മഹന്തയെ തഴഞ്ഞ്, ബർഹംപുർ ബി.ജെ.പിക്ക് അടിയറവെച്ച് അസം ഗണ പരിഷത്
text_fieldsപ്രഫുല്ല കുമാർ മഹന്ത
ഗുവാഹതി: അസം ഗണ പരിഷത് (എ.ജി.പി) സ്ഥാപക അധ്യക്ഷനും രണ്ടുവട്ടം സംസ്ഥാന മുഖ്യമന്ത്രിയുമായിരുന്ന പ്രഫുല്ല കുമാർ മഹന്തയെ തഴഞ്ഞ് എ.ജി.പി സ്ഥാനാർഥിപ്പട്ടിക.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ(സി.എ.എ) ശക്തമായ നിലപാടെടുത്തതാണ് മഹന്ത തഴയപ്പെടാൻ കാരണമായി പറയുന്നത്. 1985 മുതൽ എം.എൽ.എയായ മഹന്ത, 1991 മുതൽ ജയിച്ചുവരുന്ന ബർഹാംപുർ ബി.ജെ.പിക്ക് വിട്ടുകൊടുക്കാനും സഖ്യകക്ഷിയായ എ.ജി.പി തീരുമാനിച്ചു.
പാർട്ടിയുടെ കടുത്ത തീരുമാനങ്ങളിൽ പ്രതിഷേധിച്ച് മഹന്ത കോൺഗ്രസ് സഖ്യത്തിൽ ചേരുമെന്ന അഭ്യൂഹം ശക്തമാണ്. 'നാളെവരെ കാത്തുനിൽക്കൂ'യെന്നാണ് മഹന്തയുടെ നിലപാട് ആരാഞ്ഞപ്പോൾ ഉറ്റ അനുയായി മാധ്യമങ്ങളോട് പ്രതികരിച്ചത്. അതേസമയം, സി.എ.എക്കെതിരായ തെൻറ നിലപാടിൽ മാറ്റമില്ലെന്ന് 69കാരനായ മഹന്ത ഗുവാഹതിയിൽ പറഞ്ഞു.
ജിതു ഗോസ്വാമിയാണ് ബർഹാംപുരിലെ ബി.ജെ.പി സ്ഥാനാർഥി. മഹന്തയുടെ അഭിപ്രായംതേടിയ ശേഷമാണോ സീറ്റ് ബി.ജെ.പിക്ക് കൈമാറിയതെന്ന ചോദ്യത്തോട് പാർട്ടി പ്രസിഡൻറ് അതുൽ ബോറ പ്രതികരിച്ചില്ല. സി.എ.എക്കെതിരായ മഹന്തയുടെ എതിർപ്പല്ല സീറ്റ് നിഷേധിക്കപ്പെടാൻ കാരണമെന്നും അദ്ദേഹത്തിെൻറ ആരോഗ്യസ്ഥിതി ഇപ്പോൾ മോശമാണെന്നും ബോറ പറഞ്ഞു.
അഞ്ചുവട്ടം എം.എൽ.എയായിരുന്ന പാർട്ടി മുൻ അധ്യക്ഷൻ ബൃന്ദാവൻ ഗോസ്വാമിയേയും എ.ജി.പി സ്ഥാനാർഥിപ്പട്ടികയിൽനിന്ന് ഒഴിവാക്കി. നിലവിൽ തേസ്പുർ എം.എൽ.എയാണ് ഗോസ്വാമി. ഇത്തവണ 26 സീറ്റിൽ മത്സരിക്കുന്ന പാർട്ടി എട്ടു സീറ്റിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
അതുൽ ബോറ ബൊകാഹതിലും വർക്കിങ് പ്രസിഡൻറ് കേശബ് മഹന്ത കലിയാബോറിലും ജനവിധി തേടും. ബി.ജെ.പി 70 സീറ്റിൽ മത്സരിക്കുേമ്പാൾ മറ്റൊരു സഖ്യകക്ഷിയായ യുനൈറ്റഡ് പീപിൾസ് പാർട്ടി ലിബറൽ(യു.പി.പി.എൽ) എട്ടു സീറ്റിലും മത്സരിക്കും. ബി.ജെ.പി 11 പുതുമുഖങ്ങളെ നിർത്തിയിട്ടുണ്ട്.
2001 മുതൽ കോൺഗ്രസിെൻറ കുത്തകയായ തിത്തബോർ പിടിച്ചെടുക്കാനും ബി.ജെ.പി കരുനീക്കുന്നുണ്ട്. മുൻ മുഖ്യമന്ത്രി, അന്തരിച്ച തരുൺ ഗൊഗോയ് 1991 മുതൽ തുടർച്ചയായി ജയിക്കുന്ന മണ്ഡലമാണ് തിത്തേബാർ. ഭാസ്കർ ജ്യോതി ബറുവയെയാണ് ഇത്തവണ കോൺഗ്രസ് തിത്തബോറിൽ മത്സരിപ്പിക്കുന്നത്.
ലോക്സഭയിലെ കോൺഗ്രസ് ഉപനേതാവും തരുൺ ഗൊഗോയിയുടെ മകനുമായ ഗൗരവ് ഗൊഗോയ് ഇവിടെ ജനവിധിതേടാൻ എത്തുമെന്ന അഭ്യൂഹം ശക്തമാണ്.