട്രീയത്തിന്റെ സമീപകാല വികാസങ്ങൾ. മുഖ്യമന്ത്രി എ.കെ. സ്റ്റാലിന്റെ നേതൃത്വത്തിൽ ഭരണകക്ഷിയായ ഡി.എം.കെ ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി വളരുമ്പോൾ പ്രതിപക്ഷം തീർത്തും ദുർബലമായിരുന്നു. ജയലളിതയുടെ മരണത്തോടെ ഛിന്നഭിന്നമായ അണ്ണാ ഡി.എം.കെ ആൾകൂട്ടത്തെ നയിക്കാൻ ശേഷിയുള്ള നായകനില്ലാതെ തരിപ്പണമായി. എടപ്പാടി പളനി സ്വാമിയും ഒ. പനീർ ശെൽവവുമെല്ലാം പല സംഘങ്ങളായി. അണ്ണാ ഡി.എം.കെ ദുർബലമായ പഴുതിലൂടെ രാഷ്ട്രീയ ശക്തിയാവാൻ ബി.ജെ.പി സകല അടവുകളും പയറ്റിയെങ്കിലും മതേതര ചിന്തകൾക്ക് മുൻതൂക്കമുള്ള ദ്രാവിഡ മണ്ണിൽ ആ വിഭാഗീയ ചിന്തകൾക്ക് വേരുപിടിച്ചില്ല. മുൻ ഐ.പി.എസുകാരനായ അണ്ണാമലൈയെ പാർട്ടി സംസ്ഥാന പ്രസിഡന്റായി നിയമിച്ച്, 2024 ലോക്സഭ തെരഞ്ഞെടുപ്പിൽ പൊടിപാറിയ പ്രചാരണം കാഴ്ചവെച്ചുവെങ്കിലും ദ്രാവിഡ മണ്ണിൽ താമര വിടരാതെ പോയി.
മാറിമാറിഞ്ഞ പരീക്ഷണങ്ങൾ ഏറെ കണ്ട ദ്രാവിഡ നാട്ടിൽ ഇതിനിടെയാണ് വിജയുടെ രാഷ്ട്രീയ രംഗ പ്രവേശം സംഭവിക്കുന്നത്.
ബിഗ് സ്ക്രീനിൽ ആരാധകരെ ത്രസിപ്പിക്കുന്ന ഡയലോഗുകളും, അമാനുഷിക പ്രകടനങ്ങളും കാഴ്ചവെച്ച നായിക-നായകന്മാർ രാഷ്ട്രീയ കളത്തിലിറങ്ങുന്നത് തമിഴക മണ്ണിൽ പുത്തരിയല്ല. എം.ജി.ആറും ജയലളിതയും മുതൽ കമൽ ഹാസനും വിജയ്കാന്തും സീമാനും വരെ നീണ്ടു കിടക്കുന്ന നിരയിൽ പുതിയ രംഗപ്രവേശമായിരുന്നു സ്വന്തം രാഷ്ട്രീയ പാർട്ടിയുമായി വിജയുടെ വരവ്.
ദ്രാവിഡ രാഷ്ട്രീയം, ഒപ്പം അംബേദ്കറും മാർക്സിസവും
രാഷ്ട്രീയ ബദൽ തേടുന്ന ജനങ്ങൾക്കിടയിലേക്ക് ദ്രാവിഡ രാഷ്ട്രീയം ആവർത്തിച്ചുകൊണ്ടായിരുന്നു വിജയുടെ വരവ്. 2024 ഫെബ്രുവരിയിൽ പാർട്ടി പ്രഖ്യാപിച്ച താരം, ശ്രദ്ധേയമായ ജനകീയ പ്രക്ഷോഭങ്ങളിൽ നിലപാട് പ്രഖ്യാപിച്ചുകൊണ്ട് കടന്നുവരവ് അറിയിച്ചു. എന്നാൽ, സിനിമ പോലെ എളുപ്പമല്ല രാഷ്ട്രീയ യാത്രയെന്ന് ആദ്യത്തിൽ തന്നെ ബോധ്യമായി. ഡി.എം.കെയുടെയും അണ്ണാ ഡി.എം.കെയുടെയും രാഷ്ട്രീയ ആചാര്യനായ പെരിയാറിനെ കൂട്ടിപിടിച്ച് ദ്രാവിഡ രാഷ്ട്രീയവും ഒപ്പം മാർക്സിസവും അംബേദ്കറിസവും പറഞ്ഞ് ‘ലെഫ്റ്റ് ഓഫ് സെന്റർ’ രാഷ്ട്രീയ നിലപാടാണ് തങ്ങളുടേതെന്ന് പ്രഖ്യാപിച്ചു. കഴിഞ്ഞ സെപ്റ്റംബറിൽ വില്ലുപുരത്തെ വിക്രവണ്ടിയിൽ നടന്ന പ്രഥമ പാർട്ടി സമ്മേളനത്തിൽ 80,000ത്തോളം പ്രവർത്തകരെ എത്തിച്ച്, തന്നെ അവഗണിച്ച രാഷ്ട്രീയ മുന്നണികൾക്കുള്ള മുന്നറിയിപ്പും വിജയ് നൽകി.
പിന്നാലെ, മധുരയിൽ നടന്ന രണ്ടാം സമ്മേളനത്തിലും പതിനായിരങ്ങൾ ഒഴുകിയെത്തി. മുൻകൂട്ടി തയാറാക്കിയ പ്രസംഗങ്ങളുമായി ഡി.എം.കെയെയും ബി.ജെ.പിയെയും കടന്നാക്രമിച്ച വിജയ് സംസ്ഥാനത്തെയും കേന്ദ്രത്തിലെയും ഭരണ കക്ഷികളാണ് തന്റെ ശത്രുപക്ഷമെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. എതിരാളികളെ ആക്രമിച്ചും, സിനിമാ സ്റ്റൈൽ ഡയലോഗുകൾ കോർത്തിണക്കി പ്രസംഗിച്ചും അദ്ദേഹം ആരാധകരുടെ ആവേശത്തിന് സിനിമയിലെന്ന പോലെ തീപടർത്തി.
സംസ്ഥാന തല പ്രചാരണ പ്രഖ്യാപനത്തിനു ശേഷം, തന്റെ ഫാൻസ് അസോസിയേഷനുകളെ ചേർത്തുവെച്ച് ജില്ലാ ഘടകങ്ങൾ രൂപവത്കരിച്ച് താഴെത്തട്ടിലേക്കും സജീവമാകാൻ ആരംഭിച്ചു. അതുവരെ അവഗണിക്കാൻ നിർദേശിച്ച ഡി.എം.കെക്കും പക്ഷേ, പിന്നീട് പലയിടങ്ങളിലും മറുപടിയുമായി രംഗത്തിറങ്ങേണ്ടി വന്നു. ഒടുവിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ തന്നെ അവസരം കിട്ടുമ്പോൾ ഒളിയമ്പുകളെയ്ത് വിജയ് യിന് മറുപടി നൽകിയത് തമിഴക രാഷ്ട്രീയത്തിൽ നിഷേധിക്കാനാവാത്ത ശക്തിയായി അദ്ദേഹം വളർന്നുവെന്നതിന്റെ സാക്ഷ്യമായിരുന്നു.
ജില്ലാ തല റാലികൾക്ക് തുടക്കം കുറിച്ചപ്പോൾ കടുത്ത ഉപാധികളോടെയായിരുന്നു പൊലീസ് അനുമതി നൽകിയത്. പാർട്ടി പ്രവർത്തനം തടസ്സപ്പെടുത്താനുള്ള ഡി.എം.കെ ശ്രമമാണെന്ന് ആരോപിച്ച് ടി.വി.കെ ഇതിനെ ചോദ്യം ചെയ്ത് ഹൈകോടതി വരെയെത്തി.
അടുത്ത നിയസഭ തെരഞ്ഞെടുത്തിൽ ടി.വി.കെ അധികാരത്തിൽ വരുമെന്നുള്ള പ്രഖ്യാപനവുമായാണ് ഇപ്പോൾ വിജയ് സംസ്ഥാന തലത്തിലെ സജീവ പര്യടനത്തിനായി രംഗത്തിറങ്ങിയത്. 2026ൽ ഡി.എം.കെയും ടി.വി.കെയും തമ്മിലാണ് മത്സരമെന്ന് ആവർത്തിച്ചു പറഞ്ഞ വിജയ്, അണ്ണാ ഡി.എം.കെ തമിഴക രാഷ്ട്രീയത്തിൽ അപ്രസക്തമായെന്നും പരോക്ഷമായ സന്ദേശം നൽകുകയായിരുന്നു.
ദ്രാവിഡ മണ്ണിലെ കോർപറേറ്റ് പൊളിറ്റിക്സ്
മുക്കാൽ നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി ദ്രാവിഡ രാഷ്ട്രീയത്തെ ഉഴുതുമറിച്ച ഡി.എം.കെയും, അരനൂറ്റാണ്ടോളം പരിചയ സമ്പത്തുള്ള അണ്ണാ ഡി.എം.കെയും മാറിമാറി ഭരിച്ച മണ്ണിൽ എന്താണ് വിജയ് മുന്നോട്ട് വെക്കുന്ന സന്ദേശമെന്നതായിരുന്നു ടി.വി.കെ രൂപവത്കരണം മുതൽ നേരിടുന്ന പ്രധാന ചോദ്യം.
പത്താം വയസ്സിൽ അഭിനയ ലോകത്തെത്തി, രാഷ്ട്രീയവും, തട്ടുപൊളിപ്പൻ റൊമാന്റിക് ചിത്രങ്ങളും ക്രൈം ത്രില്ലറുമായി ആരാധകരെ സൃഷ്ടിച്ച സിനിമാ താരത്തിൽ നിന്നും പക്വതയും പരിചയ സമ്പത്തുമുള്ള രാഷ്ട്രീയ നായകനാവാൻ വിജയിന് കഴിഞ്ഞിട്ടില്ലെന്ന് തെളിയിക്കുന്നതായി ശനിയാഴ്ച രാത്രിയിൽ കൂരിൽ നടന്ന ദുരന്തം. 39 പേരുടെ മരണത്തിനും 50 പേർക്ക് പരിക്കേൽക്കാനും ഇടയായ ദുരന്തത്തിന്റെ പ്രധാന കാരണക്കാരനായി വിരൽചൂണ്ടുന്നതും വിജയിലേക്കാണ്. അതിനുള്ള കാരണങ്ങളും ഏറെയുണ്ട് താനും.
ജില്ലാ പ്രചാരണങ്ങളുടെ ഭാഗമായി നാമക്കല്ലിലെ റാലിയിൽ പങ്കെടുത്ത ശേഷം ഏഴു മണിക്കൂറോളം വൈകി കരൂരിലെ റാലിയിലേക്കെത്തിയതിനു പിന്നാലെയായിരുന്നു ദുരന്തം സംഭവിക്കുന്നത്. വിജയ് സംസാരിച്ച് തുടങ്ങുമ്പോൾ തന്നെ ചുറ്റിലുമായി കാത്തിരുന്ന അരലക്ഷത്തോളം വരുന്ന ജനക്കൂട്ടം ഇരമ്പി. വെള്ളവും ഭക്ഷണവുമില്ലാതെ ഏഴു മണിക്കൂർ കാത്തിരുന്ന അനുയായികൾക്ക് പിടിച്ചു നിൽക്കാൻ പോലും കഴിയാത്തവിധമായിരുന്നു തിരക്ക്. ഈ ഘട്ടത്തിൽ, മുന്നിലെ പതിനായിരങ്ങൾ ഏതു നിമിഷവും ഒരു ദുരന്തമായി മാറാനുള്ള സാഹചര്യം മനസ്സിലാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. അത്തരമൊരു നേതാവ്, എങ്ങനെ നാടിനെ നയിക്കുന്ന ലീഡറായി മാറുമെന്നായിരുന്നു വിമർശകർ ഉയർത്തിയ പ്രധാന ചോദ്യങ്ങളിൽ ഒന്ന്.
തന്നെ കാണാനെത്തിയവർ തിക്കിലും തിരക്കിലും പെട്ട് ശ്വാസം കിട്ടാതെ കുഴഞ്ഞു വീഴുമ്പോഴും ജീവനായി പിടയുമ്പോഴും ടി.വി.കെ നേതാവ് സംഭവ സ്ഥലത്തു നിന്നും വേഗത്തിൽ രക്ഷപ്പെടുകയായിരുന്നു. പൊലീസും പ്രവർത്തകരും പരിക്കേറ്റവരെ ആംബുലൻസിൽ വാരിയിട്ട് ആശുപത്രിയിലേക്ക് കുതിക്കുമ്പോൾ വിജയ് തിരക്കിട്ട് വിമാനത്താവളത്തിലെത്തി ചൈന്നൈയിലെ വീട്ടിലെ സുരക്ഷക്കുള്ളിൽ അഭയം തേടിയതും വിമർശിക്കപ്പെട്ടു. പ്രവർത്തകരെ കാണാനോ, ആശ്വസിപ്പിക്കാനോ കാത്തിരിക്കാതെ മുങ്ങിയ താരം അനുശോചന സന്ദേശം സാമൂഹിക മാധ്യമം വഴി പങ്കുവെക്കാനും മണിക്കൂറുകളെടുത്തു.
മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ഉപമുഖ്യമന്ത്രി ഉദയനിധിയും മന്ത്രിമാരും ഉൾപ്പെടെ നേതാക്കൾ സംഭവ സ്ഥലത്തേക്ക് കുതിച്ചെത്തിയപ്പോഴാണ് വിജയ് യുടെ മുങ്ങലെന്നതും രാഷ്ട്രീയ വിമർശകർ ഇനിയുള്ള ദിനം പ്രധാന ആയുധമാക്കി മാറ്റും.
പരിചയ സമ്പന്നരില്ല; തീരുമാനങ്ങളെല്ലാം ഒറ്റത്തലയിൽ
19 മാസം മാത്രം പ്രായമുള്ള ടി.വി.കെയുടെ എല്ലാ തീരുമാനങ്ങളും രാഷ്ട്രീയത്തിൽ പുതുമുഖമായ വിജയുടേതാണ്. പരിചയ സമ്പന്നർ നയിക്കുന്ന രാഷ്ട്രീയ കളത്തിൽ ടി.വി.കെക്ക് നേതൃത്വം നൽകാനോ, വിജയിനെ ഉപദേശിക്കാനോ കളിയറിയുന്ന രാഷ്ട്രീയക്കാരനില്ലെന്നും വിമർശിക്കപ്പെടുന്നു. പുതുച്ചേരിയിൽ എൻ.ആർ കോൺഗ്രസ് ടിക്കറ്റിൽ ഒരു തവണ എം.എൽ.എ ആയ എൻ. ആനന്ദയാണ് ടി.വി.കെ ജനറൽ സെക്രട്ടറി. മുമ്പ് വി.സി.കെ ഭാരവാഹിയായിരുന്ന വ്യവസായി ആദവ് അർജുൻ, ചലച്ചിത്ര താരം രാജ് മോഹൻ, മുൻ ഐ.ആർ.എസ് ഉദ്യോഗസ്ഥൻ കെ.ജി അനുരാജ്, അണ്ണാ ഡി.എം.കെ ഐ.ടി വിങ് ഭാരവാഹിയായ സി.ടി.ആർ. നിർമൽ കുമാർ എന്നിവരാണ് പാർട്ടിയുടെ നേതൃത്വം. രാഷ്ട്രീയ പരിചയമുള്ളവർ കുറവ്. ഏറെയും പ്രഫഷണലുകളും, ഫാൻസ് അസോസിയേഷൻ ഭാരവാഹികളും. കാര്യമായ രാഷ്ട്രീയ പരിചയമോ അനുഭവ സമ്പത്തോ പറയാനുള്ള നേതാക്കളാരും പാർട്ടിയിലില്ല. അതേസമയം, കോർപറേറ്റ് ശൈലിയിലെ തീരുമാനങ്ങൾ പിന്തുടർന്നപ്പോൾ വീഴ്ചകളും ഏറെയായി.
വിക്രവണ്ടിയിൽ നടന്ന പ്രഥമ സമ്മേളനത്തിൽ ഭക്ഷണവും വെള്ളവും കിട്ടാതെ നിരവധി പേർ വലഞ്ഞപ്പോൾ, അതിന് അടുത്ത സമ്മേളനത്തിൽ പരിഹാരമുണ്ടാക്കിയെങ്കിലും ജില്ലാ റാലികളിൽ എല്ലാം മറന്നത് തിരിച്ചടിയായി. വിജയിനു വൻ സുരക്ഷ ഒരുക്കുമ്പോൾ പ്രവർത്തകർക്ക് യാതൊരു സുരക്ഷയോ മുൻകരുതലോ ഉണ്ടാവുന്നില്ലെന്നും വിമർശനമുയർന്നു.
വിജയ് വീണാൽ തിരിച്ചടി ബി.ജെ.പിക്ക്
ഒന്നര വർഷത്തെ പ്രായം മാത്രമുള്ള ‘തമിഴക വെട്രി കഴകം’(ടി.വി.കെ)യുടെ സാന്നിധ്യം തെരഞ്ഞെടുപ്പിൽ ഏത് വിധത്തിലാവും ബാധിക്കുകയെന്ന ആശങ്ക തമിഴ്നാട്ടിലെ മുഴുവൻ രാഷ്ട്രീയ കക്ഷികൾക്കുമുണ്ട് എന്നത് വസ്തുതയാണ്. വിജയ് യെ കാണാനെത്തുന്ന ആരാധകരുടെയും യുവജനങ്ങളുടെയും പ്രവാഹം തന്നെ ആശങ്കയുടെ പ്രധാന കാരണം. അതു മുഴുവൻ വോട്ടായി മാറില്ലെങ്കിലും ടി.വി.കെ 15 ശതമാനം വോട്ടെങ്കിലും നേടുമെന്നാണ് ബി.ജെ.പി ഉൾപ്പെടെ കക്ഷികളുടെ കണക്കുകൂട്ടൽ.
അവരെ കൂടി ഒപ്പം ചേർത്താൽ സ്റ്റാലിനെ ഭരണത്തിൽനിന്ന് അകറ്റാമെന്ന മോഹത്തിൽ ടി.വി.കെയെ എൻ.ഡി.എയിലെത്തിക്കാനുള്ള നീക്കങ്ങളുമായി ബി.ജെ.പിയുടെ ദൂതന്മാർ ഇതിനകം ബന്ധപ്പെട്ടിരുന്നുവെങ്കിലും വിജയ് വഴങ്ങിയിട്ടില്ല. തങ്ങളുടെ പ്രത്യയശാസ്ത്ര ശത്രു ബി.ജെ.പിയും മുഖ്യ രാഷ്ട്രീയ എതിരാളി ഡി.എം.കെയുമാണെന്നും ടി.വി.കെയും ഡി.എം.കെയും തമ്മിലായിരിക്കും മുഖ്യ മത്സരമെന്നുമാണ് അദ്ദേഹം പറയുന്നത്. ഡി.എം.കെ സഖ്യത്തിന് ലഭിക്കുമായിരുന്ന ന്യൂനപക്ഷ വോട്ടുകളിൽ നിശ്ചിത ശതമാനം ടി.വി.കെ പിടിക്കുമെന്ന് എൻ.ഡി.എ നേതൃത്വം കരുതുമ്പോൾ കുറുക്കന്റെ കൗശലത്തോടെ കാത്തിരിക്കുകയാണ് അവർ.
അതിനിടെയാണ് ടി.വി.കെയുടെ ഭാവി തന്നെ പ്രതിസന്ധിയിലാക്കുന്ന കരൂരിലെ ദുരന്തം. പൊലീസിനെ കുറ്റപ്പെടുത്തി, വിജയ് യെ കുറിച്ച് മൗനം പാലിച്ചുകൊണ്ടുള്ള ബി.ജെ.പിയുടെ പ്രതികരണവും ശ്രദ്ധേയമാണ്. എന്നാൽ, ദുരന്തത്തെ രാഷ്ട്രീയ ആയുധമാക്കാതെ പക്വതയോടെയായിരുന്നു മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ പ്രതികരണം. ജുഡീഷ്യൽ കമീഷന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്നായിരുന്നു കുരൂർ സന്ദർശിച്ച സ്റ്റാലിൻ പ്രതികരിച്ചത്.