400ൽനിന്ന് ചർച്ച 272ൽ; ആദ്യഘട്ട വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ ബി.ജെ.പിയുടെ മൂന്നാമൂഴ സ്വപ്നത്തിന് മങ്ങൽ
text_fieldsവോട്ടെടുപ്പ് കഴിഞ്ഞ് വോട്ടുയന്ത്രങ്ങളും വിവിപാറ്റ് മെഷീനുകളും സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂം മധുര കലക്ടർ എം.എസ് സംഗീത സന്ദർശിക്കുന്നു
ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം കഴിഞ്ഞപ്പോൾ 400 സീറ്റെന്ന ബി.ജെ.പിയുടെ അവകാശവാദം പിന്തള്ളി ചർച്ച 272 സീറ്റിലേക്ക്. 543 അംഗ ലോക്സഭയിൽ കേവല ഭൂരിപക്ഷത്തിന് വേണ്ട സംഖ്യയാണ് 272. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 303 സീറ്റ് പിടിച്ച ബി.ജെ.പിക്ക് ഇത്തവണ ഒറ്റക്ക് കേവല ഭൂരിപക്ഷം നേടാൻ കെൽപുണ്ടോ എന്ന സംശയമാണ് ശക്തം.
പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന ബി.ജെ.പിയെ നേരിടാൻ ചിതറിനിൽക്കുന്ന പ്രതിപക്ഷത്തിന് ശക്തി പോരെന്ന കാഴ്ചപ്പാടുമൂലം ഇത്തവണത്തെ തെരഞ്ഞെടുപ്പ് മോദി സർക്കാറിന്റെ മൂന്നാമൂഴത്തിനുള്ളതാണെന്ന കാഴ്ചപ്പാട് മാസങ്ങൾക്കുമുമ്പേ പരന്നിരുന്നു. അയോധ്യയിലെ പ്രാണപ്രതിഷ്ഠയുടെ ആരവങ്ങൾ 400 മറികടക്കുമെന്ന വാദമുയർത്താൻ മോദിയെ പ്രേരിപ്പിക്കുകയും ചെയ്തു. എന്നാൽ, ആദ്യഘട്ടത്തിനൊപ്പം തുടർന്നുള്ള ഘട്ടങ്ങളിലും ബി.ജെ.പി നേരിടുന്നത് കടുത്ത വെല്ലുവിളിയാണ്.
സംഘടന ശക്തി, പണം, അധികാരം എന്നിവ വഴി തെരഞ്ഞെടുപ്പു കളത്തിൽ തലപ്പൊക്കം ബി.ജെ.പിക്കുതന്നെ. എന്നാൽ, ഗുജറാത്തും മധ്യപ്രദേശും ഒഴികെ എല്ലായിടത്തും പ്രതിപക്ഷം ഒറ്റക്കോ സംയുക്തമായോ ബി.ജെ.പിയെ വെല്ലുവിളിക്കുന്നു. യു.പിയും ബിഹാറും അടക്കം കഴിഞ്ഞതവണ പരമാവധി സീറ്റ് പിടിച്ച സംസ്ഥാനങ്ങളിൽ സീറ്റ് ചോർച്ച ഭയക്കുന്ന ബി.ജെ.പിക്ക് മഹാരാഷ്ട്ര, കർണാടക, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലും തിരിച്ചടി നേരിടേണ്ടിവരുമെന്ന് വ്യക്തമാണ്. സഖ്യങ്ങളും ജാതി-സമുദായ സമവാക്യങ്ങളും പാളുന്നുണ്ട്. ഇത് കേവല ഭൂരിപക്ഷത്തിന് താഴേക്ക് ബി.ജെ.പിയെ കൊണ്ടുപോയേക്കാമെന്നാണ് കാഴ്ചപ്പാടുകൾ.
പ്രധാന പ്രതിയോഗിയായ കോൺഗ്രസ് തെക്കേന്ത്യയിൽ മെച്ചപ്പെട്ട പ്രകടനം നടത്തുന്നുണ്ടെങ്കിലും ദേശീയതലത്തിൽ സീറ്റെണ്ണം 52ൽനിന്ന് മൂന്നക്കത്തിലേക്ക് ഉയർത്താൻ അവർക്കു കഴിയുമോ എന്ന സന്ദേഹം പ്രതിപക്ഷ ക്യാമ്പിലുണ്ട്. എന്നാൽ, പ്രാദേശിക പാർട്ടികൾ കൈമെയ് മറന്ന പോരാട്ടത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കേന്ദ്രീകരിച്ചു നിൽക്കുന്ന ബി.ജെ.പിയുടെ തെരഞ്ഞെടുപ്പു പ്രചാരണവും ‘മോദി ഗാരന്റി’യുമാകട്ടെ, മുമ്പത്തെപ്പോലെ ഏശുന്നുമില്ല.
അയോധ്യ, ഏക സിവിൽ കോഡ്, ജമ്മു-കശ്മീരിന്റെ 370ാം വകുപ്പ്, പൗരത്വ നിയമ ഭേദഗതി എന്നീ വിഭാഗീയ അജണ്ടകൾ യഥേഷ്ടം പ്രചാരണവേദികളിൽ പ്രയോഗിച്ച് തെരഞ്ഞെടുപ്പുരംഗം വിഭാഗീയ-വൈകാരികതയുടേതാക്കാൻ മോദിതന്നെ ശ്രമിക്കുന്നുണ്ട്. എന്നാൽ, ഇലക്ടറൽ ബോണ്ടിലെ സുപ്രീംകോടതി വിധിയോടെ ബി.ജെ.പിയുടെ വഴിവിട്ട കളികൾ തുറന്നുകാണിക്കപ്പെട്ടെന്നും മോദിയുടെ തളർച്ച കൂടുതൽ പ്രകടമായെന്നുമാണ് വിലയിരുത്തൽ.
രക്ഷകവേഷത്തിൽ 10 വർഷമായി ദേശീയരാഷ്ട്രീയം നിയന്ത്രിച്ചുവരുന്ന മോദിയുടെ താരമൂല്യത്തിനും സ്വന്തം വോട്ടുബാങ്കിനുള്ളിലെ വിശ്വാസ്യതക്കുമാണ് മങ്ങലേറ്റത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റു ചെയ്തത് പ്രതികാര രാഷ്ട്രീയമാണെന്ന് വിധിയെഴുതപ്പെടുകയും ചെയ്തു. ഇത് മറികടക്കാനുള്ള തന്ത്രങ്ങളില്ലാത്ത സ്ഥിതിയാണിപ്പോൾ. മുൻ തെരഞ്ഞെടുപ്പുകളിൽനിന്ന് ഭിന്നമായി പ്രാദേശിക ഭാഷാമാധ്യമങ്ങൾക്കും അഭിമുഖം നൽകുന്നതടക്കം മോദിയുടെ ദുർബലമുഖം കൂടുതൽ തെളിഞ്ഞുവരുന്നു.
പ്രതിപക്ഷമാകട്ടെ, ഒറ്റക്കും കൂട്ടായും മോദിയുടെ 10 വർഷത്തെ ഭരണം പ്രചാരണവേദികളിൽ വിചാരണ ചെയ്യുകയാണ്. വിലക്കയറ്റവും തൊഴിലില്ലായ്മയും രൂക്ഷമായ സാഹചര്യങ്ങൾ വോട്ടറെ വിലയിരുത്തലിന് പ്രേരിപ്പിക്കുകയും ചെയ്യുന്നു. ബി.ജെ.പിയുടെ രാഷ്ട്രീയ സന്ദേശം വോട്ടറെ ഉദ്ദേശിച്ചപോലെ പ്രചോദിപ്പിക്കുന്നില്ല. ആക്രമണരീതി വിട്ട് ഇലക്ടറൽ ബോണ്ട്, ഭരണഘടന തിരുത്തൽ നീക്കം തുടങ്ങിയ വിഷയങ്ങളെ പ്രതിരോധിക്കേണ്ട സ്ഥിതിയിലേക്ക് ബി.ജെ.പിയും മോദിയും എത്തിയിട്ടുമുണ്ട്.