Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ഇതെന്റെ നാട് പോലെ...

‘ഇതെന്റെ നാട് പോലെ അനുഭവപ്പെടുന്നു’; ഊഷ്മള സ്വീകരണത്തിന് നന്ദി പറഞ്ഞ് താലിബാൻ മന്ത്രി

text_fields
bookmark_border
Maulvi Attaullah Omari
cancel
camera_alt

മൗലവി അതാഉല്ല ഉമരി

ന്യൂഡൽഹി: ഇന്ത്യ നൽകിയ ഊഷ്മള സ്വീകരണത്തിന് നന്ദി അറിയിച്ച് ആദ്യമായി ഇന്ത്യാ സന്ദർശനത്തിനെത്തിയ അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തിലെ കൃഷി, ജലസേചന, കന്നുകാലി വികസന മന്ത്രി മൗലവി അതാഉല്ല ഉമരി. കാർഷിക മേഖലയെ ആധുനികവത്കരിക്കുന്നതിന് ഇന്ത്യയുടെ പിന്തുണ അനിവാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വിദേശകാര്യ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇന്ത്യ–അഫ്ഗാനിസ്ഥാൻ ട്രേഡ് ഓപ്പർച്യൂണിറ്റീസ് ഇൻഡസ്ട്രി ഇന്ററാക്ടീവ് സെഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലേക്കുള്ള തന്റെ ആദ്യ സന്ദർശനമാണിതെന്ന് പറഞ്ഞ ഉമരി, ഡൽഹിയിൽ എത്തിയ നിമിഷം മുതൽ ഇന്ത്യൻ സർക്കാർ, വിദേശകാര്യ മന്ത്രാലയം, കൂടിക്കാഴ്ച നടത്തിയ ഉദ്യോഗസ്ഥർ എന്നിങ്ങനെ എല്ലാവരും നൽകിയ സ്വീകരണം ഏറെ ഹൃദയസ്പർശിയായിരുന്നുവെന്ന് പറഞ്ഞു.

ഇന്ത്യയിൽ എത്തിയ ആദ്യ ദിവസം മുതൽ എനിക്ക് ലഭിച്ചത് അതിയായ സ്നേഹപൂർവമായ സ്വീകരണമാണ്. ഇവിടെയെത്തിയപ്പോൾ സ്വന്തം നാട്ടിലാണെന്ന അനുഭവമാണ് ഉണ്ടായത്. സ്വന്തം ജനങ്ങൾക്കിടയിലാണെന്ന തോന്നലാണ് ഉണ്ടായത്. നമ്മുടെ ഡി.എൻ.എ ഒന്നാണെന്ന വികാരമാണുള്ളത് -അദ്ദേഹം പറഞ്ഞു. ഇന്ത്യ നൽകിയ ഈ സ്വീകരണം അഫ്ഗാൻ ജനതക്ക് പ്രത്യാശ പകരുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അഫ്ഗാനിസ്ഥാനിലെ 80 ശതമാനത്തിലധികം ജനങ്ങളും കൃഷി, ജലസേചനം, കന്നുകാലി വളർത്തൽ എന്നീ മേഖലകളെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ഇനി ഈ മേഖലകളെ പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ആധുനികവത്കരിക്കേണ്ട സമയമാണ്. അഫ്ഗാനിസ്ഥാൻ ലോകോത്തര നിലവാരമുള്ള പഴങ്ങൾ ഉൽപാദിപ്പിക്കുന്ന രാജ്യമാണെങ്കിലും, വിളവെടുപ്പ്, വിളസംരക്ഷണം, സംഭരണം, വിപണനം എന്നിവയിൽ ആധുനിക സംവിധാനങ്ങളും കർഷകർക്ക് ആവശ്യമായ പരിശീലനവും ഇപ്പോഴും പര്യാപ്തമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്തിന്റെ വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് മുന്നോട്ടുകൊണ്ടുപോകാൻ നിലവിലെ അഫ്ഗാൻ ഭരണകൂടം ശ്രമിക്കുന്നുണ്ടെന്നും സാമ്പത്തിക വളർച്ചയും കാർഷിക പുരോഗതിയും ലക്ഷ്യമിട്ട് വിദേശ രാജ്യങ്ങളുടെ സഹകരണം തേടുകയാണെന്നും ഉമരി വ്യക്തമാക്കി.

അതേസമയം, ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യ–അഫ്ഗാനിസ്ഥാൻ സംയുക്ത സമിതിയുടെ നാലാമത് യോഗം വ്യാഴാഴ്ച ന്യൂഡൽഹിയിൽ ചേർന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്ര സഹകരണ വിഷയങ്ങൾ യോഗത്തിൽ അവലോകനം ചെയ്തതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

അഫ്ഗാൻ മന്ത്രി കേന്ദ്ര കൃഷി-കർഷക ക്ഷേമ, ഗ്രാമവികസന മന്ത്രി ശിവരാജ് സിങ് ചൗഹാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയിൽ നിലവിലുള്ള കാർഷിക സഹകരണം വിലയിരുത്തുകയും പുതിയ സഹകരണ സാധ്യതകൾ ചർച്ച ചെയ്യുകയും ചെയ്തു. ഗോതമ്പ്, ചോളം, ഉരുളക്കിഴങ്ങ് വിത്തുകൾ, കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കാൻ കഴിയുന്ന ഇനങ്ങൾ, പോഷകസമ്പുഷ്ട വിളവർഗങ്ങൾ എന്നിവ നൽകുന്നതിനും ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് സ്ഥാപനങ്ങളുടെ ശാസ്ത്രീയ വൈദഗ്ധ്യം ഉപയോഗപ്പെടുത്തി അഫ്ഗാനിസ്ഥാന്റെ വിത്ത് സംവിധാനവും കാർഷിക ഉൽപാദനവും ശക്തിപ്പെടുത്തുന്നതിനും ഇന്ത്യ സന്നദ്ധമാണെന്ന് ശിവരാജ് സിങ് ചൗഹാൻ അറിയിച്ചിട്ടുണ്ട്.

Show Full Article
TAGS:Afghan minister India bilateral talks india visit Ministry of External Affairs New Delhi 
News Summary - Afghan Minister lauds India's hospitality
Next Story